മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിൽ തർക്കത്തിലായിരുന്ന 348 സ്പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്ന് ബാലറ്റുകൾ കാണാതായെന്ന് റിപ്പോർട്ട്. പെട്ടി തുറന്നിട്ട നിലയിലായിരുന്നുവെന്ന് സബ് കളക്ടർ ഹൈക്കോടതിിയിൽ റിപ്പോർട്ട് നൽകി. അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റാണ് കാണാതായത്. അതേസമയം ബാലറ്റുകളുടെ എണ്ണം അടയാളപ്പെടുത്തിയ രേഖ നഷ്ടപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫൂട്ടേജ് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ബാലറ്റ് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കളക്ടർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വോട്ട് കാണാതായത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ടിലില്ല. രണ്ട് ഇരുമ്പ് പെട്ടികളിലായാണ് ബാലറ്റ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നാണ് അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റുകൾ നഷ്ടപ്പെട്ടത്. മറ്റു രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറിൽ നിന്നു സ്‌പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായത്. തുടർന്ന് നടന്ന തെരച്ചിലിലാണ് പെരിന്തൽമണ്ണ സബ്ട്രഷറി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച രണ്ട് പെട്ടികളിൽ ഒന്ന് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ കണ്ടെത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ നജീബ് കാന്തപുരത്തോട് വെറും 38
വോട്ടുകൾക്ക് തോറ്റതിനെ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി മുസ്തഫ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകിയിരുന്നു. തെളിവിനായി പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിന് സ്ട്രോംഗ് റൂം തുറന്നപ്പോഴാണ് പെട്ടി കാണാതായതായി കണ്ടെത്തിയത്. എണ്ണാതെ മാറ്റിവച്ച സ്പെഷ്യൽ തപാൽ ബാലറ്റുകൾ, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകൾ എന്നിവയാണ് ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്.
തപാൽ വോട്ടുകൾ നഗരസഭയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആറു ടേബിളുകളിലായാണ് പരിശോധിച്ചത്. ഇതിൽ 1, 2, 3, ടേബിളുകളിലെ ബാലറ്റ് പേപ്പർ ഒരു പെട്ടിയിലും 4, 5, 6 ടേബിളിലേത് മറ്റൊരു പെട്ടിയിലും അടച്ചാണ് മുദ്രവച്ചത്. ഇതിൽ രണ്ടാമത്തെ പെട്ടിയാണ് കാണാതായത്.
വോട്ടെണ്ണലിനിടെ ലീഡ് നില മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ നജീബ് 38 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |