ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി പതിനാറിനാണ് പോളിംഗ്. മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നിടത്തും മാർച്ച് രണ്ടിനാണ് വോട്ടെണ്ണലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
നാഗാലാൻഡിലും മേഘാലയിലും ത്രിപുരയിലും അറുപത് സീറ്റുകൾ വീതമാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി 9125 പോളിംഗ് സ്‌റ്റേഷനുകളും, 62.8ലക്ഷം വോട്ടർമാരുമാണുള്ളത്. 376 ബൂത്തുകളിൽ മുഴുവൻ ജീവനക്കാരും വനിതകളാണ്.
മൂന്നിടങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണുള്ളത്. 2.28 ലക്ഷം കന്നിവോട്ടർമാരാണ്. എഴുപത്തിയഞ്ച് ശതമാനം ബൂത്തുകളിലും വോട്ടെടുപ്പ് വെബ്കാസ്റ്റ് ചെയ്യും. വ്യാജ ദൃശ്യങ്ങൾ തടയാൻ സംവിധാനം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ത്രിപുരയിൽ നിലവിൽ ബി ജെ പിയുടെ മണിക് സാഹയാണ് മുഖ്യമന്ത്രി. ഭരണവിരുദ്ധ വികാരത്തെ തുടർന്ന് ബിപ്ലബ് ദേവിനെ മാറ്റിയാണ് മണിക്കിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾക്കായി തുടർഭരണം വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. ബി ജെ പിയെ തോൽപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് മത്സരിക്കും.
മേഘാലയയിൽ എൻപിപി - ബി ജെ പി സഖ്യമാണ് നിലവിൽ അധികാരത്തിലുള്ളത്. എൻപിപിയുടെ കൊൺറാഡ് സാങ്മയാണ് മുഖ്യമന്ത്രി.നാഗാലാൻഡിൽ എൻ ഡി പി പിയാണ് നിലവിൽ ഭരണപക്ഷം. നെഫിയു റിയോ ആണ് മുഖ്യമന്ത്രി.
നാഗാലാൻഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ കാലാവധി യഥാക്രമം മാർച്ച് 12, മാർച്ച് 15, മാർച്ച് 22 തീയതികളിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ, സിവിൽ ഉദ്യോഗസ്ഥർ, കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം, ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിയേഴിന് നടക്കും. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വധശ്രമക്കേസിൽ പത്ത് വർഷം തടവിന് വിധിച്ചതോടെയാണ് എംപിയെ അയോഗ്യനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |