കൊച്ചി: സിനിമാ, സംഗീതലോകത്തെ പ്രിയപ്പെട്ടവർ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഒത്തുചേർന്ന് തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കേക്കു മുറിച്ച് ആഹ്ളാദം പങ്കിടുന്ന കാഴ്ച അങ്ങ് അമേരിക്കയിൽ ഡാലസിലെ വസതിയിലിരുന്ന് ഗാനഗന്ധർവൻ യേശുദാസ് നിറഞ്ഞമനസോടെ കണ്ടു.
ഓർമ്മവച്ചകാലം മുതൽ ഒപ്പമുള്ള ആ ശബ്ദമാധുരിയെ കുറിച്ചുള പ്രശംസാവചനങ്ങൾക്ക് കൂപ്പുകൈയോടെ അദ്ദേഹം നന്ദി പറഞ്ഞു. ''ശാസ്ത്ര സാങ്കേതികമേഖലയുടെ വളർച്ചയും പുരോഗതിയും മൂലമാണ് വിദൂരരാജ്യത്തിരുന്ന് എനിക്ക് നിങ്ങളെയെല്ലാം കാണാനും സംസാരിക്കാനുംകഴിയുന്നത്"", യേശുദാസ് പറഞ്ഞു.
പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ദാസേട്ടൻ ഫോണിൽവിളിച്ചത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമായി കാണുന്നുവെന്ന് കളക്‌ടർ ഡോ. രേണുരാജ് പറഞ്ഞു.
വിസ്മയിപ്പിക്കുന്ന മലയാളി
ദാസേട്ടന്റെ ഒരുപാട്ടെങ്കിലുമില്ലാതെ മലയാളിക്ക് ഒരുദിവസമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അത്രത്തോളം നമ്മുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുകയാണ് ദാസേട്ടൻ. മലയാളഭാഷയും സംഗീതവുമുണ്ടെന്നറിയുന്നതിന്റെ പ്രധാന കാരണക്കാരൻ ദാസേട്ടനാണ്.
അദ്ദേഹം കൊച്ചിക്കാരനാണ്, മലയാളിയാണ്, മുണ്ടുടുക്കുന്നയാളാണ്, ജുബ്ബയിടുന്നയാളാണ്, താടി വച്ചയാളാണ്.. അങ്ങനെ ഒരുപാട് അടുപ്പങ്ങൾ അദ്ദേഹവുമായി മലയാളികൾക്കുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാൻ ..." ആൽബം മമ്മൂട്ടി പ്രകാശനംചെയ്തു. ഛായാഗ്രാഹകൻ ലീൻ തോബിയാസ് പകർത്തിയ 83 ഗന്ധർവ ഭാവരാഗചിത്രങ്ങളുടെ പ്രദർശനം മമ്മൂട്ടിക്ക് ഫോട്ടോ സമ്മാനിച്ച് കളക്ടർ ഉദ്ഘാടനംചെയ്തു. യേശുദാസിന്റെ ചിത്രം കാമറയിലേക്ക് പകർത്താനുള്ള അപൂർവാവസരം ലഭിച്ചതിനെ കുറിച്ചുള്ള അനുഭവവും മമ്മൂട്ടി പങ്കുവച്ചു.
ശുദ്ധമായി മലയാളം പറയുന്ന കളക്ടർ രേണുരാജ് ബെസ്റ്റ് മലയാളിയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലെ ആളാണെന്ന് ധരിച്ചാണ് ശ്രദ്ധിക്കാതിരുന്നതെന്നും മനോജ് കെ.ജയൻ പറഞ്ഞപ്പോഴാണ് ആളെ മനസിലായതെന്നും മമ്മൂട്ടി പറഞ്ഞു.
മറികടക്കാനാകാത്ത ശബ്ദം
ദാസേട്ടന്റെ ശബ്ദത്തെ മറികടക്കുന്ന ഒരു ശബ്ദവും ഈ ഭൂമിയിലില്ലെന്ന് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞു. ഈ ശബ്ദം നിലനിർത്തുന്നതിനായി 83-ാം വയസിലും അദ്ദേഹം തുടരുന്ന തപസ്യ തനിക്ക് ഉൾപ്പെടെ ആർക്കും ചെയ്യാൻ കഴിയില്ല.
മലയാളികളുടെ പൂർവ ജന്മപുണ്യം കൊണ്ടാണ് ദാസേട്ടനെ പോലെയൊരു ഗായകനെ ലഭിച്ചതെന്ന് മനോജ് കെ.ജയൻ പറഞ്ഞു. ''അരികിൽ ദാസേട്ടൻ ഉണ്ടായിരുന്നെങ്കിൽ"" എന്ന വരികൾ പാടി സംഗീതസംവിധായകൻ ഇഗ്നേഷ്യസ് പിറന്നാൾ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |