SignIn
Kerala Kaumudi Online
Monday, 11 December 2023 2.43 PM IST

നിയമസഭാ പുസ്തകമേളയിൽ പിണറായി ബെസ്റ്റ് സെല്ലർ

e

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന രാഷ്ട്രീയക്കാരൻ പിണറായി വിജയൻ. അദ്ദേഹത്തിന്റെ 'മതം മാദ്ധ്യമം മാർക്സിസം' , ' നവകേരളത്തിലേക്ക്' എന്നീ പുസ്തകങ്ങളാണ് ഏറെപ്പേരെ ആകർഷിക്കുന്നത്. വിവിധ ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് ഓരോ കൃതിയും. ചിന്ത പബ്ലിഷേഴ്സും ഡി.സി. ബുക്ക്സുമാണ് പിണറായി വിജയന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബെസ്റ്റ് സെല്ലറായ മറ്റൊരാൾ മുൻ മന്ത്രി സി. ദിവാകരനാണ് . ഗാന്ധിവധം പ്രമേയമാക്കി എഴുതിയ 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ', 'വിചാരങ്ങൾ വിചിന്തനങ്ങൾ 'എന്നീ കൃതികൾക്ക് ഏറെ ആവശ്യക്കാരുണ്ട്. ഒൻപത് പുസ്തകങ്ങൾ എഴുതിയ സി.ദിവാകരന്റെ കൃതികൾ പ്രഭാത് ബുക്ക് സ്റ്റാളിലാണുള്ളത്.

മഹാഭാരതത്തിലെ കഥാപാത്രങ്ങളെ മുൻനിറുത്തി മുല്ലക്കര രത്നാകരൻ എഴുതിയ 'മഹാഭാരതത്തിലൂടെ 'എന്ന കൃതിക്കും ആവശ്യക്കാരുണ്ട്. കഴിഞ്ഞ ദിവസം പുസ്തകമേളയിൽ പ്രകാശനം ചെയ്ത എം.ബി.രാജേഷിന്റെ 'പരാജയപ്പെട്ട കമ്പോള ദൈവം' എന്ന കൃതിയും ഏറെപ്പേർ ചോദിക്കുന്നുണ്ട്. പി.ഗോവിന്ദപിള്ള,ലോനപ്പൻ നമ്പാടൻ, കോടിയേരി ബാലകൃഷ്ണൻ, എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, ജി.സുധാകരൻ ,രമേശ് ചെന്നിത്തല, മുകേഷ് എന്നിവരും ഏറെ വായിക്കപ്പെടുന്ന സാമാജികരാണ്.
എം.ടി, പെരുമ്പടവം, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, എം.മുകുന്ദൻ, കെ.ആർ.മീര, ബെന്യാമിൻ, കേശവദേവ്, മലയാറ്റൂർ,എം.മുകുന്ദൻ, ജോർജ്ജ് ഓണക്കൂർ, സക്കറിയ, എസ് .ഹരീഷ്, ഉണ്ണി.ആർ, ഒ.എൻ.വി, സുഗതകുമാരി, കടമ്മനിട്ട ,ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കട തുടങ്ങിയ നവ എഴുത്തുകാർ അടക്കമുള്ള എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് പ്രസാധകർ പറയുന്നു. എല്ലാ സ്റ്റാളുകളിലെയും തിരക്ക് ഇത് വ്യക്തമാക്കുന്നുണ്ട്.
സാധാരണ പുസ്തകോത്സവങ്ങളെക്കാൾ ഗംഭീരമാണ് നിയമസഭാ പുസ്തകോത്സവം. പ്രകാശനം, പുസ്തക ചർച്ച, എഴുത്തുകാരുമായുള്ള സംവാദം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ അരമണിക്കൂർ ഇടവിട്ട് വിവിധ സ്റ്റേജുകളിൽ നടക്കുന്നു. സ്‌കൂൾ കുട്ടികളടക്കം ആയിരക്കണക്കിന് പേരാണ് ദിവസവും മേള സന്ദർശിക്കുന്നത്. പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങാനും കിട്ടുന്ന അവസരം പരമാവധി വിനിയോഗിക്കുകയാണ് തലസ്ഥാന വാസികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.