ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സമാധാനം ഇല്ലാതാക്കാൻ ചില ദുഷ്ട ശക്തികൾ ശ്രമിക്കുകയാണെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. ശ്രദ്ധ നേടിയെടുക്കാൻ വേണ്ടിമാത്രം തീവ്രവാദ സംഘങ്ങൾ ഒരു വിഭാഗം ആളുകളെ തെരഞ്ഞ് പിടിച്ച് കൊല്ലുകയും ആക്രമിക്കുകയുമാണ്. ഇന്ത്യൻ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും പരാജയപ്പെടുത്തുകയാണ്. അത്തരമൊരു നീക്കവും സൈന്യം വച്ചുപൊറുപ്പിക്കില്ല. ബംഗളൂരു മദ്രാസ് എൻജിനിയേഴ്സ് ഗ്രൂപ്പ് സെന്ററിലെ പരേഡ് ഗ്രൗണ്ടിൽ 75ാമത് കരസേന ദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം തീവ്രവാദ സംഘടനകളെയും അവരുടെ അക്രമങ്ങളെയും ജമ്മു കാശ്മീരിലെ ജനങ്ങൾ എതിർക്കുകയും അവിടെ നടക്കുന്ന നല്ല മാറ്റങ്ങളെ സ്വാഗതം ചെയ്യുകയുമാണ്. ജമ്മു, പഞ്ചാബ് അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കു മരുന്നുകളും കടത്തുന്നത് തടയാൻ കൗണ്ടർ ഡ്രോൺ ജാമറുകൾ ഉപയോഗിക്കുന്നുണ്ട്. ഭാവിയുദ്ധങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിച്ചത്. ഇന്ത്യയുടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഏത് അടിയന്തര സാഹചര്യത്തെ നേരിടാനും സൈന്യം തയ്യാറാണ്. രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണ്.സമാധാനം നിലനിറുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ അതിർത്തിയിൽ വെടിനിറുത്തൽ ലംഘനങ്ങൾ കുറഞ്ഞു.
ആദ്യമായി ഡൽഹിക്ക് പുറത്ത്
ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയും സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ തലസ്ഥാനത്തിന് പുറത്ത് കരസേന ദിനാഘോഷം സംഘടിപ്പിച്ചു. ബംഗളൂരുവിലായിരുന്നു 75ാമത് സൈനിക ദിനാഘോഷം. ചരിത്രത്തിലാദ്യമായി കരസേനദിനം ഡൽഹിക്ക് പുറത്ത് ആഘോഷിക്കാൻ തീരുമാനിച്ചത് സമൂഹത്തിലേക്കിറങ്ങി ചെല്ലാനാണെന്നും ഇത് കരസേനയെ സംബന്ധിച്ചിടത്തോളം സുവർണ്ണാവസരമാണെന്നും കരസേന മേധാവി മനോജ് പാണ്ഡെ പറഞ്ഞു. വൈകിട്ട് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു.
സൈന്യത്തെക്കുറിച്ച് അഭിമാനം: മോദി
രാജ്യത്തെ സുരക്ഷിതമായി സൂക്ഷിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് സേവനം നൽകുകയും ചെയ്യുന്ന സൈനികരോട് ഓരോ ഇന്ത്യക്കാരനും നന്ദിയുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കരസേന ദിനത്തിൽ ആശംസകൾ അറിയിക്കുന്നു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുകയാണ്. ഇന്ത്യൻ സൈനികരുടെ ധീരതയേയും ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |