ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം നാളെ മോഹൻലാൽ നടത്തും
പ്രശസ്ത തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു സംവിധായകനും നിർമ്മാതാവും ആകുന്നു. സുരേഷ് ബാബുവും ഉണ്ണി രവീന്ദ്രനും ചേർന്ന് ജനത മോഷൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ നിർമ്മിക്കുന്ന ആറു ചിത്രങ്ങളുടെ ഒൗദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് 5.30ന് എറണാകുളം ക്രൗൺ പ്ളാസ ഹോട്ടലിൽ മോഹൻലാൽ നടത്തും. ഇതിൽ രണ്ടു ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനും സുരേഷ് ബാബു ആണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് സുരേഷ് ബാബു ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലായിൽ ചിത്രീകരണം ആരംഭിക്കും.ഭദ്രൻ, ടിനു പാപ്പച്ചൻ, തരുൺ മൂർത്തി, രതീഷ് കെ. രാജൻ എന്നിവരാണ് മറ്റു ചിത്രങ്ങളുടെ സംവിധായകർ.സുരേഷ് ബാബുവിന്റെ നാടായ വള്ളംകുളത്തെ പ്രശസ്തമായ കൊട്ടകയായിരുന്നു ജനത . ഈ നാമധേയത്തിലാണ് നിർമ്മാണ സംരംഭം.
വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിന് രചന നിർവഹിച്ചാണ് എസ്. സുരേഷ് ബാബു വെള്ളിത്തിരയിൽ എത്തുന്നത്. നിരവധി ചിത്രങ്ങൾക്ക് രചന നിർവഹിച്ച സുരേഷ് ബാബു മോഹൻലാലിന്റെ ശിക്കാർ, കനൽ എന്നീ സിനിമകളുടെയും തിരക്കഥാകൃത്താണ്. നവ്യനായർ തിരിച്ചുവരവ് നടത്തിയ ഒരിത്തീ ആണ് ശ്രദ്ധേയമായ മറ്റൊരു രചന.വി.കെ. പ്രകാശിന്റെ സംവിധാനത്തിൽസുരേഷ് ബാബു രചന നിർവഹിച്ച സൗബിൻ- മംമ്ത മോഹൻദാസ് ചിത്രം ലൈവ് കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |