SignIn
Kerala Kaumudi Online
Friday, 19 April 2024 3.18 PM IST

ബേപ്പൂർ വാട്ടർഫെസ്റ്റ് രണ്ടാം സീസണ് തുടക്കം

beppur
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ആരംഭിച്ച സൈക്കിൾ സവാരി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

@ കേരളത്തിന്റെ ഭാവിയായി വിനോദസഞ്ചാരമേഖല മാറും: മന്ത്രി മുഹമ്മദ് റിയാസ്


ബേപ്പൂർ: കേരളത്തിന്റെ ഭാവിയായി വിനോദസഞ്ചാര മേഖല മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ വാട്ടർഫെസ്റ്റ് എല്ലാ വർഷവും നടത്തും. ടൂറിസത്തെ ശക്തിപ്പെടുത്തി കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഈ വർഷം സർവകാല റെക്കോർഡ് നേടിയെന്നും മന്ത്രി പറഞ്ഞു.

മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരുന്നു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയായി. വേദിയെ ഒന്നടങ്കം കൈയ്യിലെടുത്ത പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നേവൽ ബാന്റിന്റെ സംഗീത പരിപാടിയും അരങ്ങേറി.

രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ റഫീഖ്, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ. സി റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ കൃഷ്ണകുമാരി, ഡി.ഡി. സി കെ. എസ്. മാധവിക്കുട്ടി, കൗൺസിലർമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി സ്വാഗതവും അഡീഷണൽ ടൂറിസം ഡയറക്ടർ പ്രേംകൃഷ്ണൻ നന്ദിയും പറഞ്ഞു.

ബേപ്പൂരിന് നിറച്ചാർത്തായി ഘോഷയാത്ര

ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ബേപ്പൂരിന് നിറച്ചാർത്തായി. ഫിഷിംഗ് ഹാർബർ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ വർണാഭമായ മുത്തുക്കുടകളും ബലൂണുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുക്കണക്കിന് ആളുകൾ അണിനിരന്നു.

ഘോഷയാത്രയ്ക്ക് പൊലിമയേകാൻ ആവേശംനിറച്ച ചെണ്ടമേള, ബാൻഡ് വാദ്യം, കോൽക്കളി തുടങ്ങിയ വാദ്യ കലാരൂപങ്ങളുമുണ്ടായിരുന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ, ബേപ്പൂർ ഫെസ്റ്റ് സംഘാടകർ തുടങ്ങി നിരവധിപേർ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കാനായി റോഡിന്റെ ഇരുവശവും നിരവധി പേരാണ് തടിച്ചുക്കൂടിയത്.

തീരത്തു കൂടിയൊരു സൈക്കിൾ സവാരി

കോഴിക്കോട്: അറബിക്കടലിന്റെ തീരത്തു കൂടി നടന്ന സൈക്കിൾ സവാരിയിൽ അണിനിരന്നത് നൂറ്റമ്പതിലേറെ സവാരിക്കാർ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായാണ് സൈക്കിൾ സവാരി സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ ആരംഭിച്ച സവാരി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് ക്ലബുകൾ സവാരിയിൽ പങ്കെടുത്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയിൽ നിന്നും വാട്ടർ ഫെസ്റ്റിന്റെ പതാക ക്ലബ് പ്രതിനിധികൾ ഏറ്റുവാങ്ങി. രാവിലെ 7.30 ന് ആരംഭിച്ച സവാരി ബേപ്പൂർ ബീച്ചിൽ സമാപിച്ചു. സബ് കളക്ടർ വി.ചെൽസാ സിനി വാട്ടർ ഫെസ്റ്റിന്റെ പതാകയുയർത്തി.

നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി, വാർഡ് കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, ഗിരിജ, കെ. രാജീവ്, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, ടി.കെ. ഷമീന, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷൈൻ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൽ.യു.അബിത്, ഡി.ടി.പി.സി മാനേജർമാരായ നിഖിൽ.പി ഹരിദാസ്, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.

നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു, മാസ്‌ക് വേണം

ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന് ഉണ്ടായേക്കാവുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. എല്ലാവർക്കും ഫെസ്റ്റ് ആസ്വദിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊലീസിന്റെയും വളണ്ടിയർമാരുടെയും നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഫെസ്റ്റിന് എത്തുന്നവർ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.

മഴ പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ തിക്കിത്തിരക്കാതെ ശാന്തതയോടെ മാത്രം ഇരിപ്പിടത്തിൽ നിന്നോ നിൽക്കുന്ന സ്ഥലങ്ങളിൽ നിന്നോ മാറുക. പ്രധാന ഗേറ്റുകൾ, പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. സ്റ്റേജിലും പ്രധാന പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രായമായവർ, കുട്ടികൾ എന്നിവരുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം. ആൾക്കൂട്ടത്തിൽ കൈവിട്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഉണ്ടായാൽ പോലീസിനെ അറിയിച്ച് പരിഹാരം തേടാം. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം.

സുരക്ഷ മുൻനിർത്തി ബേപ്പൂരിൽ നിന്നുള്ള ജങ്കാർ സർവീസ് രാത്രി ഏഴിന്‌ശേഷം ഉണ്ടായിരിക്കില്ല. പകരം പ്രത്യേകം ഏർപ്പാടാക്കിയ മിനി ബസ് സർവീസ് പ്രയോജനപ്പെടുത്താം. കൂടാതെ പ്രതികൂല കാലാവസ്ഥയിൽ പ്രത്യേക മുന്നറിയിപ്പില്ലാതെ തന്നെ ജങ്കാർ സർവീസ് നിർത്തിവെച്ചേക്കും.നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ ഒരു കാരണവശാലും ജങ്കാറിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ മറ്റ് യാത്രാമാർഗങ്ങൾ സ്വീകരിക്കണം.

കടലിനു മീതെ പറന്നു പാരാമോട്ടോർഗ്ലൈഡർ

ബേപ്പൂർ: ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരെ ആവേശത്തിലാഴ്ത്തി പാരാമോട്ടോറിംഗ് പ്രകടനം. പാരാച്യൂട്ടിനോട് സാമ്യം തോന്നുന്ന വിധത്തിലുള്ള പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.

ബേപ്പൂർ മറീന ബീച്ചിൽ ജലോത്സവം വീക്ഷിക്കാനെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള ആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ചയായി. നാലു പാരാമോട്ടോർഗ്ലൈഡറുകളാണ് ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അദ്ഭുതക്കാഴ്ചയൊരുക്കി. കോഴിക്കോട്ടുകാരനായ സലീം ഹസനും സംഘവും ചേർന്നാണ് പാരാമോട്ടോർ ഗ്ലൈഡിംഗ് ഒരുക്കുന്നത്. ഫെസ്റ്റിനെത്തുന്നവർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന ആകാശക്കാഴ്ചകൾ വരും ദിവസങ്ങളിലും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.