SignIn
Kerala Kaumudi Online
Tuesday, 21 March 2023 1.29 PM IST

2025ൽ നമ്മളെല്ലാവരും സ്മാർട്ട് മീറ്ററിലേക്ക് മാറും, ഗുണങ്ങളുടെ ചാകരതന്നെയാണ് ഈ സംവിധാനം

smart-meter

കേന്ദ്ര സർക്കാർ വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ഉപഭോക്താക്കളുടെ താത്‌പര്യവും മുൻനിറുത്തിക്കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് റീവാംപ്‌ഡ് ഡിസ്ട്രിബ്യൂഷൻ സെക്‌ടർ സ്‌കീം അഥവാ 'നവീകൃത വിതരണ മേഖല പദ്ധതി'. മൂന്നുലക്ഷം കോടിയിൽപരം രൂപയാണ് ആർ.ഡി.എസ്.എസ് പദ്ധതി പ്രകാരം ചെലവിടുന്നത്. കൃഷി ആവശ്യത്തിന് ഒഴികെയുള്ള എല്ലാ വിഭാഗം കണക്‌ഷനുകളും 2025 മാർച്ചിനകം പ്രീപെയ്ഡ് മീറ്ററിലേക്കു മാറേണ്ടതുണ്ട്.


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ RECPDCLനെ പ്രോജക്ട് ഇംപ്ളിമെന്റേഷൻ ഏജൻസിയായി തീരുമാനിച്ചുകൊണ്ടു വൈദ്യുതി ബോർഡ് ഉത്തരവിറക്കി. 2022 മാർച്ച് 11ന് കേരള മന്ത്രിസഭയുടെ തീരുമാനത്തോടുകൂടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച വിശദപദ്ധതി റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഇരുപതിനായിരം സ്മാർട്ട്മീറ്റർ സ്ഥാപിച്ചെങ്കിലും വൈദ്യുതി ബോർഡിന്റെ ഐ.ടി വിഭാഗത്തിന് ഇതിന്റെ ബില്ലിംഗ് കാര്യക്ഷമമായി നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെയാണ് പരിചയസമ്പന്നരായ പ്രോജക്ട് ഇംപ്ളിമെന്റേഷൻ ഏജൻസിയുടെ പ്രസക്തി. കേരളത്തിലെ ഉപഭോക്താക്കൾ കൃത്യമായി പണം അടയ്‌ക്കുന്നവരാണെന്ന് പറഞ്ഞാണ് മുൻകാലങ്ങളിൽ ഇത് വൈകിപ്പിച്ചതും കേന്ദ്രം അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തിയതും. എൺപതുശതമാനം ഉപഭോക്താക്കളാണ് കൃത്യസമയത്തു പണം അടക്കുന്നത്. ജീവനക്കാർ വൈദ്യുതി വിച്ഛേദിക്കൽ അടക്കമുള്ള വഴക്കും വയ്യാവേലിയും ഉണ്ടാക്കിയാണ് ബാക്കിയുള്ളവർ അടയ്‌ക്കുന്നത് .


സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാവുന്നതോടെ ഉപഭോക്താക്കളുടെ ചിരകാല അഭിലാഷമായ മാസന്തോറുമുള്ള റീഡിങ്ങും നടപ്പിലാകും. രണ്ടു മാസത്തിലൊരിക്കൽ റീഡിങ് എടുക്കുന്നത് മൂലം ടെലിസ്‌കോപിക് താരിഫിൽനിന്ന് നോൺ ടെലിസ്‌കോപിക് താരിഫ് മാറുക, സ്ളാബ് മാറുക എന്നിവമൂലം ഉപഭോക്താക്കൾ തൃപ്തരുമല്ല. പലപ്പോഴും ഇതുമൂലം തർക്കങ്ങളും ഉണ്ടാവാറുണ്ട് ഇതിനെല്ലാം പരിഹാരമാകും സ്മാർട്ട് മീറ്റർ. സ്മാർട്ട് മീറ്റർ വന്നാൽ കൊടുക്കുന്ന വൈദ്യുതിയുടെ കൃത്യമായ അളവിനുള്ള വില ഈടാക്കാൻ കഴിയും.

നമ്മുടെ ട്രാൻസ്‌ഫോർമറുകളിൽ പലതും അനുയോജ്യമായ കപ്പാസിറ്റിയിള്ളതല്ല. സ്മാർട്ട് മീറ്റർ ട്രാൻസ്‌ഫോർമറുമായി ബന്ധിപ്പിക്കുന്നതോടെ ഇത് എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്നു. ഉപഭോക്താക്കൾ അനുവദിച്ചതിൽ കൂടുതൽ ലോഡ് എടുത്താലും അക്കാര്യം അതതു സമയത്തുതന്നെ ഓഫീസിൽ ലഭ്യമാവുന്നതിനാൽ നടപടികൾ സ്വീകരിക്കാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി വൈകിപ്പിക്കുന്നത് സംസ്ഥാന സർക്കാരിനും ഈ സ്ഥാപനത്തിനും
ഗുണകരമല്ല.

നടപ്പാക്കുമ്പോഴുള്ള പ്രയോജനങ്ങൾ

വൈദ്യുതി ഉപഭോക്താക്കൾക്ക് ലോകത്ത് എവിടെയിരുന്നും മൊബൈൽ ആപ്പ് വഴി തങ്ങളുടെ ഊർജ്ജ ഉപഭോഗം മനസിലാക്കാനും വൈദ്യുതി ഉപഭോഗം താരിഫ് സ്ലാബിന് അനുസരിച്ച് ക്രമീകരിക്കാനും വൈദ്യുതി ചാർജ്ജ് കുറയ്ക്കാനുമുള്ള അവസരം ലഭിക്കുന്നു. സോളാർ ഉപഭോക്താക്കൾക്ക് നെറ്റ് മീറ്റർ (Bi-directional Meter ) സ്ഥാപിക്കേണ്ട ആവശ്യം ഒഴിവാകും. സ്മാർട്ട് മീറ്ററിനു ഇരുദിശയിലേക്കും വൈദ്യുതി അളക്കാനുള്ള സംവിധാനമുണ്ട്. നിലവിലെ രണ്ടു മാസത്തിലൊരിക്കൽ ബില്ലിംഗ് മാറ്റി മാസത്തിലൊരിക്കൽ ബില്ല് ചെയ്യണമെന്ന ഉപഭോക്താക്കളുടെ നിരന്തര ആവശ്യം, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലൂടെ നടപ്പാക്കാം. മാത്രമല്ല, ഡോർലോക്ക് ബില്ലിംഗ് മൂലമുള്ള തർക്കങ്ങളും ഒഴിവാക്കാം.


ശരാശരി ഉപയോഗം കണക്കാക്കി ബില്ല് നൽകുമ്പോൾ ധാരാളം പരാതികൾ ഉടലെടുക്കാറുണ്ട്. ഇതിനും പരിഹാരമാണ് സ്മാർട്ട് മീറ്റർ. ഒരു ഉപഭോക്താവിന് വൈദ്യുതി തടസമുണ്ടായാൽ, പരാതിപ്പെടാതെ തന്നെ കെ.എസ്.ഇ.ബി ക്ക് മനസിലാക്കാനും, അടിയന്തരമായി തടസം പരിഹരിക്കാനും കഴിയും. വൈദ്യുതി കുടിശ്ശിക കാരണം ഏതെങ്കിലും ഉപഭോക്താവിന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ, ഏതു നിമിഷവും ചാർജ്ജടച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കും. ഊർജ്ജനഷ്ടം കൃത്യമായി മനസിലാക്കാനും, വിശകലനം ചെയ്ത് നഷ്ടം കുറയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു.


ഇപ്പോൾ ബിൽ നൽകി മൂന്നുമാസം വരെ കഴിഞ്ഞാണ് പണമടയ്‌ക്കുന്നത്. പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ വരുന്നതോടെ വൈദ്യുതി ചാർജ് മുൻകൂർ ലഭിക്കുന്നതിനാൽ സ്ഥാപനത്തിനു വരുന്ന കടബാദ്ധ്യതയുടെ പലിശയിൽ കോടിക്കണക്കിനു രൂപയുടെ കുറവുണ്ടാവും. അങ്ങനെ സ്ഥാപനം പുഷ്ടിപ്പെടും.

ഉപഭോക്താക്കൾക്ക് പീക്ക് സമയങ്ങളിൽ അവരുടെ ഉപയോഗം നിയന്ത്രിക്കാനും അതുവഴി കെ.എസ്.ഇ.ബി ക്ക് പീക്ക് സമയങ്ങളിൽ വൈദ്യുതി വാങ്ങുന്നതിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും സാധിക്കുന്നു. ഈ പദ്ധതി നടപ്പാക്കിയാൽ പതിനഞ്ചുശതമാനം ഗ്രാന്റും സമയബന്ധിതമായി നടപ്പാക്കിയാൽ ഏഴര ശതമാനം അഡിഷണൽ ഗ്രാന്റും കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കും. സ്മാർട്ട് മീറ്റർ നടപ്പാക്കാൻ വൈകുന്നതിലൂടെ ഇത് നഷ്ടപ്പെടുമെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ തന്നെ ബാധിക്കും.

സ്മാർട്ട് മീറ്റർ നടപ്പിലാവുന്നതോടെ സംതൃപ്തരായ ഒരു ഉപഭോക്തൃ സമൂഹവും ശക്തമായ വൈദ്യുതി വിതരണ സ്ഥാപനവുമാണ് സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് എന്നതിൽ ഒരു സംശയവും വേണ്ട.

(കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് സ്ഥാപക പ്രസിഡന്റാണ് ലേഖകൻ ഫോൺ - 9400494108 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB, SMART METER, ADVANTAGES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.