SignIn
Kerala Kaumudi Online
Friday, 19 April 2024 7.51 PM IST

കോടതിഅലക്ഷ്യവും ലക്ഷ്യവും

photo

ഡിസംബർ 23 വെള്ളിയാഴ്ച നട്ടുച്ച പന്ത്രണ്ടുമണിയുടെ ശുഭമുഹൂർത്തത്തിൽ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി. വേണു കേരള ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരായി. പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടേയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ വീഴ്‌ച വരുത്തിയതിന് ന്യായാധിപന്മാർ അദ്ദേഹത്തെ നിറുത്തി പൊരിച്ചു. ഡോ. വേണു നിരുപാധികം മാപ്പുചോദിച്ചു. കോടതിയുത്തരവുകളെ ലംഘിക്കാൻ സർക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നും നീതിപീഠത്തോട് അഗാധമായ കൂറും ബഹുമാനവുമാണ് ഉള്ളതെന്നും ഉണർത്തിച്ചു. നിർദ്ദിഷ്ട തീയതിക്കകം റവന്യൂറിക്കവറി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഉറപ്പു നൽകി. അങ്ങനെ തത്കാലം തടി സലാമത്താക്കി. സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കോടതിയലക്ഷ്യ നടപടികളും നിരുപാധിക ക്ഷമയാചനയുമൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ഡോ. വേണുവിനെ സംബന്ധിച്ചും ഇത് ആദ്യത്തെ അനുഭവമാകാൻ തരമില്ല. ഹൈക്കോടതി കല്ലേപിളർക്കുന്ന കല്പനകൾ പലതും പുറപ്പെടുവിക്കും, സർക്കാർ ഉദ്യോഗസ്ഥർ സൗകര്യമുണ്ടെങ്കിൽ അനുസരിക്കും. അല്ലാത്തപക്ഷം പരാതിക്കാർ വീണ്ടും കോടതിയലക്ഷ്യ ഹർജിയുമായി കോടതി കയറും. അപ്പോൾ ഉത്തരവ് ഉടൻ നടപ്പാക്കാമെന്ന് ഉറപ്പു കൊടുക്കുകയും നിരുപാധികം ക്ഷമായാചന നടത്തുകയും ചെയ്യും. ഇതാണ് നമ്മുടെ നാട്ടിലെ സാധാരണ നടപടിക്രമം. ഈ കേസിൽ ഒരു വ്യത്യാസമുള്ളതെന്തെന്നാൽ, ആരുടേയും അപേക്ഷപ്രകാരമല്ല കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സെപ്തംബർ 22 ന് കോടതിയുടെ പഴയ ഉത്തരവു ലംഘിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഹർത്താൽ പ്രഖ്യാപിക്കുകയും പിറ്റേന്ന് ഹർത്താലിന്റെ മറവിൽ നാട്ടിലെങ്ങും കലാപം അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തിൽ ന്യായാധിപന്മാർ സഹികെട്ട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയായിരുന്നു. സർക്കാർ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഈ കേസിന്റെ കാര്യത്തിലും മെല്ലെപ്പോക്കു നയം സ്വീകരിച്ചു. അങ്ങനെയാണ് അഡി. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി ക്ഷമചോദിക്കേണ്ട സാഹചര്യം വരെ എത്തിച്ചേർന്നത്.

സർക്കാർ നടപടികളിലെ സ്വാഭാവികമായ കാലതാമസത്തിനപ്പുറം പോപ്പുലർ ഫ്രണ്ടിനെതിരായ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിന് മറ്റു പല മാനങ്ങളുമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പൂർവരൂപമായ നാഷണൽ ഡിഫൻസ് ഫ്രണ്ട് രൂപീകൃതമായതും പ്രവർത്തനം ആരംഭിച്ചതും കേരളത്തിലാണ്. അവർക്ക് ഏറ്റവും പ്രാബല്യമുള്ള സംസ്ഥാനവും കേരളമാണ്. ഈ സംഘടനയ്ക്ക് മുസ്ളിം സമുദായത്തിൽ കാര്യമായ പിന്തുണയൊന്നുമില്ലെങ്കിലും ഓരോ മണ്ഡലത്തിലും ഏതാനും ആയിരം വോട്ടുകൾ അവർക്ക് സ്വാധീനിക്കാവുന്നവയായുണ്ട്. തരാതരം പോലെ അതു യു.ഡി.എഫിനോ എൽ.ഡി.എഫിനോ മറിക്കുകയാണ് പതിവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ വോട്ടുകിട്ടിയത് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കാണ്. ചിലരുടെ വിജയത്തിലെങ്കിലും ആ വോട്ട് നിർണായകമായിരുന്നുതാനും. അതുകൊണ്ടുതന്നെ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് പോപ്പുലർ ഫ്രണ്ടിനോട് ഉള്ളുകൊണ്ട് ഒരു അനുഭാവമുണ്ട്. മാത്രമല്ല ഈ സംഘടനയ്‌ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുന്നപക്ഷം സംസ്ഥാനത്തെ മുസ്ളിം ജനസാമാന്യത്തിനിടയിൽ അതു വിപരീത വികാരമുണ്ടാകുമെന്നും അതു വരും തിരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ഭയപ്പെടുന്നു.

പി.ഡി.പി, ജമാ അത്തെ ഇസ്ളാമി, പോപ്പുലർ ഫ്രണ്ട് മുതലായ സംഘടനകൾ ശക്തി പ്രാപിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് മുസ്ളിം ലീഗ് ദുർബലമാകുമെന്നും യു.ഡി.എഫ് സംവിധാനം ശിഥിലമാകുമെന്നും കണക്കുകൂട്ടുന്നവരുണ്ട്. അതുകൊണ്ടുതന്നെ മതതീവ്രവാദത്തെ പ്രത്യക്ഷത്തിൽ എതിർക്കുകയും അകമേ താലോലിക്കുകയുമാണ് സി.പി.എമ്മിന്റെ നയസമീപനം. പോപ്പുലർഫ്രണ്ട് പ്രവർത്തകരിൽ ഒരു വിഭാഗം മുമ്പുതന്നെ സി.പി.എമ്മിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥി - യുവജനരംഗത്ത് അവരുടെ സാന്നിദ്ധ്യം സജീവമാണ്. ഇക്കഴിഞ്ഞ സെപ്തംബർ 28 ന് സംഘടന നിരോധിക്കപ്പെട്ടശേഷം ഇത്തരക്കാരുടെ ഒഴുക്ക് കൂടുതൽ ശക്തിപ്പെട്ടു. ഇപ്പോൾ എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കുന്നതിനേക്കാൾ ഒട്ടും കുറവല്ല സി.പി.എം വേഷധാരികളായ പോപ്പുലർ ഫ്രണ്ടുകാർ.

ഇടതുപക്ഷ സർക്കാരിന്റ ഈ മൃദുസമീപനം ചൂഷണം ചെയ്തുകൊണ്ടാണ് മേയ് 21ന് പോപ്പുലർ ഫ്രണ്ടുകാർ ആലപ്പുഴയിൽ വമ്പിച്ച റാലി നടത്തിയതും 'അരിയും മലരും വാങ്ങിച്ച്, വീട്ടിൽ കാത്തുവച്ചോളൂ' എന്നപോലെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതും. 2021 ഡിസംബർ 18, 19 തീയതികളിൽ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരു കാരണവശാലും അങ്ങനെയൊരു പ്രകടനത്തിന് ജില്ലാ ഭരണകൂടവും പൊലീസ് മേധാവിയും അനുവാദം കൊടുക്കുമായിരുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടും നിർണായകമായേക്കാം എന്ന ചിന്തയിൽ നിന്നാണ് റാലിക്കും പൊതു സമ്മേളനത്തിനും അനുവാദം നൽകിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ നാട്ടിലെങ്ങും അലയടിച്ചപ്പോഴും പൊലീസ് കേസെടുക്കാൻ ധൈര്യപ്പെട്ടില്ല. പിന്നീട് ടെലിവിഷൻ ചാനലുകൾ എട്ടുമണി ചർച്ചയാക്കുകയും ഹൈക്കോടതിതന്നെ ഇടപെടുകയും ചെയ്തപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്ത് ഏതാനും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുപ്പതോളം പേർ ജാമ്യം കിട്ടാതെ ജയിലിലായ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടുകാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം സംഘടിപ്പിച്ചു. കൂടുതൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ അവിടെയും ഉയർന്നുകേട്ടു. അതോടെ സ്വിച്ചിട്ടപോലെ അറസ്റ്റുകൾ നിലച്ചു ; ജയിലിലായവർക്ക് അചിരേണ ജാമ്യവും ലഭിച്ചു.

ആലപ്പുഴ റാലിയുടെ അലകൾ അടങ്ങും മുമ്പാണ് സെപ്തംബർ 17 ന് കോഴിക്കോട്ട് അതിലും വലിയ പ്രകടനവും പൊതുസമ്മേളനവും നടത്താൻ അനുവാദം നൽകിയത്. അവിടെയും ന്യൂനപക്ഷ വോട്ടുകളെക്കുറിച്ചുള്ള ആശങ്കയായിരുന്നു സർക്കാരിനെ ഭരിച്ചത്. ആലപ്പുഴയിലേക്കാൾ ഒട്ടും മോശമല്ലാത്ത മുദ്രാവാക്യങ്ങളാണ് കോഴിക്കോട്ടും ഉയർന്നുകേട്ടത്. പ്രസംഗങ്ങൾ കൂടുതൽ പ്രകോപനപരമായിരുന്നുതാനും. ആ റാലിയും പൊതുയോഗവും കഴിഞ്ഞ് കൃത്യം നാലാം ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ കോഴിക്കോട്ട് വന്നിറങ്ങി. സി.ആർ.പി.എഫ് ജവാന്മാരുടെ അകമ്പടിയോടെ അവർ പോപ്പുലർഫ്രണ്ട് നേതാക്കളുടെ കതകിൽ മുട്ടിവിളിച്ചു. നേരം പുലരും മുമ്പ് നേതാക്കളെ അറസ്റ്റുചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. എല്ലാവർക്കുമെതിരെ യു.എ.പി.എ ചുമത്തി. പിന്നാലെ സംഘടനയെ നിരോധിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസിലും സിവിൽ സർവീസിലുമുണ്ട്. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഓരോ ചലനവും അവർ അപ്പോഴപ്പോൾ അറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടാണ് കേരള പൊലീസിന് യാതൊരു സൂചനയും നൽകാതെ എൻ.ഐ.എ ഇവിടെയെത്തി നേതാക്കളെ റാഞ്ചിക്കൊണ്ടു പോയത്.

സെപ്തംബർ 22 ന് പുലർച്ചെ കേരളത്തിൽ മാത്രമല്ല മറ്റു പതിനഞ്ച് സംസ്ഥാനങ്ങളിൽ റെയ്‌ഡ് നടന്നു. മൊത്തം 106 നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാൽ കേരളത്തിൽ മാത്രമാണ് സംഘടന ഹർത്താലിന് ആഹ്വാനം നൽകിയതും പൊതുമുതൽ നശിപ്പിച്ചതും. ഹർത്താലിന് സർക്കാരിന്റെ പരോക്ഷ പിന്തുണയുണ്ടാകുമെന്നും പൊലീസ് നിസംഗരായി നോക്കി നിൽക്കുമെന്നും അവർക്ക് അറിയാമായിരുന്നു. തമിഴ്‌നാട്ടിലോ കർണാടകത്തിലോ ആന്ധ്രയിലോ തെലുങ്കാനയിലോ മറ്റേതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ ഇതുപോലൊരു സഹകരണം അവർക്ക് ലഭിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെയൊന്നും ഹർത്താൽ നടത്താൻ ആരും ധൈര്യപ്പെട്ടില്ല. കേരളത്തിലെ സവിശേഷ സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടുകാർ അഴിഞ്ഞാടി. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമല്ല, രോഗികളെയും കൊണ്ട് ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഹർത്താൽ വമ്പിച്ച വിജയമായി. പക്ഷേ അന്ന് ഉച്ചയാകുമ്പോഴേക്കും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. കൈകെട്ടി നിന്ന പൊലീസിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും സംഖ്യ കെട്ടിവയ്‌ക്കാതെ ആർക്കും ജാമ്യം കൊടുക്കരുതെന്നും നിർദ്ദേശിച്ചു. ഹൈക്കോടതിക്ക് തോന്നിയ ധാർമ്മിക രോഷമൊന്നും സർക്കാരിനോ പൊലീസിനോ ഉണ്ടായില്ല. അതുകൊണ്ടു കാര്യങ്ങൾ മുറപോലെ നടന്നു. 5.20 കോടി രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്നും സംഖ്യ ഈടാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ പതിന്നാലു ജില്ലാ കളക്ടർമാർക്കും നൽകിയിട്ടുണ്ടെന്നുമാണ് സർക്കാർ പിന്നീടു കോടതിയിൽ ബോധിപ്പിച്ചത്. റിട്ട. ജില്ലാ ജഡ്ജി പി.ഡി. ശാർങ്‌ഗധരനെ ക്ളെയിം കമ്മിഷണറായും നിയോഗിച്ചു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. കമ്മിഷണർക്ക് ഒരു ഇരിപ്പിടമൊരുക്കാൻ എറണാകുളം ജില്ലാ കളക്ടർ എത്ര അന്വേഷിച്ചിട്ടും ഒരിടം കിട്ടിയില്ല. സർക്കാരിന്റെ ഈ സമീപനമാണ് ന്യായാധിപന്മാരെ ക്രുദ്ധരാക്കിയതും അഡി. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന ഉത്തരവിലേക്ക് നയിച്ചതും.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്നും 5.20 കോടി രൂപ വീണ്ടെടുക്കുമെന്നും തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. പോപ്പുലർ ഫ്രണ്ട് മാത്രമല്ല സി.പി.എം അടക്കം മറ്റു പാർട്ടികളും ഹർത്താൽ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാരുടെ പക്കൽനിന്ന് പണം ഈടാക്കിയാൽ നാളെ സി.പി.എം നേതാക്കളുടെ വസ്തുവകകളും കണ്ടുകെട്ടേണ്ടി വരും. അതുകൊണ്ട് അത്തരമൊരു സാഹസത്തിന് സർക്കാർ ഒരിക്കലും തുനിയുകയില്ല. അന്വേഷിച്ചതിൽവച്ച് പി.എഫ്.ഐ നേതാക്കൾക്കാർക്കും യാതൊരു സ്വത്തുമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള റിപ്പോർട്ടായിരിക്കും അടുത്ത ദിവസം സർക്കാർ കോടതി മുമ്പാകെ ബോധിപ്പിക്കുക. ഹർത്താൽ നിമിത്തം കെ.എസ്.ആർ.ടി.സിക്കും മറ്റുമുണ്ടായ നഷ്ടം സഹിക്കാൻ സർക്കാർ സന്നദ്ധമാകും. അത്രയും മഹാമനസ്‌കത നമ്മൾ പൊതുജനങ്ങളും പ്രകടിപ്പിക്കണം. ഓരോരുത്തരും അവരവർക്കുണ്ടായ കഷ്ടനഷ്ടങ്ങൾ നമ്മുടെ ജനാധിപത്യ മതേതര നവോത്ഥാന സർക്കാരിനെ ഓർത്ത് ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യണം. അങ്ങനെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.