തലശ്ശേരി: നഗരത്തിലെ ഒരു ഡസനോളം ഹോട്ടൽ, റെസ്റ്റോറന്റുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മിക്കയിടത്തും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. മൂന്ന് റസ്റ്റോറന്റുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ജില്ലാ കോടതി പരിസരത്തെ സീ പാരീസ്, സിവ്യൂ പാർക്കിലെ തലശ്ശേരി റസ്റ്റോറന്റ്, കുയ്യാലി ഗേറ്റിനടുത്ത എ.വി.വി. റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നും ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചപ്പാത്തി, ന്യൂഡിൽസ്, കറി മസാലകൾ, പൊരിച്ച മീൻ , ബിരിയാണി റൈസ്, ചൈനീസ് ഭക്ഷണങ്ങൾ, പാചകം ചെയ്യാൻ തയ്യാറാക്കി വച്ച ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറികൾ എന്നിവയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
നഗരത്തിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടകളിലും കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളോട് ഉടൻ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ രാവിലെ 6 മണി മുതൽ നടത്തിയ പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, എച്ച്.ഐമാരായ വി.പി. ബാബു, കെ. ബാബു, അരുൺ എസ്. നായർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |