SignIn
Kerala Kaumudi Online
Saturday, 20 April 2024 2.43 AM IST

പുതുവത്സരാഘോഷത്തിന് ഹരം പകരാൻ ചൈനീസ് ഇ - സിഗരറ്റ്

cig

തൃശൂരിൽ 30 എണ്ണം പിടികൂടി, ഒരെണ്ണത്തിന് വില 2,500


തൃശൂർ: ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന് ഹരം പകരാനെത്തിച്ച ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ ശേഖരം പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഡ്യൂട്ടി പെയ്ഡ് ഷോപ്പിലും ടാറ്റൂർ സ്ഥാപനത്തിലുമായിരുന്നു വിൽപ്പന. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി പാർട്ടികൾക്കിടയിലും വിൽക്കാനാണ് ഇവ എത്തിച്ചത്.

സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിന്റെയും ടൗൺ ഈസ്റ്റ്, വെസ്റ്റ് പൊലീസിന്റെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരശോധനയിലാണ് പുതുതലമുറ ലഹരി വസ്തുക്കൾ പിടികൂടിയത്. നഗരത്തിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകർത്താക്കൾ പരശോധിച്ചപ്പോൾ ഇ - സിഗരറ്റ് ലഭിച്ച വിവരം സിറ്റി പൊലീസിനെ അറിയിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

കാഴ്ചയിൽ മിഠായി പോലെ തോന്നിക്കുന്നതും വൻ തോതിൽ നിക്കോട്ടിൻ അടങ്ങിയതുമാണിവ. ഒറ്റത്തവണ ഉപയോഗിച്ചാൽ പോലും കുട്ടികൾ അതിന് അടിമപ്പെട്ട് സ്വഭാവ വൈകൃതം പ്രകടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇലക്ട്രാേണിക് മാർഗത്തിലൂടെ ചൂടാക്കി മണപ്പിച്ചാണ് ഉപയോഗിക്കാറ്. സാധാരണ സിഗരറ്റ് പോലെ കത്തക്കേണ്ടതില്ല.

വിറ്റത് നിരോധിത ലഹരി വസ്തു

എല്ലാ തരത്തിലുള്ള ഇ - സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും സ്റ്റോക്ക് ചെയ്യുന്നതും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. തൃശൂരിൽ പിടികൂടിയിട്ടുള്ള ഇ- സിഗരറ്റുകളുടെ ശേഖരം കണക്കിലെടുത്താൽ രാജ്യത്തേക്ക് വൻ തോതിൽ ചൈനീസ് നിർമ്മിത ലഹരി വസ്തുക്കൾ ഇറക്കുമതി നടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.

പരിശോധനയ്ക്ക് പ്രത്യേക സംഘം

ന്യൂ ഇയർ പ്രമാണിച്ച് പരിശോധന ശക്തമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും പിടികൂടും. നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്താൻ പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യനിർമ്മാണം, ചാരായ വാറ്റ്, സെക്കൻഡ്‌സ് മദ്യവിൽപ്പന തുടങ്ങിയവ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിൽ വിൽക്കുന്ന മദ്യസാമ്പിൾ പരിശോധിക്കും. ആഘോഷങ്ങൾക്കിടെ ശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നവരെയും നിരീക്ഷിക്കാൻ മഫ്ടി പൊലീസിനെ വിന്യസിക്കും.

ലഹരി വിൽപ്പനയെപ്പറ്റി ജനങ്ങൾക്ക് തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കാം. നമ്പർ: 0487 2424193.

കഞ്ചാവ് പിടികൂടി

ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിൽപ്പന നടത്താൻ നഗരത്തിലെത്തിച്ച 5.860 കിലോ കഞ്ചാവ് സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗം പിടികൂടി. കുന്നംകുളം കാണിപ്പയ്യൂർ കാണിയംപാൽ പുളിയംപറമ്പിൽ മെജോയെ (29) അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. മെജോ മുമ്പ് കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.