SignIn
Kerala Kaumudi Online
Saturday, 20 April 2024 9.03 AM IST

നിയമ തടസമില്ലേൽ ഓപ്പൺ യൂണി. ആസ്ഥാനത്തിന് ഉടൻ ഭൂമി

sree

കൊല്ലം: നിയമ തടസമില്ലെങ്കിൽ ഇരവിപുരത്ത് നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന എട്ട് ഏക്കർ ഭൂമി വൈകാതെ ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാന നിർമ്മാണത്തിനായി ഏറ്റെടുക്കും.

ഉടമസ്ഥൻ ഭൂമി ആർസിന് മൂന്നേകാൽ ലക്ഷം രൂപയ്ക്ക് നൽകാമെന്ന് സർവകലാശാലയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ഭൂമിയുടെ രേഖകൾ നിയമ സംബന്ധമായ പരിശോധനകൾക്ക് യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസലിന് കൈമാറി. റിപ്പോർട്ട് അനുകൂലമാണെങ്കിൽ ഉടമയുടെ കത്ത് സഹിതം ഭൂമിയുടെ വിവരങ്ങൾ ഏറ്റെടുക്കൽ നടപടികൾക്കായി കളക്ടർക്ക് കൈമാറും. പിന്നീട് കളക്ടർ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കും.

ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാർ 35 കോടി രൂപ സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കെട്ടിട നിർമ്മാണത്തിന് 10 കോടിയും നൽകി. ഭൂമി വാങ്ങി ആസ്ഥാന മന്ദിര നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ സംസ്ഥാന ബ‌ഡ്ജറ്റിലെ പ്രഖ്യാപനം. പക്ഷെ നടപടികൾ അനന്തമായി നീളുകയായിരുന്നു. നിലവിൽ ഓപ്പൺ സർവകലാശാലയുടെ കുരീപ്പുഴയിലെ ആസ്ഥാനവും വെള്ളിയിട്ടമ്പലത്തെ അക്കാഡമിക് കേന്ദ്രവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ ഓരോമാസവും വൻതുകയാണ് സർവകലാശാലയുടെ ഖജനാവിൽ നിന്ന് ചോരുന്നത്.

ഏറ്റെടുക്കൽ റിപ്പോർട്ട്

8 മാസം മുമ്പ് കൈമാറി

ആശ്രാമത്ത് ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സിനോട് ചേർന്നുള്ള റവന്യൂ പുറമ്പോക്ക്, പള്ളിത്തോട്ടത്ത് ഹാരിസണിൽ നിന്ന് ഏറ്റെടുത്ത ഭൂമി, ഇരവിപുരത്ത് നേരത്തെ ഓട് കമ്പിനി പ്രവർത്തിച്ചിരുന്ന എട്ട് ഏക്കർ ഭൂമി എന്നിവയിലേതെങ്കിലും ഒന്ന് ഏറ്റെടുത്ത് നൽകണമെന്ന നിർദേശമാണ് ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ ജില്ലാ ഭരണകൂടത്തിന് നൽകിയത്. തുടർന്ന് റവന്യൂ വിഭാഗം നടത്തിയ പരിശോധനയിൽ ആശ്രാമത്തെയും പള്ളിത്തോട്ടത്തെയും ഭൂമി പെട്ടെന്ന് കൈമാറാൻ കഴിയില്ലെന്ന് കണ്ടെത്തി. ഇരവിപുരത്തെ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള റിപ്പോർട്ട് എട്ട് മാസം മുമ്പ് സർക്കാരിന് കൈമാറുകയും ചെയ്തു. പക്ഷെ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഭൂമിയുടെ ഉടമസ്ഥൻ തന്നെ ഭൂമി കൈമാറാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റിയെ സമീപിച്ചത്.

മണ്ണ് പരിശോധന

മണ്ണിന്റെ ബലക്കുറവ് കാരണം ജില്ലാ കോടതി സമുച്ചയം പ്രതിസന്ധിയിലായത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരവിപുരത്തെ ഭൂമിയിൽ മണ്ണ് പരിശോധന നടത്തും. ഇതിന് പുറമേ കെട്ടിട നിർമ്മാണത്തിന് സി.ആർ.ഇസഡുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും. ഇതിന് ശേഷമേ ഭൂമി വാങ്ങൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.