SignIn
Kerala Kaumudi Online
Saturday, 20 April 2024 12.11 AM IST

പുതിയ ലക്ഷ്യങ്ങളുമായി കാർഷിക മേഖല പച്ചപുതയ്‌ക്കട്ടെ

photo

പൗരന്മാരുടെ ആരോഗ്യവും രാജ്യത്തിന്റെ സമ്പദ്ഘടനയുമെല്ലാം കാർഷികരംഗവുമായി ഇഴചേർന്ന് നില്‌ക്കുന്നത്. കാർഷികരംഗം കാലത്തിനനുസരിച്ച് പുരോഗതി പ്രാപിക്കണം. കർഷകരുടെ നിലനില്പ് സുരക്ഷിതമാകണം.

ഇന്ത്യയുടെ കാർഷികരംഗം പൊതുവേ മന്ദഗതിയിലാണ്. ഈ മാന്ദ്യം കേരളത്തിലും പ്രകടമാണ്. ഈ സ്ഥിതിക്ക് പരിഹാരം കാണാൻ കേരളം 2023 ൽ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾക്ക് പ്രാമുഖ്യം നല്‌കും. വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ (വാം) കേരളത്തിൽ പൂർണതോതിൽ നടപ്പിലാകും. ഇതിന്റെ ഭാഗമായി ഉത്‌പാദകരുടേയും സംരഭകരുടേയും പങ്കാളിത്തത്തോടെ ഇപ്പോഴുള്ള കാർഷിക വിപണികളെ കോർത്തിണക്കികൊണ്ട് കേരള അഗ്രോബിസിനസ് കമ്പനി നിലവിൽവരും. മൂല്യവർദ്ധിത മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തും.

സാങ്കേതിക

സാദ്ധ്യത

കാർഷിക മേഖലയിൽ അഡ്വാൻസ്‌ഡ് സാങ്കേതികവിദ്യകൾ കൃഷിപരിചരണം, ഉത്‌പാദന വർദ്ധന , മൂല്യവർദ്ധിത ഉത്പന്നനിർമാണം, രോഗനിയന്ത്രണം, വിപണനം എന്നിവയെ സഹായിക്കും. വളം, കീടനാശിനി തളിക്കൽ, വിളനാശം വിലയിരുത്തൽ, രോഗനിരീക്ഷണം, കീടനിയന്ത്രണം, കൃഷി പരിചരണം എന്നിവയെ ഡ്രോൺ ടെക്നോളജി സഹായിക്കും. ഈ രീതിയിലൂടെ കൂലിച്ചെലവ് കുറയ്ക്കാം. കാർഷികരംഗത്ത് നിർമ്മിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, മെഷീൻ ലേണിംഗ്, ബ്ളോക്ക് ചെയിൻ ടെക്നോളജി, ഓട്ടോമേഷൻ എന്നിവ കൂടുതലായി അവലംബിക്കും. ഇത് ഉത്‌പാദനക്ഷമത ഉറപ്പുവരുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും.

ടെക്‌നോളജിയുടെ സാന്നിദ്ധ്യം കാർഷിക മേഖലയിലേക്ക് കൂടുതൽ യുവസംരംഭകരെ ആകർഷിക്കും. ഇതിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററുകളും അഗ്രി സ്റ്റാർട്ടപ്പുകളും നിലവിൽവരും. 25 ശതമാനം സ്റ്റാർട്ടപ്പുകളും ഭക്ഷ്യസംസ്‌കരണത്തിന് പ്രാധാന്യം നൽകും. ഭക്ഷ്യകയറ്റുമതി വർദ്ധിക്കും. ആകെ റീടെയ്ൽ മാർക്കറ്റിന്റെ 50 ശതമാനത്തോളം ഭക്ഷ്യ റീടെയ്‌ൽ കൈയടക്കും.

കർഷക ഉത്പാദക

സംഘടനകൾ

2023 ൽ കേരളത്തിൽ കർഷക ഉത്പാദക സംഘടനകളുടെ ( ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ) എണ്ണം 250 ലധികമാകും. ഇവ ഉത്പാദനം, സംസ്കരണം, കാർഷികരംഗത്തെ അറിവുകൾ കർഷകരിലെത്തിക്കുക, ഉത്‌പന്ന വിപണനം, ഉത്‌പന്ന ഉപാധികളുടെ വിപണനം, ഗുണമേന്മ, കയറ്റുമതി എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കും.

കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ കാർഷിക മേഖലയിൽ കൂടുതലായി പ്രവർത്തികമാകും. ഇതിനായി കൂടുതൽ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും COP27 പ്രോട്ടോക്കോൾ അനുസരിച്ച് കാർബണിന്റെ അളവ് കുറയ്ക്കാനുമുള്ള കൂടുതൽ പദ്ധതികൾ നിലവിൽവരും. കൂടുതൽ കാർബൺ ന്യൂട്രൽ ഫാമുകൾ പ്രവർത്തികമാകും.

കൂടുതൽ

കേന്ദ്ര പദ്ധതികൾ

കാർഷിക മേഖലയിൽ കേന്ദ്ര സഹായത്തോടെയുള്ള കൂടുതൽ പദ്ധതികൾ കേരളത്തിൽ നടപ്പിലാകും. 2000 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെ മൂല്യവർദ്ധിത ഉത്പന്ന നിർമാണം, ശീതീകരണ സംവിധാനം, ഉത്‌പാദന വർദ്ധന, കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷ, സംരംഭകത്വം, അഗ്രി ഇൻകുബേറ്ററുകൾ, സ്മാർട്ട് സേവനം ഉറപ്പാക്കുന്ന കൃഷിഭവനുകൾ, അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകൾ, കാലാവസ്ഥ അധിഷ്ഠിത ഗവേഷണം എന്നിവ 2023 ൽ നടപ്പാക്കാനുള്ള സാദ്ധ്യതയേറെയാണ്.

മൂല്യവർധിത

ഉത്പന്ന നിർമ്മാണം

മൃഗസംരക്ഷണ മേഖലയിൽ ഉത്‌പാദന വർദ്ധന, മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം, രോഗനിയന്ത്രണം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് 2023 ൽ ഊന്നൽ നൽകും. മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിന് പ്രാധാന്യമേറും. കാർഷിക- മൃഗ സംരക്ഷണ, ഫിഷറീസ് മേഖലയിൽ കേന്ദ്ര സഹായത്തോടെയുള്ള ഭൗതികസൗകര്യ വികസന പദ്ധതികൾ, കോൾഡ് ചെയിൻ പ്രൊജക്‌ട് എന്നിവ കേരളത്തിൽ നിലവിൽവരും. ഓമനമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പരിചരണം, തീറ്റ എന്നിവയിൽ നൂതന പ്രവണതകൾ ദൃശ്യമാകും. 80000 കോടിരൂപയുടെ ഭക്ഷ്യോത്‌പന്നങ്ങളാണ് മലയാളി അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും പ്രതിവർഷം വാങ്ങുന്നത്. 2023 ൽ ഇതിൽ കുറവ് വരാനിടയുണ്ട്.

സുസ്ഥിര ഭക്ഷ്യോത്‌പാദനത്തിന് പ്രാധാന്യം നൽകും. പാലുത്‌പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും.

കോഴിയിറച്ചി വിപണിയിൽ ഉത്പാദനം വർദ്ധിക്കുമെങ്കിലും വിപണന സമ്മർദ്ദമേറും. മുട്ട ഉത്‌പാദനം അടുക്കളമുറ്റത്ത് മാത്രമാകും. കാർഷിക, മൃഗസംരക്ഷണ മേഖലയിൽ ഇന്റേൺഷിപ്പുകൾക്കു കൂടുതൽ പ്രാധാന്യം ലഭിക്കും. കിസാൻ ക്രെഡിറ്റ് കാർഡ്, രാസവള സബ്‌സിഡി എന്നിവയിൽ വൻവളർച്ച കൈവരിക്കും. കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് ലഭിക്കുന്ന ഗവേഷണ ഫണ്ടിൽ ക്രമാതീതമായ കുറവുണ്ടാകും. കൂടുതൽ ആഭ്യന്തരഫണ്ടുകൾ സ്വരൂപിക്കും.

തോട്ടം മേഖലയിൽ ഫലവർഗ, പച്ചകൃഷി ഉത്പാദനത്തിനും പഴവർഗങ്ങളിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനും 2023 ൽ കേരളം അനുമതി നൽകിയേക്കും. സംയോജിത, സമ്മിശ്ര കൃഷിരീതികൾ , വൈവിദ്ധ്യവത്‌കരണം എന്നിവയ്ക്ക് 2023 ൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ഉത്‌പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനൊപ്പം പരിസ്ഥിതിക്കിണങ്ങിയ കൃഷിരീതികൾ കൂടുതലായി പ്രവർത്തികമാക്കുക, സുസ്ഥിരകൃഷിയ്ക്ക് മികച്ച വിപണി ഉറപ്പുവരുത്തുക എന്നിവയിലൂടെ മാത്രമേ കർഷക സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കൂ.

സഹകരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും ഇടപെടലുകൾ കാർഷിക മേഖലയിൽ കൂടുതൽ ഉത്‌പാദന വർദ്ധനയ്‌ക്ക് ഇടവരുത്തും. കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളും ഭൂപ്രകൃതി വിലയിരുത്തിയുള്ള കൃഷിരീതികളും 2023 ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം!

(ലേഖകൻ ലോകബാങ്ക് കൺസൾട്ടന്റും ബംഗളൂരുവിലെ ട്രാൻസ്‌ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്നോളജിയിൽ പ്രൊഫസറുമാണ് ഫോൺ: 9846108992 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAS AGRICULTURE IN 2023
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.