തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്‌ളാറ്റിൽ സദാചാര പൊലീസിംഗ് നടത്തുന്നതായി പരാതി. ഒലിവ് കോർട്ട് യാർഡ് ഫ്‌ളാറ്റിന്റെ അസോസിയേഷനെതിരെയാണ് 64 കുടുംബങ്ങൾ ചേർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
രാത്രി പത്തുമണിക്ക് ശേഷം അതിഥികളെ അനുവദിക്കില്ല, രാത്രി പുറത്തിറങ്ങി നടക്കരുത്, എതിർ ലിംഗത്തിൽപ്പെട്ട അതിഥികൾ പാടില്ല എന്നിങ്ങനെയുള്ള നിയമങ്ങളാണ് അസോസിയേഷൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഫ്‌ളാറ്റിൽ ദിവസവും തിരിച്ചറിയൽ രേഖാപരിശോധന നടത്തുന്നുണ്ടെന്നും താമസക്കാർ പറയുന്നു.
ഫ്‌ളാറ്റിലെ അവിവാഹിതരായ ആളുകൾ സുഹൃത്തുക്കളെ ക്ഷണിക്കുകയാണെങ്കിൽ അവരെ സദാചാര വിരുദ്ധരായി മുദ്ര കുത്തുന്നുണ്ടെന്നും ഫ്‌ളാറ്റുടമകളിൽ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും പരാതിയിലുണ്ട്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഐ.ടി
ഉദ്യോഗസ്ഥരാണ് അസോസിയേഷന്റെ നടപടികളിൽ ബുദ്ധിമുട്ടുണ്ടെന്നറിയിച്ച് പരാതിയുമായി രംഗത്തെത്തിയത്.
അപ്പാർട്ട്‌മെന്റിൽ തന്നെ താമസിക്കുന്ന മുപ്പതോളം ഉടമകളാണ് അസോസിയേഷൻ ഇപ്പോൾ ഭരിക്കുന്നത്. അസോസിയേഷന്റെ നിർദ്ദേശപ്രകാരം ജോലി ചെയ്തുവരുന്ന സുരക്ഷാ ജീവനക്കാരിൽ ചിലർ അതിഥികളായ സ്ത്രീകളോട് വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.
ഫ്‌ളാറ്റിലെ വാടകക്കാരിൽ പലരും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. ജോലിക്കുശേഷം സഹപ്രവർത്തകരായ പുരുഷന്മാർ സ്ത്രീകളെ വീട്ടിലെത്തിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വരുന്ന സ്ത്രീകളെ പലപ്പോഴും ഫ്‌ളാറ്റിന്റെ ഗേറ്റിൽ തടഞ്ഞുനിർത്തി ചോദ്യംചെയ്യാറുണ്ടെന്ന് പരാതിയിൽ പറയുന്നു. ഫ്‌ളാറ്റിലെ വാടകക്കാരായ പലരുടെയും സുഹൃത്തുക്കളെയും പ്രായമായ മാതാപിതാക്കളെയും വരെ രാത്രി പത്ത് മണിക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടഞ്ഞുനിർത്തിയിട്ടുണ്ടെന്നും പലപ്പോഴും തിരിച്ചയച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അതിഥികളായെത്തുന്നവർ ഫ്‌ളാറ്റിൽ ഒപ്പം താമസിക്കുകയാണെങ്കിൽ അവരിൽ നിന്ന് അസോസിയേഷൻ പ്രതിദിനം 250 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. പരാതി ഇൻഫോപാർക്ക് പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |