ചിറ്റൂർ: ഉല്പാദനം വർദ്ധിപ്പിക്കാൻ നിലവിലെ കൃഷിരീതിയുടെ സമ്പ്രദായത്തിൽ മാറ്റംവരുത്തി ശാസ്ത്രീയ കൃഷിരീതിയിലേക്ക് മാറണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റേയും ആത്മ പാലക്കാടിന്റേയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഏകദിന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പച്ചക്കറി കൃഷി മേഖലയിൽ പ്രൊഡക്ഷൻ പ്ലാൻ തയ്യാറാക്കി അതനുസരിച്ച് കൃഷിയിറക്കണം. ഒരേ മേഖലയിലെ കർഷകർ ഒരേ സമയം ഒരേ തരം കൃഷിയിറക്കാതെ ഓരോറുത്തരും വിവിധതരം കൃഷിയിറക്കാനുള്ള പ്ലാൻ തയ്യാറാക്കിയാൽ എല്ലാ ഉല്പന്നങ്ങൾക്കും ന്യായമായ വില ലഭിക്കാനുള്ള അവസരം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രിചൂണ്ടി കാട്ടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:വി.മുരുകദാസ് അദ്ധ്യക്ഷനായി. ആത്മ പാലക്കാട് പ്രൊജക്ട് ഡയറക്ടർ കെ.ടി.ദീപ്തി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.മണി കുമാർ, പിൻസിപ്പൽ കൃഷി ഓഫീസർ എ.കെ. സരസ്വതി, ആത്മ സ്റ്റേറ്റ് കോഡിനേറ്റർ എസ്.ആഷ, എസ്.ഗുണേശേഖരൻ, അജി എസ്.ആനന്ദ്, വി.എം.ശ്രീദേവി എന്നിവർ സംസാരിച്ചു.
നരേന്ദ്രനാഥ് വെല്ലൂരി ഐ.എഫ്.എസ് സി.ഇ.ഒ (അനർട്ട്), ഡോ.സിന്ധു ഭാസ്ക്കർ (അസി. പ്രൊഫസർ കെ.സി.എ.ഇ.ടി, തവനൂർ) പി.രവികുമാർ, അഗ്രോണമി മാനേജർ നെറ്റാഫാം എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |