SignIn
Kerala Kaumudi Online
Thursday, 25 April 2024 6.46 PM IST

"ഇവനെ കൊണ്ട് സിനിമയിൽ പാടിച്ച് പറ്റുമെങ്കിൽ ഒരു വഴിക്കാക്കി തരണം'': പടം പൊട്ടിയാലും യേശുദാസ് തന്നെ പാടട്ടെയെന്ന് രാമൻ നമ്പിയത്ത് തീരുമാനിച്ചു

raman-nambiath-yesudas

ആ 'കാൽപ്പാടുകൾ ' യേശുദാസിനൊരിക്കലും മറക്കാനാവില്ല...
1961 നവംബർ 14 ന് യേശുദാസ് ആ ഗാനം പാടി...

അതിന് പിന്നിൽ രാമൻ നമ്പിയത്തിന്റെ അകമഴിഞ്ഞ സഹായമുണ്ടായിരുന്നു ...


'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും ..
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്...'


ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം യേശുദാസിന്റെ സംഗീത ജീവിതത്തിൽ നന്ദിയോടെ ഓർത്ത് വെക്കേണ്ട നാമമാണ് രാമൻനമ്പിയത്ത്.


'കാൽപ്പാടുകൾ ' എന്ന സിനിമയെയും അതിന്റെ നിർമ്മാതാവായ രാമൻ നമ്പിയത്തിനെയും, ആ സിനിമയിലെ 'ജാതിഭേദം മതദ്വേഷം ... 'എന്ന് തുടങ്ങുന്ന ഗുരുദേവ ശ്ലോകത്തെയും ഗന്ധർവ്വ ഗായകൻ യേശുദാസിനൊരിക്കലും മറക്കാനാവുന്നതല്ല. യേശുദാസ് എന്ന ഗായകന്റെ ശബ്ദം സിനിമയിൽ ആദ്യമായി റിക്കോർഡ് ചെയ്യപ്പെട്ടത് 'കാൽപ്പാടുകൾ ' എന്ന സിനിമയിലാണ്. എം.ബി.ശ്രീനിവാസനായിരുന്നു സംഗീത സംവിധായകൻ. യേശുദാസ് എന്ന മഹാ ഗായകന്റെ പിറവി ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു.


'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.''
എന്ന ഗുരുദേവ ശ്ലോകമാണ് യേശുദാസ് ആദ്യമായി പാടിയത്. കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി ' എന്ന കവിതാ ശകലവും സിനിമക്കായി യേശുദാസ് ഇതിൽ പാടി.


'കാൽപ്പാടുകൾ 'സാമ്പത്തികമായി പരാജയപ്പെട്ടു. എങ്കിലും പാട്ടുകളും, യേശുദാസ് എന്ന നവാഗത ഗായകനും ശ്രദ്ധിക്കപ്പെട്ടു. ഗന്ധർവ്വ ഗായകനിലേക്കുള്ള യേശുദാസിന്റെ സംഗീത യാത്രയിൽ ഈ 'കാൽപ്പാടുകൾ ' ഇന്നും മായാതെ കിടക്കുന്നു. 'കാൽപ്പാടുകളുടെ മുറിപ്പാടുകൾ ' എന്ന പേരിൽ രാമൻ നമ്പിയത്ത് തന്റെ സിനിമ അനുഭവങ്ങളെ ആത്മകഥയാക്കി. അതിൽ, 'കാൽപ്പാടുകൾ ' എന്ന സിനിമയെക്കുറിച്ചും, യേശുദാസിനെ കുറിച്ചും നമ്പിയത്ത് വിശദമായി പറയുന്നുണ്ട്.


'ഈ പാട്ടുകളുടെ റിക്കോർഡിംഗ് സമയത്തിന് രണ്ട് ദിവസം മുൻപ് യേശുദാസിന് പനി ബാധിച്ചു.സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ ഒരു തീരുമാനം പറഞ്ഞു. 'ഈ അവസ്ഥയിൽ യേശുദാസിനെ കൊണ്ട് പാടിക്കാനാവില്ല.'
'എന്റെ പടം പൊട്ടിയാലും യേശുദാസ് തന്നെ പാടട്ടെ ' എന്നായിരുന്നു അപ്പോൾ രാമൻ നമ്പിയത്തിന്റെ മറുപടി. പടം പൊട്ടി. രാമൻ നമ്പിയത്ത് എന്ന നിർമ്മാതാവ് കടം കയറി ആത്മഹത്യയെ പറ്റി ചിന്തിച്ചു. തൃശൂർ കണ്ടശ്ശാംകടവിലെ വീടും, സ്ഥലവും എല്ലാം വിറ്റ് പെറുക്കി രാമൻ നമ്പിയത്ത് ഒറ്റപ്പാലം പത്തംകുളം ഗ്രാമത്തിൽ അഭയം തേടി.


കവിതയും, എഴുത്തും,കൃഷിയുമായി സിനിമ മറന്ന ജീവിതം. ഒരിക്കൽ നമ്പിയത്തിനൊരു ആഗ്രഹം.. 'മരിക്കുന്നതിന് മുൻപ് യേശുദാസിനെ ഒന്നു കാണണം ' ആ ആഗ്രഹം സഫലീകരിച്ച് ഒരിക്കൽ ഗാന ഗന്ധർവ്വൻ നമ്പിയത്തിന്റെ പത്തംകുളത്തെ വീട്ടിലെത്തി.
രാമൻ നമ്പിയത്തിന്റെ കൈ പിടിച്ചു. കാൽ തൊട്ടു. കാലം പുറകിലേക്ക് സഞ്ചരിച്ചു. 'കാൽപ്പാടുക'ളുടെ ഓർമ്മകൾ പങ്കിട്ടു നിന്ന നിമിഷങ്ങൾ...


യേശുദാസ് എന്ന ഗന്ധർവ്വ നാദത്തെ രാമൻ നമ്പിയത്ത് അന്ന് സ്‌നേഹ വാത്സല്യത്തോടെ നോക്കി നിന്നു. 23ാം വയസിൽ തനിക്ക് മുന്നിൽ പാട്ട് പാടാൻ അവസരം ചോദിച്ച് വന്ന ആ യുവഗായക സ്വരം, ഗാന ഗന്ധർവ്വനായി, ഗന്ധർവ്വസ്വരമായി വളർന്ന് പന്തലിച്ച് തനിക്ക് മുന്നിൽ നിൽക്കുന്ന കാഴ്ച രാമൻ നമ്പിയത്തിന് ജീവിതത്തിന്റെ അവസാന കാലത്ത് കിട്ടിയ ഏറ്റവും വലിയ ആഹ്ലാദ നിമിഷമായിരുന്നു.

'കാൽപ്പാടുകളുടെ ഏടുകളിൽ ഇങ്ങിനെ കാണാം...


'യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഒരിക്കൽ യേശുദാസിനെ കൂട്ടി രാമൻ നമ്പിയത്തിനെ പീച്ചിയിലെ താമസസ്ഥലത്ത് കാണാൻ വന്നു. 'ഇവനെ കൊണ്ട് സിനിമയിൽ പാടിച്ച് പറ്റുമെങ്കിൽ ഒരു വഴിക്കാക്കി തരണം ... ' കൈകൂപ്പി കൊണ്ടാണ് അഗസ്റ്റിൻ ജോസഫ് രാമൻ നമ്പിയത്തിന് മുന്നിൽ ഇങ്ങിനെ പറഞ്ഞത്.


'കാൽപ്പാടുകളിലെ മുറിപ്പാടുകളിൽ 'എല്ലാം എഴുതി വെച്ച് 6 വർഷം മുൻപ് 90ആം വയസിൽ രാമൻ നമ്പിയത്ത് യാത്രയായി. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിനെ മലയാളത്തിന് സമ്മാനിച്ച രാമൻ നമ്പിയത്ത്, വേണ്ടത്ര ഓർക്കാതെ പോയ മഹാനാ മമാണ്.


യേശുദാസ് ഇന്നത്തെ തന്റെ ജന്മദിനത്തിലും രാമൻ നമ്പിയത്തിനെ ഓർക്കാതിരിക്കില്ല.. 'ജാതിഭേദം മതദ്വേഷം ' മനസിലെങ്കിലും പാടാതിരിക്കില്ല


'ജാതിഭേദം മതദ്വേഷം ...
ഏതുമില്ലാതെ സർവ്വരും ..
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്..'

യേശുദാസിന്റെ ശബ്ദത്തിൽ പല വേദികളിലും എത്രയോ തവണ ഉയർന്ന് കേട്ട അന്വർത്ഥമായ വരികൾ..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESUDAS, RAMAN NAMBIATH, YESUDAS BIRTHDAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.