SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.26 AM IST

നിർബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങി തായ്‌വാൻ

sainika

തായ്പെയ്:തായ്‌വാന് നേരെയുള്ള ചൈനയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നിർബന്ധിത സൈനിക സേവനം നാല് മാസത്തിൽ നിന്ന് ഒരു വർഷമാക്കാനൊരുങ്ങി തായ്‌വാൻ ഭരണകൂടം. ദ്വീപിന്റെ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്നലെ ദേശീയ സുരക്ഷാ കൂടിക്കാഴ്ചയും നടന്നു.ഇതിനു ശേഷമാണ് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ എല്ലാ പുരുഷന്മാർക്കും സൈനിക സേവനം നീട്ടിയതായി പ്രഖ്യാപിച്ചത്. ദേശീയ പ്രതിരോധത്തിന്റെ ഘടന ക്രമീകരിക്കാനുള്ള നിർദ്ദേശം അജൻഡയിലുണ്ടെന്നും പ്രസിഡന്റിന്റെ ഒഫീസ് അറിയിച്ചു. അടുത്ത ജനുവരിയിൽ ഇത് പ്രാബല്യത്തിൽ വരുത്തും. ചൈനയുടെ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിലെയും ദേശീയ സുരക്ഷാ കൗൺസിലിലെയും ഉന്നതതല ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള തായ്‌വാന്റെ സുരക്ഷാ സംഘം 2020 മുതൽ രാജ്യത്തെ സുരക്ഷാ സംവിധാനം അവലോകനം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നേതൃത്വത്തിൽ തായ്‌വാൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ശക്തമായെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് തായ്‌വാന്റെ നീക്കം. യുക്രെയിനു മേൽ റഷ്യ നടത്തുന്ന യുദ്ധവും തായ്‌വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായ്‌വാൻ യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും വാങ്ങൽ ശക്തിപ്പിച്ചിട്ടുണ്ട്.

2024ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പദ്ധതികൾക്കു കീഴിൽ നിർബന്ധിത സൈനികർ കൂടുതൽ തീവ്രമായ പരിശീലനത്തിന് വിധേയരാകുമെന്നും യു.എസ് സേന ഉപയോഗിക്കുന്ന ഷൂട്ടിംഗ് അഭ്യാസങ്ങളും യുദ്ധ നിർദ്ദേശങ്ങളും പാലിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയുടെ അധിനിവേശ ശ്രമമുണ്ടായാൽ കൂടുതൽ വേഗത്തിൽ പ്രതികരിക്കാൻ സേനയെ പ്രാപ്തമാക്കും. പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കും. സേനയെ കൂടുതൽ ചലനാത്മകവും ചടുലവുമാക്കാൻ അസിമട്രിക് യുദ്ധം എന്ന ആശയം ഉയർത്തിക്കൊണ്ട് വിപുലമായ ആയുനികവത്കരണ പരിപാടി നടപ്പാക്കും. തായ്‌വാൻ ഒരു നിർബന്ധിത സൈന്യത്തിൽ നിന്ന് സന്നദ്ധ സേവകരുടെ ആധിപത്യമുള്ള പ്രൊഫഷണൽ സേനയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ,​ ചൈനയുടെ നീക്കവും യുക്രെയിൻ നേരിടുന്ന പ്രശ്നവും എങ്ങനെ പ്രതിരോധം വർദ്ധിപ്പിക്കാമെന്ന് ചിന്തിക്കുന്നതിന് കാരണമായെന്നും അധികൃതർ പറഞ്ഞു.

71 യുദ്ധ വിമാനങ്ങൾ, 7 യുദ്ധക്കപ്പലുകൾ

തായ്‌വാനിൽ അവകാശ വാദം ഉന്നയിക്കുന്ന ചൈന തിങ്കളാഴ്ച താ‌യ്‌വാന്റെ പ്രതിരോധ മേഖലയിൽ ശക്തമായ വ്യോമാഭ്യാസമാണ് നടത്തിയത്.

ശനിയാഴ്ച യു.എസ് പ്രഖ്യാപിച്ച വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാന് പ്രാധാന്യം നല്കിയതിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.തായ്‌വാനുമയുള്ള ചില വ്യവസ്ഥകളും ഇതിൽ യു.എസ് വ്യക്തമാക്കിയിരുന്നു. ബില്ലിൽ തന്ത്രപരമായ വെല്ലുവിളിയെന്നാണ് ചൈനയെ യു.എസ് വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ തായ്‌വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളുമാണ് ചൈന അയച്ചത്. ഞായറാഴ്ചയും തിങ്കാളാഴ്ചയുമായി 47 ചൈനീസ് വിമാനങ്ങൾ തായ്‌വാന്റെ കടലിടുക്കിന്റെ മീഡിയൻ കടന്നുപോയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.18 ജെ16 യുദ്ധവിമാനങ്ങളും 11 ജെ1 യുദ്ധവിമാനങ്ങളും 6 എസ്യു30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള വൻ വ്യാമ സന്നാഹമാണ് തായ്‌വാനെ ലക്ഷ്യമാക്കി ചൈന അയച്ചത്. ആഗസ്റ്രിൽ യു.എസ് സഭാ സ്പീക്കർ നാൻസി പെലോസി തായ്‌പെയ് സന്ദർശിച്ചതിനു ശേഷം ചൈന തായ്‌വാനു മേൽ ഇത്തരത്തിലുള്ള യുദ്ധാഭ്യാസങ്ങൾ നടത്തിയിരുന്നു. യു.എസ് തായ്‌വാൻ ബന്ധത്തിനുള്ള പ്രതികരണമാണ് ഇതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ഷി യി പ്രതികരിച്ചു.

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെയും പ്രതിപക്ഷമായ കുമിന്റാങ്ങിന്റെയും കീഴിലുള്ള സർക്കാരുകൾ തായ്പേയ്ക്കും ബീജിംഗിനുമിടയിലെ സംഘർഷാവസ്ഥ കുറഞ്ഞ സാഹചര്യത്തിൽ പുരുഷന്മാർക്കുള്ള നിർബന്ധിത സൈനിക സേവനം രണ്ട് വർഷത്തിൽ നിന്ന് നാല് മാസമായി കുറച്ചിരുന്നു.

തായ്‌വാനിൽ സൈനിക സേവനം അത്ര ജനപ്രിയമായ കാര്യമല്ലായിരുന്നു. എന്നാൽ,​ വർദ്ധിച്ചുവരുന്ന ആശങ്കയാണ് ഈ നീക്കത്തിലേക്ക് നയിച്ചത്.

1949ലെ ചൈനീസ് ആഭ്യന്തര യുദ്ധത്തിന്റെ അവസാനത്തിലാണ് തായ്‌വാനും ചൈനയും വേർപിരിയുന്നത്.പെന്റഗൺ കണക്കുകൾ പ്രകാരം ചൈനയുടെ ഒരു ദശലക്ഷം സൈനികർക്ക് 88,​000 കരസേനയാണ് തായ്‌വാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.