SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.26 PM IST

ശബരിമലയോട് ഇനിയും തീരാത്ത അയിത്തം

sabarimala

സുപ്രീം കോടതി ഉത്തരവിനെ തുടർന്നുണ്ടായ യുവതീപ്രവേശന വിവാദം, കൊവിഡ് മഹാമാരി, പ്രളയം എന്നിവ സൃഷ്ടിച്ച അനിശ്ചിതത്വത്തിനു ശേഷം ശബരിമല തീർത്ഥാടനം പഴയപടിയാകുന്നത് ഇക്കുറിയാണ്. മണ്ഡല മഹാത്സവത്തിനായി നടതുറന്നശേഷം ഇതുവരെ 30 ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനപുണ്യം തേടി മലകയറിയത്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് കൂടി കഴിയുന്നതോടെ 10 ലക്ഷത്തിലധികം തീർത്ഥാടകരെങ്കിലും ശബരീശ സന്നിധിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേ വിദേശത്ത് നിന്നുപോലും തീർത്ഥാടകരെത്തുന്നുണ്ട്.

തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധന മാത്രമല്ല, വരുമാനത്തിലും ഇക്കുറി റെക്കോ‌ർഡിടുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അപ്പം, അരവണ വില്പനയിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനയാണുണ്ടായത്. ഇത്തവണ ദിവസം ഒരുലക്ഷം അയ്യപ്പന്മാർ വരെയെത്തിയ ദിവസമുണ്ടായിരുന്നു. എന്നാൽ ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും അയ്യപ്പന്റെ പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിലും സർക്കാരിനും ദേവസ്വം ബോർഡിനും വേണ്ടത്ര നീതിപുലർത്താൻ കഴിഞ്ഞോയെന്ന് ദർശനത്തിനെത്തുന്ന ഏതൊരു ഭക്തനും സംശയിക്കും.

റോഡ്

തീരെ മോശം

മുൻകാലങ്ങളിൽ ശബരിമല മണ്ഡലകാലം തുടങ്ങും മുൻപേ ശബരിമലയിലേക്കുള്ള റോഡുകളെല്ലാം അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്ത് വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ലെന്ന് മാത്രമല്ല, റോഡ് പലയിടത്തും കുണ്ടും കുഴിയും നിറഞ്ഞ് സുരക്ഷിതയാത്ര ബുദ്ധിമുട്ടായ നിലയിലാണ്. പത്തനംതിട്ട മുതൽ പ്ളാപ്പള്ളി വരെയുള്ള റോഡ് ടാർചെയ്തിട്ട് വർഷങ്ങളായെന്നു തോന്നും. നിലയ്ക്കൽ വരെ അങ്ങിങ്ങ് പാച്ച് വർക്ക് നടത്തിയെന്നതൊഴികെ റോഡ് തീരെ നിലവാരമുള്ളതല്ല.

മണ്ഡലകാലം തുടങ്ങും മുൻപേ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ശബരിമലയിലെത്തി അവലോകനയോഗം നടത്തുകയും തീർത്ഥാടനം സുഗമമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കുകയും റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായിരുന്നു പതിവ്. കോടികളുടെ നടവരവ് ലഭിക്കുമ്പോഴും സർക്കാരിനും ദേവസ്വം ബോർഡിനും ശബരിമലയോടുള്ള താത്പര്യക്കുറവിന്റെ കാരണം അന്വേഷിക്കുകയാണ് അയ്യപ്പഭക്തർ.

കേന്ദ്രം അനുവദിച്ച

100 കോടി നഷ്ടമാക്കി

സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം കേന്ദ്രം ശബരിമലയ്ക്കായി പ്രഖ്യാപിച്ച 100 കോടിരൂപ നഷ്ടപ്പെടുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞതും ഈ താത്പര്യമില്ലായ്മയിലേക്ക് വിരൽചൂണ്ടുന്നു. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ എല്ലാവികസന പദ്ധതികൾക്കും ഫണ്ട് നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടും സംസ്ഥാനം താത്പര്യം കാട്ടുന്നില്ല. ഇതിനായുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ മൂന്ന് വർഷത്തെ കാലാവധിയാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. എന്നാൽ മതിയായ പദ്ധതികൾ തയ്യാറാക്കാൻപോലും ശ്രമിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.

പരിസ്ഥിതി,

മാലിന്യ പ്രശ്നങ്ങൾ

പ്ളാസ്റ്റിക് നിരോധനമുള്ള ശബരിമലയിൽ പ്ളാസ്റ്റിക്കിന്റെ ഉപയോഗം കൂടിയിട്ടും കാര്യമായ നടപടിയുണ്ടാകാത്തത് കടുത്ത പരിസ്ഥിതി പ്രശ്നമാണുയർത്തുന്നത്. ഭക്തർ വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികൾ പമ്പമുതൽ സന്നിധാനം വരെയുള്ള പാതയോരത്ത് പലയിടത്തും കുന്നുകൂടിക്കിടക്കുന്നു. ഇത് വന്യജീവികൾക്കും ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. പെരിയാർ ടൈഗർ റിസർവിന്റെ കീഴിലുള്ള ഇന്ത്യ ഇക്കോ ഡെവലപ്മെന്റ് പ്രൊജക്ട്, പമ്പാനദിയും ശബരിമലയും നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി 1999 മുതൽ പല പ്രാവശ്യം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബരിമലയിലെ ജൈവ സന്തുലിതാവസ്ഥയെക്കുറിച്ച് 1999 ലെ പഠന റിപ്പോർട്ടിൽ പൂങ്കാവനത്തെ വനനശീകരണം, വിറകിനായി മരങ്ങൾ വെട്ടുന്നത്, പ്ളാസ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ എന്നിവ ശബരിമലയുടെ പരിസ്ഥിതിസംരക്ഷണ പ്രക്രിയയെ എപ്രകാരം പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷിച്ചിരുന്നു. സംരക്ഷണ മേഖലയിൽ പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു.

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി വിവിധ കാലങ്ങളിൽ ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭയിൽ അഞ്ചിലധികം റിപ്പോർട്ടുകൾ നേരത്തെ സമർപ്പിച്ചിട്ടുണ്ട്. മുൻ സമിതികളുടെ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളൊന്നും പൂർണമായും നടപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. കേരള പൊലീസിന്റെ നേതൃത്വത്തിൽ 2011 മുതൽ നടന്നുവരുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയും പൂർണമായ ലക്ഷ്യത്തിലെത്തിയിട്ടില്ല. തീർത്ഥാടന സമയത്ത് ശബരിമലപ്രദേശത്ത് 600 ടണ്ണിലേറെ മാലിന്യമാണ് ഉണ്ടാകുന്നത്. അത്രയും മാലിന്യം താങ്ങാനുള്ള ശേഷി അവിടെയില്ല. സന്നിധാനത്തെത്തുന്ന പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ തിരികെക്കൊണ്ടുപോകാൻ പ്രേരണ നൽകണം. മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിക്കണം, നിലയ്ക്കലിൽ വച്ചുതന്നെ തീർത്ഥാടകരുടെ കൈവശമുള്ള പ്ളാസ്റ്റിക് ബോട്ടിലുകൾ നിർബന്ധപൂർവം ശേഖരിക്കണം തുടങ്ങിയ ക്രിയാത്മക നിർദ്ദേശം 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. കഴിഞ്ഞ കുറെക്കാലമായി ശബരിമലയ്ക്കും അനുബന്ധ പ്രദേശങ്ങൾക്കുമായി രൂപം കൊണ്ട വ്യത്യസ്ത പദ്ധതികൾ, കോടതിവിധികൾ, പഠന റിപ്പോർട്ടുകൾ, എന്നിവയുടെ അടിസ്ഥാനത്തിൽ തുടങ്ങിവയ്ക്കപ്പെട്ട പല വികസന പരിപാടികളും ഇടയ്ക്ക് നിറുത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തത് മൂലം പൂർണതയിലെത്തിയിട്ടില്ല. വർഷാവർഷം വർദ്ധിച്ചു വരുന്ന തീർത്ഥാടകരുടെ എണ്ണത്തിന് അനുസൃതമായ വികസനം നടപ്പാക്കാത്തതിനാലും നടപ്പാക്കിയ പദ്ധതികൾ പൂർണത കൈവരിയ്ക്കാത്തതിനാലും തീർത്തും സങ്കീർണമായ വികസന ചിത്രമാണവിടെയുള്ളത്.

അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയും പരിസരപ്രദേശവും എപ്പോഴും മാലിന്യ മുക്തമായിരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് ദർശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 'പവിത്രം ശബരിമല' സമ്പൂർണ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ അയ്യപ്പദർശനം പൂർത്തിയാക്കിയ ശേഷം പവിത്രം ശബരിമല പദ്ധതിയുടെ നീല തൊപ്പിയും പ്രത്യേക മാസ്‌‌കും അണിഞ്ഞാണ് അദ്ദേഹം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായത്. 'പവിത്രം ശബരിമല' പരിപാടിയുടെ ഭാഗമായി ദിവസവും ഒരു മണിക്കൂർ വീതം ശബരിമല അയ്യപ്പസന്നിധിയിൽ ശുചീകരണം നടത്തുന്നുണ്ട്.

ഒരു ദിവസം

30 ലോഡ് മാലിന്യം

ശബരിമലയിൽ ഇപ്പോൾ ദിവസേന 30 ട്രാക്ടർ മാലിന്യമാണുണ്ടാകുന്നത്. ഈ സീസണിൽ ഇതുവരെ 1350 ലോഡ് മാലിന്യം സംസ്ക്കരിച്ചു. സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് യൂണിറ്റ് ഇൻസിനറേറ്ററുകളിലാണ് ഈ മാലിന്യം സംസ്ക്കരിക്കുന്നത്. മണിക്കൂറിൽ 700 കിലോഗ്രാം മാലിന്യം കത്തിക്കാൻ മൂന്ന് ഷിഫ്റ്റിലായി 66 ജീവനക്കാരുണ്ടിവിടെ. മരക്കൂട്ടം മുതലുള്ള തീർത്ഥാടന പാതയിലെ മാലിന്യമാണ് ശേഖരിച്ച് സംസ്ക്കരണത്തിനായി ഇവിടെയെത്തിക്കുന്നത്. തീർത്ഥാടന പാതയിൽ പലയിടത്തും അയ്യപ്പന്മാർക്കായി ഒൗഷധ കുടിവെള്ളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ളാസ്റ്റിക് കുപ്പികളിലാക്കി പലരും കുടിവെള്ളം കൊണ്ടുവരുന്നു. ഈ കുപ്പികളാണ് വഴിയിൽ വലിച്ചെറിയുന്നത്. നിലയ്ക്കൽ വച്ചോ പമ്പയിൽ വച്ചോ ഇത് നിയന്ത്രിക്കുന്നതിൽ അധികൃതർക്കുണ്ടാകുന്ന വീഴ്ചയാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടാൻ കാരണം.

ശബരിമലയും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കാനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മിഷൻ ഗ്രീൻ ശബരിമലയ്ക്കായി പ്രചാരണ പദ്ധതികളൊരുക്കി ശുചിത്വമിഷൻ രംഗത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ദേവസ്വംബോർഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷൻ, പൊലീസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ മിഷൻ ഗ്രീൻ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും മാലിന്യത്തിന്റെ തോതിന് കുറവൊന്നുമില്ല. പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റർ പ്ലാനോടെ ശബരിമലയെ മാതൃകാ തീർത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതിസമിതി ചെയർമാൻ ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിലുള്ളനിയമസഭാ പരിസ്ഥിതി സമിതി പറഞ്ഞിരുന്നു.

മണ്ഡലകാലം തുടങ്ങും മുമ്പ് ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പമ്പയിൽ നടന്ന അവലോകന യോഗത്തിലാണ് സമിതി ഇക്കാര്യം അറിയിച്ചത്. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിലെ വായുമലിനീകരണം, ജലമലിനീകരണം എന്നിവ പരിഹരിച്ച് മുന്നോട്ട് പോകാൻ പാകത്തിലുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് അവിടം സന്ദർശിക്കുന്നവർക്ക് നേരിട്ട് ബോദ്ധ്യമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.