SignIn
Kerala Kaumudi Online
Friday, 19 April 2024 4.27 AM IST

ആരും പട്ടിണി കിടക്കേണ്ടിവരില്ല

photo

തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെങ്കിലും രാജ്യത്തെ 81 കോടി ജനങ്ങൾക്കു ഒരുവർഷം മാസം 35 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകാനുള്ള കേന്ദ്രതീരുമാനം അഭിനന്ദനാർഹമാണ്. ദുർബലവിഭാഗങ്ങൾക്കും പട്ടിണിപ്പാവങ്ങൾക്കും ഇടത്തരക്കാർക്കുമൊക്കെ നിലവിൽ സബ്‌സിഡി നിരക്കിൽ റേഷൻകടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. ചോളം മുതലായ ധാന്യങ്ങൾക്ക് സബ്‌സിഡി നിരക്ക് ഒരുരൂപ മാത്രമാണ്. രണ്ടുരൂപ നിരക്കിൽ ഗോതമ്പും മൂന്നുരൂപ നിരക്കിൽ അരിയും ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമാണ്. സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവിതരണം പൂർണമായും നിറുത്തലാക്കിയാണ് നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 35 കിലോ ധാന്യങ്ങൾ നൽകാൻ പോകുന്നത്. 2023 ഡിസംബർ വരെ ഇതനുസരിച്ചുള്ള സൗജന്യ ധാന്യവിതരണത്തിന് രണ്ടുലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ ചെലവ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയനുസരിച്ച് കഴിഞ്ഞ 28 മാസമായി പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുകിലോ ധാന്യം സൗജന്യമായി നൽകിവരികയാണ്. ജനുവരി ആദ്യം പ്രാബല്യത്തിൽ വരുന്ന പദ്ധതിയിൽ ഇതും ലയിപ്പിക്കാനാണ് തീരുമാനം. 35 കിലോ ധാന്യം പൂർണമായും സൗജന്യമായി നൽകുമ്പോൾ സബ്‌സിഡിയോടുകൂടിയ ധാന്യവിതരണത്തിനോ അഞ്ചുകിലോ സൗജന്യ ധാന്യവിതരണത്തിനോ പ്രസക്തിയില്ലല്ലോ. 140 കോടി ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പൂർണമായും നേരിടാനുള്ള സ്റ്റോക്ക് രാജ്യത്തുണ്ട്. ഭക്ഷ്യധാന്യോത്‌പാദനത്തിൽ ഏതാനും വർഷങ്ങളായി രാജ്യം സമൃദ്ധിയിലുമാണ്. ധാന്യകയറ്റുമതിയിലും പുതിയ ഉയരങ്ങൾ നേടാനായിട്ടുണ്ട്. ഒരു വർഷത്തോളം നീണ്ട കർഷകസമരം നടന്നപ്പോഴും കാർഷിക ഉത്‌പാദനത്തിൽ ഒരു കുറവും വന്നില്ലെന്നത് നേട്ടമാണ്. ധാന്യസംഭരണം മെച്ചപ്പെട്ടതും സ്റ്റോക്ക് ക്രമമായി നിലനിറുത്താൻ സഹായിച്ചു. ഭക്ഷ്യോത്‌പാദനത്തിലും വിതരണത്തിലും പ്രതിസന്ധികളൊന്നുമില്ലെന്നതും ഭക്ഷ്യഭദ്രതാ നിയമം ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ കേന്ദ്രത്തെ സഹായിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി സാധാരണക്കാരുടെ ജീവിതം ഏറെ ദുരിതമയമാക്കിയിരുന്നു. കോടിക്കണക്കിനാളുകൾക്കാണ് തൊഴിലില്ലാതായത്. വലുതും ചെറുതുമായ വ്യവസായശാലകളും ചെറുകിട സ്ഥാപനങ്ങളും മാസങ്ങളോളം അടഞ്ഞുകിടന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ എടുത്തെറിഞ്ഞിരുന്നു. രണ്ടരവർഷത്തോളം നീണ്ടുനിന്ന കൊവിഡ് പ്രതിസന്ധിയിലും കാർഷികമേഖല തളർന്നില്ലെന്നതാണ് വലിയ നേട്ടം. 81 കോടി ജനങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനാവശ്യമായ രണ്ടുലക്ഷം കോടി രൂപയും കേന്ദ്രമാണ് വഹിക്കുന്നത്. വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും പാവപ്പെട്ട കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് പദ്ധതി.

റേഷൻകടകളും വിതരണ സമ്പ്രദായവുമൊക്കെ ആധുനികവത്‌കരിച്ചതോടെ പണ്ടത്തെപ്പോലെ വൻതോതിലുള്ള വെട്ടിപ്പും കൊള്ളയും ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്. ഇതിനിടയിലും വിരുതന്മാർ ഈ മേഖലയിൽ കൊള്ളയും കരിഞ്ചന്തയുമൊക്കെ നടത്തുന്നുണ്ട്. യഥാർത്ഥ ഉപഭോക്താവ് തന്നെയാണ് റേഷൻ വാങ്ങുന്നതെന്ന് ഉറപ്പിക്കാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയശേഷവും അനധികൃത കച്ചവടം നടക്കുന്നുണ്ട്. റേഷൻകടകളിലേക്ക് കൊണ്ടുപോകുന്ന ധാന്യച്ചാക്കുകൾ വഴിതിരിഞ്ഞ് കരിഞ്ചന്തക്കാരുടെ ഗോഡൗണുകളിലെത്തുന്നതും സാധാരണമാണ്. അക്ഷരാഭ്യാസം കുറവായ പാവങ്ങൾ പലപ്പോഴും കബളിപ്പിക്കപ്പെടുന്നു. ഉദ്യോഗസ്ഥരുടെ കൂടി ഒത്താശയോടെ നടക്കുന്ന റേഷൻ കരിഞ്ചന്തയ്ക്കും കള്ളക്കച്ചവടത്തിനും സൗജന്യ ധാന്യവിതരണ പദ്ധതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നിടാതെ ഫലപ്രദമായി തടയാനാകണം. അരിയും ഗോതമ്പുമൊക്കെ യഥാർത്ഥ ഗുണഭോക്താക്കളിൽത്തന്നെ എത്തേണ്ടതുണ്ട്. സംസ്ഥാന ഭക്ഷ്യവകുപ്പുകൾ വേണം ഇക്കാര്യത്തിൽ ജാഗ്രത കൈക്കൊള്ളാൻ. അടുത്ത ഡിസംബർ വരെയാണ് സൗജന്യ ധാന്യവിതരണ പദ്ധതിക്കു പ്രാബല്യമുള്ളത്. അവിടംകൊണ്ട് അവസാനിപ്പിക്കാതെ ഏതു വിധേനയും പദ്ധതി ദീർഘിപ്പിക്കാൻ നോക്കണം. തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ലല്ലോ പാവങ്ങൾക്ക് വിശപ്പും ദാഹവുമൊക്കെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.