SignIn
Kerala Kaumudi Online
Thursday, 25 April 2024 11.26 AM IST

അഭിമാനമായി സംരംഭക കേരളം

photo

ദേശീയാംഗീകാരം നേടിയ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുടെ മഹാസംഗമം 21 ന് കൊച്ചിയിൽ . ഇന്ത്യയിലെ ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് നമ്മുടേത്. ദേശീയതലത്തിൽ ഏറ്റവും മികച്ച വേതനഘടനയാണുള്ളത്. പരമ്പരാഗത മേഖലകൾ ശക്തിപ്പെടുത്തുന്നതിലും മറ്റൊരുദാഹരണമില്ല. വ്യവസായ ആധുനീകരണം, വൈവിധ്യവത്‌കരണം എന്നിവയിൽ മുൻനിരയിലാണ്.


ലക്ഷ്യമിട്ടു;

ലക്ഷം നേടി.


ആഗോളാടിസ്ഥാനത്തിൽ മൊത്തം ബിസിനസിന്റെ 90 ശതമാനവും എം.എസ്.എം.ഇ കളാണ്. ഗ്രാമീണ പിന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവത്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21 ൽ 11,540 സംരംഭങ്ങളും 2019-20 ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022-23 ൽ, ഇതുവരെ 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. സംരംഭകവർഷം പദ്ധതിയാരംഭിച്ച് 245 ദിവസങ്ങൾ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്‌തത് !. ഒടുവിലത്തെ കണക്കുപ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽനിന്ന് സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങളുണ്ടായി. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് പദ്ധതിയെ തേടിയെത്തിയത്.

പദ്ധതിയിലൂടെ തൃശൂർ, മലപ്പുറം, എറണാകുളം, കൊല്ലം, കണ്ണൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 20,000ൽ അധികമാളുകൾക്ക് തൊഴിൽനൽകാനായി. വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലും 22,000 ത്തിലധികം തൊഴിലവസരങ്ങളുണ്ടായി!.

കൃഷി - ഭക്ഷ്യസംസ്‌കരണ മേഖലയിൽ 21335 സംരംഭങ്ങളുണ്ടായി. 1247 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 52885 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്‌സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 13468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27290 തൊഴിലുമുണ്ടായി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് മേഖലയിൽ 4955 സംരംഭങ്ങളും 284 കോടി രൂപയുടെ നിക്ഷേപവും 9143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലുമുണ്ടായി. വ്യാപാരമേഖലയിൽ 41141 സംരംഭങ്ങളും 2371 കോടിയുടെ നിക്ഷേപവും 76022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ബയോടെക്‌നോളജി, കെമിക്കൽ മേഖലകളിലായി മുപ്പതിനായിരത്തിലധികം സംരംഭങ്ങളുണ്ടായി. പ്രത്യേക പ്രോത്സാഹനം നൽകിയതിലൂടെ വനിതാ സംരംഭകർ 40,000 സംരംഭങ്ങൾ ആരംഭിച്ചു.

തൊഴിലാളി സംഘടനകൾ, ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ്, സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പദ്ധതിയുമായി സഹകരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും എച്ച്.ആർ മനേജർമാരുടെയും സംഘടനകളുമായും കേന്ദ്ര തൊഴിലാളിസംഘടനാ പ്രതിനിധികളുമായും യോഗം ചേർന്നിരുന്നു.

സംസ്ഥാനത്തെ ബാങ്കുകളും എസ്.എൽ.ബി.സിയും നാലുശതമാനം പലിശയ്‌ക്കുള്ള വായ്പാപദ്ധതി നടപ്പിലാക്കി. ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു. രണ്ടാംഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്‌ ലോൺ സബ്‌സിഡി മേളകൾ സംഘടിപ്പിച്ചു. പുതിയ സംരംഭകർക്ക് കെ-സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കി. എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്‌കുകൾ സ്ഥാപിച്ചു.

വികസന സാദ്ധ്യതയുള്ള ആയിരം സംരംഭങ്ങളെയെങ്കിലും നൂറുകോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കുകയാണ് അടുത്തഘട്ടം.

കേരളത്തിൽ നിർമിക്കപ്പെടുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്താനും ദേശീയ - അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും കേരള ബ്രാൻഡ് ഉപയോഗിക്കും. സൂക്ഷ്മ -ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉത്‌പന്നങ്ങളുടെ വിപണനത്തിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി ചേർന്ന് ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.


ഒറ്റയടിക്ക് 13 പടികൾ

കയറിയ കേരളം


50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാദ്ധ്യമാക്കി മാറ്റമുണ്ടാക്കാൻ സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായരേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കി. ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപവാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്‌സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു. അനാവശ്യ നടപടികളൊഴിവാക്കാനും അഴിമതി തടയാനുമായി കെസിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധന ആവിഷ്‌കരിച്ചു. സംവിധാനത്തിൽ അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാങ്ക് പട്ടികയിൽ 28ാം സ്ഥാനത്തായിരുന്ന കേരളം ഒരുവർഷം കൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്‌നത്തിന് വലിയ പ്രചോദനമായി സംരംഭകവർഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW INVESTMENT IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.