SignIn
Kerala Kaumudi Online
Friday, 19 April 2024 9.29 AM IST

തിരിച്ചുവരുന്നു കേരള ടൂറിസം; ഒഴുകുന്നു സഞ്ചാരികൾ

photo

അടച്ചുപൂട്ടലിൽ നിന്ന് തുറന്നു വിട്ടതിന്റെ ആശ്വാസം ആസ്വദിക്കാൻ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയെന്ന് കേരള ടൂറിസത്തിന്റെ കണക്കുകൾ . ഈ ഒഴുക്ക് സംസ്ഥാനത്തിനാകെ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. വർഷം ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം 1.33 കോടി ഇന്ത്യക്കാരായ സഞ്ചാരികളാണ് കേരളം കാണാനെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വർദ്ധിച്ചതാണ് കൊവിഡിന് ശേഷമുള്ള നാളുകളിൽ ടൂറിസം രംഗത്തുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന്. വിദേശസഞ്ചാരികളുടെ എണ്ണത്തിലാവട്ടെ 600 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു. ഹോട്ടലുകളിലും റിസോർട്ടുകളിലും നിന്നുള്ള റിയർ ടൈം ഡേറ്റ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴയ്ക്ക് പുറമേ എറണാകുളം, തിരുവനന്തപുരം, തൃശൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായത്.

ആഭ്യന്തരടൂറിസ്റ്റുകൾ കൂട്ടത്തോടെ വന്നതുകൊണ്ട് മാത്രം കരകയറി വന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായം. രണ്ട് പ്രളയങ്ങൾ ഏൽപ്പിച്ച ആഘാതം അത്രത്തോളം വലുതായിരുന്നു. ഏറ്റവും ദുർബലപ്രദേശമായ കുട്ടനാട്ടിലേക്ക് വരാൻ സഞ്ചാരികൾ ഭയപ്പെട്ടിരുന്ന നാളുകളുണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കുരുക്കഴിഞ്ഞതോടെ കായൽ സൗന്ദര്യ നുകരാൻ ആളുകൾ വന്നുതുടങ്ങി. ഇതോടെ വലിയ വരുമാനകുതിപ്പും മേഖലയിലുണ്ടായി.

ആലപ്പുഴയിലെത്തുന്ന സഞ്ചാരികളിൽ 70 ശതമാനവും ഹൗസ് ബോട്ട് ടൂറിസത്തിന്റെ ഭാഗമാകാറുണ്ട്. അതിൽ വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ല. അയൽജില്ലകളായ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള സഞ്ചാരികൾ സ്വന്തം വാഹനത്തിൽവന്ന് അവധി ആഘോഷിച്ച് മടങ്ങുന്നതാണ് പതിവ്. കനത്ത മഴയടക്കമുള്ള മുന്നിയിപ്പുകൾ വരുമ്പോൾ വിദേശ സഞ്ചാരികൾ കൂടുതൽ കാലത്തേക്ക് യാത്ര റദ്ദാക്കുന്നതാണ് പതിവ്. അതേസമയം ആഭ്യന്തര സഞ്ചാരികൾക്ക് കേരളത്തിന്റെ കാലാവസ്ഥ എളുപ്പം മനസിലാക്കാനും അതനുസരിച്ച് കാര്യങ്ങളിൽ നീക്കുപോക്കു വരുത്താനും സാധിക്കുന്നു.

2018ലെ ടൂറിസം സീസണിന് തൊട്ടുമുമ്പാണ് ഇടിത്തീപോലെ പെരുമഴയും പ്രളയവും എത്തിയത്. ഇതോടെ ടൂറിസം മേഖല അപ്പാടെ മുങ്ങി. തൊട്ടടുത്ത വർഷങ്ങളിൽ പോലും സഞ്ചാരികളുടെ എണ്ണം കുറയാൻ ഇത് കാരണമായി. നഷ്ടക്കണക്കിലേക്ക് കൂപ്പുകുത്തുന്നതിന് ഇടയിലാണ് 2020ൽ കൊവിഡും വിരുന്നു വന്നത്. ഇതോടെ സർവവും നഷ്ടത്തിലായി സംരംഭകർ പലരും കടക്കെണിയിലുമായി. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ട്രാവൽ മാർട്ട് (കെ.ടി.എം) പോലുള്ള പരിപാടികൾ കേരളത്തിലേക്കുള്ള ആഭ്യന്തരസഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ചിച്ചുണ്ട്.

വിവിധ വലിപ്പത്തിലും ക്ലാസിലുമുള്ള ഹൗസ്ബോട്ടുകൾ ലഭിക്കുമെന്നതും ആലപ്പുഴയിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. രണ്ട് പേരടങ്ങുന്ന സംഘം മുതൽ നൂറിലധികം പേരുടെ സംഘത്തിന് വരെ താമസിക്കാനും ആഘോഷിക്കാനുമുള്ള സംവിധാനങ്ങൾ ലഭ്യമാണ്. കുടുംബവുമൊത്തും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ ഹൗസ്ബോട്ടിൽ അടിച്ചുപൊളിക്കാം. കായലിന്റെ നടുവിൽ ഹൗസ്ബോട്ടിൽ അന്തിയുറങ്ങാനും സാധിക്കും. ഫൈഫ് സ്റ്റാർ ഫെസിലിറ്റി വാഗ്ദാനം ചെയ്യുന്ന ഹൗസ്ബോട്ടുകൾ വരെയുണ്ട്. എയർ കണ്ടീഷൻ ചെയ്ത ബെഡ്റൂമുകൾ, ആധുനിക ടോയ്ലറ്റുകൾ, സ്വീകരണമുറി, അടുക്കള, ബാൽക്കണി തുടങ്ങിയവയെല്ലാം ഹൗസ്ബോട്ടിലുണ്ട്. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്‌കരിച്ച് ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. കാലം മാറും തോറും ഹൗസ് ബോട്ടുകളിലും മാറ്റം വരുന്നുണ്ട്. പനയോലകൾക്ക് പകരം ഫൈബറും സ്റ്റീലുമെല്ലാം വരവറിയിച്ചു കഴിഞ്ഞു. കായലിൽ നിന്ന് ചൂണ്ടയിട്ട് അപ്പപ്പോൾ പിടിച്ച് പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയുമൊക്കെയായി തനി നാടൻ കേരള രുചികൾ ആസ്വദിക്കണമെന്ന ആവശ്യമാണ് ആഭ്യന്തരസഞ്ചാരികളിൽ ഭൂരിഭാഗം പേർക്കുമുള്ളത്.

ഒരു കാലത്തു തദ്ദേശീയരായ ജനങ്ങൾക്ക് എടുത്തുപറയത്തക്ക യാതൊരു പങ്കുമില്ലാതിരുന്ന ടൂറിസംരംഗത്ത് ഇന്ന് സ്ഥിതി വിഭിന്നമാണ്. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്താൻ ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച 'റെസ്‌പോൺസിബിൾ ടൂറിസം' പ്രാദേശിക വികസനത്തിന് ടൂറിസത്തെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് അവ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രദേശത്തിന്റെ വികസനത്തിനും വരുമാനത്തിനും ആ നാട്ടിലെ ടൂറിസം സാദ്ധ്യതകൾ തന്നെ പ്രയോജനപ്പെടുന്നു.

പ്രാദേശിക സമൂഹത്തിനു ടൂറിസം മേഖലയിൽനിന്നും നിയമവിധേയ മാർഗങ്ങളിലൂടെ വരുമാനം ലഭ്യമാക്കുക എന്നത് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാഥമിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിൽ മുന്നേറുമ്പോൾ 2008 മുതൽ 2017 വരെയുള്ള കാലയളവിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി വഴിയുണ്ടായ പ്രാദേശിക വരുമാനം ഏതാണ്ട് 12 കോടി രൂപയായിരുന്നു. ആർ.ടി മിഷൻ നിലവിൽവന്ന് പ്രവർത്തനം ആരഭിച്ച 2017 ഓഗസ്റ്റ് മുതൽ 2020 സെപ്തംബർ 31 വരെ ആകെ ലഭിച്ചിരിക്കുന്ന പ്രാദേശിക വരുമാനം 32.12 കോടി രൂപയാണ്.


മറ്റ് ടൂർ പാക്കേജുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ടൂർ പാക്കേജുകളാണ് റെസ്‌പോൺസിബിൾ ടൂറിസം മിഷൻ നടത്തുന്നത്. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളാണ് ഇവിടെ ടൂറിസം ആകർഷണം. വിനോദസഞ്ചാരികൾക്ക് പൂർണമായും ഗ്രാമീണജീവിതം അനുഭവവേദ്യമാകുന്ന ടൂർ പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്നത്. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടില്ലാത്ത പലയിടങ്ങളിലും ഉത്തരവാദിത്ത ടൂറിസം മിഷൻ ടൂർ പാക്കേജുകൾ നടത്തുന്നു. അവിടുത്തെ വീടുകളിൽ പപ്പടം ഉണ്ടാക്കുന്നതും ഓല മെടയുന്നതും കാണാൻ വിദേശ സഞ്ചാരികൾ വരുന്നു. അതിലൂടെ ഗ്രാമീണർ വരുമാനം നേടിത്തുടങ്ങിയിരിക്കുന്നു. കുമരകത്തും, തേക്കടിയിലും, വയനാട്ടിലും നേരത്തെ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായ വില്ലേജ് ലൈഫ് പാക്കേജുകൾ ഇന്ന് കേരളത്തിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്.

നമ്മുടെ തനതു വിഭവങ്ങൾ സഞ്ചാരികളെ പരിചയപ്പെടുത്താനും രുചികരമായതും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഉറപ്പു വരുത്തുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചിരിക്കുന്ന ലോക്കൽ ക്യുസിൻ പദ്ധതിയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. എത്‌നിക് ക്യുസിൻ നെറ്റ്‌വർക്കിൽ ഉൾപ്പെടുന്ന യൂണിറ്റുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള രജിസ്‌ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണം. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ടോയ്‌ലറ്റ് സൗകര്യം, പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പു വരുത്തണം.

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുകയും യൂനിറ്റുകൾക്ക് വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ് മഹാമാരി എത്തിയത്. വൈറസിൽ നിന്ന് പൂർണമുക്തി നേടിയെന്ന് സമാധിനിച്ചിരിക്കെ പുതിയ വകഭേദം വില്ലനായി അവതരിച്ചുകഴിഞ്ഞു. തത്‌കാലത്തേക്കെങ്കിലും വിദേശസഞ്ചാരികളെ നിയന്ത്രിച്ചും പരിശോധനകളും മാസ്ക്കും, പ്രതിരോധവും ശക്തമാക്കിയും മുന്നോട്ട് പോയാൽ കൊവിഡിനെ പ്രതിരോധിച്ച്, ടൂറിസം രംഗത്തെ രക്ഷിച്ച്, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കേരളത്തിന് രക്ഷനേടാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.