SignIn
Kerala Kaumudi Online
Friday, 19 April 2024 9.04 PM IST

മൂല്യവർദ്ധിത ഉത്പന്ന ആശയം ഗുരുവിന്റേത്:മന്ത്രി പി.പ്രസാദ് 

sivagiri

ശിവഗിരി :യന്ത്രവത്കരണത്തിലൂടെ കാർഷിക വിഭവങ്ങളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ നിർമിക്കാൻ സമുദായ അംഗങ്ങൾ ചേർന്ന് കമ്പനികൾ രൂപീകരിക്കണമെന്ന് ശ്രീനാരായണ ഗുരുദേവൻ പതിറ്റാണ്ടുകൾക്ക് മുൻപ് നിർദ്ദേശിച്ചിരുന്നതായും അതാണ് ഇന്നത്തെ മൂല്യവർദ്ധിത ഉത്പന്നങ്ങളെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.

ശിവഗിരി തീത്ഥാടനത്തിലെ കൃഷി - കൈത്തൊഴിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം കഴിഞ്ഞാൽ ഗുരുദേവൻ പ്രാധാന്യം നൽകിയത് വ്യവസായത്തിനും കൃഷിക്കും കൈത്തൊഴിലിനുമായിരുന്നു. ആദ്യ ശിവഗിരി തീർത്ഥാടകനായ പി.കെ.ദിവാകരപ്പണിക്കർ പത്താം ക്ലാസ് കഴിഞ്ഞു ആലുവയ്ക്കടുത്തുള്ള പാഠശാലയിൽ കൃഷിയിൽ പഠിച്ച ശേഷമാണ് 1932 ൽ ശിവഗിരി തീർത്ഥാടനത്തിന് പുറപ്പെട്ടത്. അക്കാലത്ത് കൃഷിവിദ്യാഭ്യാസം നടത്തുന്നവർക്ക് 10 ഏക്കർ സ്ഥലം നൽകുമായിരുന്നു. ആ സ്ഥലത്ത് കൃഷി ചെയ്ത് മികച്ച കർഷകനായ പി.കെ.ദിവാകരപ്പണിക്കർ നേതൃത്വം നൽകിയ ആദ്യ തീർത്ഥാടനത്തിന് പ്രാധാന്യമുണ്ട്.

ഗുരുദേവൻ ശിവഗിരിക്കുന്നിൽ കൃഷി നടത്തിയാണ് പർണശാല തുടങ്ങിയത്.പിന്നീട് കാർഷിക സമ്മേളനം നടത്തി. നൂറുവർഷം മുൻപാണ് പിന്നാക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തെ കാർഷിക സമ്മേളനം നടത്തി മുഖ്യധാരയിലേക്ക് എത്തിക്കാൻ ഗുരു ശ്രമിച്ചത്. സമുദായ അംഗങ്ങളെ ഉത്സാഹഭരിതരാക്കാൻ ആദ്യമായി പ്രസംഗ സ്‌ക്വാഡിനെ നിയോഗിച്ചതും ഗുരുദേവനാണ്. മതം,സദാചാരം,വിദ്യാഭ്യാസം,കൈത്തറി,വ്യവസായം,മിതവ്യയം എന്നിവയെക്കുറിച്ച് ഉദ്ബോദിപ്പിക്കാൻ മണമ്പൂർ ഗോവിന്ദനാശാന്റെ നേതൃത്വത്തിലായിരുന്നു സ്‌ക്വാഡുകൾ. സന്ദേഹമുള്ള ഒന്നും പറയരുതെന്നാണ് പ്രസംഗകരോട് ഗുരുദേവൻ ഉപദേശിച്ചത്. അതാണ് ശ്രീനാരായണ സംസ്‌കാരം . 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ' എന്നു ഗുരുദേവൻ പറഞ്ഞത് കർഷകനും ചേരും. അന്നം നൽകുന്ന കർഷകരെ സംരക്ഷിക്കുന്നതിന് പകരം ഇന്ന് അവരെ സമരവുമായി തെരുവിൽ ഇറക്കുന്നു. നമുക്ക് വേണ്ടത് അഗ്നിപഥ് ,അഗ്നിവീർ എന്നിവയൊന്നുമല്ല, മറിച്ച് കൃഷി പഥ്, കൃഷി വീർ എന്നിവയാണ്.അതിനാണ് സർക്കാരുകൾ ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു അദ്ധ്യക്ഷനായി. സി.എ.ജി ഓഫ് ഇന്ത്യ ന്യൂഡൽഹി പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്‌മാൻ, ഹാൻഡിക്രാഫ്ട് ഡെവലപ്മെന്റ് കോർപറേഷൻ മുൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, കയർ ബോർഡ് കമ്മിഷണർ വി.ആർ.വിനോദ്, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. സ്വാമി ബോധിതീർത്ഥ സ്വാഗതവും സ്വാമി അംബികാനന്ദ നന്ദിയും പറഞ്ഞു.

ജസ്റ്റിസ് എബ്രഹാം മാത്യു

ആത്മീയത മാത്രമല്ല, ജനങ്ങളുടെ സാമൂഹികവും ലൗകികവുമായ കാര്യങ്ങളും ശ്രദ്ധിച്ച ഗുരുവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവൻ. ഇങ്ങനെ ശ്രദ്ധിക്കാൻ ഗുരുവിനല്ലാതെ മറ്റൊരു സന്യാസിക്ക് കഴിയില്ല. സ്വന്തമായി കൃഷി ചെയ്യുന്നവർ ഇപ്പോൾ വെല്ലുവിളി നേരിടുകയാണ്.

സുബു റഹ്മാൻ

ശ്രീനാരായണഗുരു നിർദ്ദേശിച്ച ആശയങ്ങൾ ഓരോരുത്തരും ജീവിതത്തിൽ പ്രവർത്തികമാക്കണം. വെറും വയറ്റിൽ വിപ്ളവമുണ്ടാവില്ലെന്നാണ് ഗുരുദേവൻ പറഞ്ഞത്. അതിനാലാണ് കൃഷിയും വ്യവസായവും നടത്തി സമ്പത്ത് ആർജിച്ച് സാമൂഹിക വിപ്ലവം ഉണ്ടാക്കാനും സമൂഹത്തെ മെച്ചപ്പെട്ട നിലയിൽ മാറ്റാനും ഗുരു ഉദ്ബോധിപ്പിച്ചത്.

കെ.എസ്.സുനിൽകുമാർ

കേരളത്തിന്റെ വളർച്ചയ്ക്ക് ഗുരുദേവൻ നടത്തിയ നിർണ്ണായകമായ ഇടപെടൽ കാണാതെയും ചർച്ച ചെയ്യാതെയും നമുക്ക് മുന്നോട്ടുപോകാനാവില്ല. കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.


വി.ആർ.വിനോദ്

ഗുരുദേവൻ നിർദ്ദേശിച്ച വ്യവസായത്തിൽ ഉൾപ്പെട്ട കയർ മേഖലയിൽ ഇപ്പോൾ ആധുനിക വത്ക്കരണം നടക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.