തിരുവനന്തപുരം:വൈദ്യുതി ബിൽ നൽകാനും പണം സ്വീകരിക്കാനും സ്വകാര്യ ന്യൂജെൻ ബാങ്കായ യെസ് ബാങ്കുമായുണ്ടാക്കിയ കരാർ മരവിപ്പിക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശിച്ചു.
കെ.എസ്.ഇ.ബി.വഴിവിട്ട് സ്വകാര്യ ബാങ്കുമായി ചേർന്ന് സ്പോട്ട് ബില്ലിംഗ് ഏർപ്പെടുത്തിയതിലെ ക്രമക്കേട് കേരളകൗമുദി റിപ്പോർട്ട് ചെയ്തത് കണ്ടാണ് മന്ത്രിയുടെ ഇടപെടൽ.
സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനാൽ യെസ് ബാങ്കുമായി ചേർന്നുള്ള സ്പോട്ട് ബിൽ പേയ്മെന്റ് പുനരാലോചിക്കണം.. പദ്ധതി നിറുത്തിവച്ച് വിശദമായി പരിശോധിച്ച് അന്തിമതീരുമാനമെടുക്കാനും മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ സ്പോട്ട് ബില്ലിംഗും പേയ്മെന്റിന് മൊബൈൽ ആപ്പും ഓൺലൈൻ സംവിധാനവും എനിബാങ്ക് പെയ്മെന്റും ഉണ്ട്. യെസ് ബാങ്കുമായുള്ള സ്പോട്ട് ബിൽപെയ്മെന്റ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന തിരുവനന്തപുരമുൾപ്പെടെ 14 കെ.എസ്.ഇ.ബി.ഡിവിഷനുകളിൽ മാസങ്ങൾക്കുള്ളിൽ സ്മാർട്ട് മീറ്റർ നടപ്പാക്കുകയാണ്. അതോടെ ബില്ലിംഗും പേയ്മെന്റുമെല്ലാം ഓഫീസിലിരുന്ന് നിർവഹിക്കാം. യെസ്ബാങ്കിനെ സഹായിക്കാൻമാത്രമായി പുതിയ സംവിധാനം വന്നതിലാണ് ദുരൂഹത.ദേശസാൽകൃത ബാങ്കുകളും കേരള ബാങ്കുൾപ്പെടെ സഹകരണ ബാങ്കുകളുമുള്ളപ്പോൾ ന്യൂജെൻ ബാങ്കുകളുടെ പിന്നാലെ പോകുന്നത് ഇടത് സർക്കാർ നയവുമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |