തിരുവനന്തപുരം : കാര്യവട്ടത്തെ ഏകദിന മത്സരം കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കിനെച്ചൊല്ലി ഉയർന്ന വിവാദം അവസാനിക്കുന്നില്ല. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടയെന്ന കായികമന്ത്രിയുടെ പ്രസ്താവന ഗ്രീൻ ഫീൽഡിൽ ആളുകുറയാൻ ഇടയാക്കിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തി. രമേശ് ചെന്നിത്തലയും വി.ഡി സതീശനും ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം തുടർന്നതോടെ ഇന്നലെ ഫേസ് ബുക്കിൽ മന്ത്രി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് ഇതിലും മന്ത്രി പറയുന്നത്.
മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നതിലോ ഒരു സർക്കാരിന് ഒരു പങ്കുമില്ലെന്നും ക്രിക്കറ്റ് അസോസിയേഷനാണ് നിരക്ക് കൂട്ടിയതെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ട്വന്റി- 20 കാണുന്നതു പോലെ ഇപ്പോൾ ഏകദിനത്തിന് ആളു കൂടാറില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പട്ടിണിക്കാരനും അല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നാണ് എം.വി. ജയരാജൻ പറഞ്ഞത്. ലോകകപ്പ് ഫുട്ബോളിന്റെ സമയത്താണ് സ്പോർട്സിനോട് നമ്മുടെ ആളുകൾക്കുള്ള താൽപര്യം ശരിക്കു മനസ്സിലാക്കിയതെന്നും . ക്രിക്കറ്റ് കളി എല്ലാവരും കാണേണ്ടതു തന്നെയാണെന്നും എം.വി.ജയരാജൻ പറഞ്ഞു.
അതേസമയം, ഏകദിനത്തിൽ കാണികൾ കുറഞ്ഞതിന് പല കാരണമുണ്ടെന്നും അത് കണ്ടെത്തണമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. പാവപ്പെട്ടവർ കളി കാണേണ്ടെന്ന് കായികമന്ത്രി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പന്ന്യൻ
കണ്ണൂർ: 'പട്ടിണി കിടക്കുന്നവർ കളികാണേണ്ട' എന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സി .പി. ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശമാണ് കാണികൾ കുറഞ്ഞതിന് പിന്നിലെന്നാണ് പന്ന്യന്റെ വിമർശനം. കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെ.സി.എക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |