SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.24 PM IST

താലിബാന്റെ സ്‌‌ത്രീവിരുദ്ധത

photo

ഇനി ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് മനുഷ്യന്റെ വികാസത്തിനും പുരോഗതിക്കും വേണ്ടതെന്ന് ഗുരുദേവൻ അഭിപ്രായപ്പെട്ടതിന്റെ പ്രസക്തി നാൾക്കുനാൾ ലോകമെമ്പാടും വർദ്ധിച്ചുവരുന്നതാണ് ഈ ആധുനിക കാലത്ത് നമ്മൾ കാണുന്നത്. എല്ലാ ചൂഷണങ്ങൾക്കും അടിസ്ഥാനം വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം സംഭവിക്കുന്ന അജ്ഞതയാണ്. അത് മാറണമെങ്കിൽ സ്‌ത്രീപുരുഷ വ്യത്യാസം കൂടാതെ ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭിച്ചേ മതിയാവൂ. താലിബാൻ ഭരിക്കുന്ന അഫ്‌ഗാനിസ്ഥാനിൽ വനിതകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിഷേധിച്ചതിനെ ലോകം മുഴുവൻ അപലപിക്കുകയാണ്. കാബൂളിൽത്തന്നെ ഇതിനെതിരെ പെൺകുട്ടികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് വലിയൊരു മുന്നേറ്റമാണ്. കാലത്തിനനുസരിച്ച് മതങ്ങളുടെ കാഴ്ചപ്പാടുകൾ മാറണമെന്നതിന് അടിവരയിടുന്ന പ്രതിഷേധമാണ് കാബൂളിൽ നടന്നത്.

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നിടത്ത് സ്‌ത്രീകൾ ചൂഷണത്തിന് വിധേയരാകും. അതാകട്ടെ അസമത്വങ്ങൾ കൊടികുത്തി വാഴുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വളർച്ചയ്ക്കേ ഇടയാക്കൂ. സൗദി അറേബ്യ വരെ ഇത് മുൻകൂട്ടിക്കണ്ട് സ്‌ത്രീകൾക്ക് പലവിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കാൻ തുടങ്ങിയത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം. സൗദിയിൽ പരീക്ഷാഹാളിൽ യൂണിഫോം നിർബന്ധമാക്കുകയും പർദ്ദ നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. കർണാടകയിൽ ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നും അത് ഒഴിവാക്കാൻ സ്‌കൂൾ അധികൃതർക്ക് അധികാരമില്ലെന്നും മതനേതാക്കൾ വാദിക്കുമ്പോഴാണ് ഏറ്റവും വലിയ ഇസ്ളാം രാജ്യമായ സൗദിയിൽ പരീക്ഷാഹാളിൽ പർദ്ദ നിരോധിച്ചിരിക്കുന്നത്. വാഹനമോടിക്കുന്ന സ്‌ത്രീകളെയും പർദ്ദ ധരിക്കുന്നതിൽ നിന്ന് സൗദി ഒഴിവാക്കിയിരിക്കുകയാണ്. വാഹനമോടിക്കുമ്പോൾ പർദ്ദ അസൗകര്യമാണെന്ന സ്‌ത്രീകളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ഭരണകൂടം പർദ്ദ ഒഴിവാക്കിയത്.

സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ അവരുടെ അഭിപ്രായങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. അല്ലാതെ മതപണ്ഡിതരുടെ കാഴ്ചപ്പാടുകൾക്കല്ല. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ‌്‌ത്രീവിരുദ്ധ നയങ്ങൾ തുടരുകയാണെന്നത് തികച്ചും അപലപനീയമാണ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പെൺകുട്ടികളെ അഫ്‌ഗാനിസ്ഥാനിലെ സർവകലാശാലാ കാമ്പസുകളിൽ പ്രവേശിപ്പിക്കരുതെന്നാണ് താലിബാന്റെ ഉത്തരവ്. വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ആയിരക്കണക്കിന് പെൺകുട്ടികൾ ജയിച്ചതിന് ശേഷമാണ് ഇത്തരം കിരാതമായ ഉത്തരവ് ഇറങ്ങിയത്. മാത്രമല്ല ഇതിന് മുൻപുതന്നെ എൻജിനിയറിംഗ്, സാമ്പത്തികശാസ്ത്രം, മാദ്ധ്യമപ്രവർത്തനം പോലുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഇവർ മുറുകെപിടിക്കില്ലെന്ന തോന്നലാണ് കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ വന്നപ്പോൾ ഇവരുടെ നേതാക്കളുടെ പ്രസ്‌താവനകളിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നത്. അതിന് കടകവിരുദ്ധമായാണ് ഇപ്പോഴത്തെ വിലക്കുകൾ വന്നിരിക്കുന്നത്.

സ്‌ത്രീകൾ തനിച്ച് വിമാനയാത്ര നടത്തുന്നതും താലിബാൻ നിരോധിച്ചിരിക്കുകയാണ്. മിക്കവാറും ജോലികളിലും സ്‌ത്രീകൾക്ക് അവിടെ വിലക്കുണ്ട്. ഒരു രാജ്യത്ത് സ്‌ത്രീകളെ തികച്ചും അപ്രസക്തമാക്കുന്ന നിലപാട് പരിഷ്‌‌കൃത ലോകം ഒരിക്കലും അംഗീകരിക്കില്ല. പാകിസ്ഥാൻ പോലും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മതം മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ സ്‌ത്രീകളെയും കുട്ടികളെയും അടിച്ചമർത്തി ചൂഷണം ചെയ്യാൻ വേണ്ടിയുള്ളതല്ല എന്നത് പെൺകുട്ടികളുടെ പ്രക്ഷോഭത്തിന്റെ വെളിച്ചത്തിലെങ്കിലും താലിബാൻ ഭരണകൂടം തിരിച്ചറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.