എരുമേലി. ബഫർസോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബി.ജെ. പി മുന്നിൽ നിന്ന് പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയ്ഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പിണറായി വിജയന് പിൻമാറേണ്ടി വന്നത് ബി.ജെ.പി കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധിപ്പിച്ചതു കൊണ്ടാണ്. -കെ.സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളാദേവി, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഭാരവാഹികളായ അഖിൽ രവീന്ദ്രൻ, കെ.ആർ സോജി, ആർ.സി നായർ, അനിയൻ എരുമേലി, മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |