മുംബയ്: കുഞ്ഞിനെ ലഭിക്കുന്നതിനായി ഭർതൃവീട്ടുകാർ യുവതിയെ മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചതായി പരാതി. ദുർമന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് എല്ലുപൊടി കഴിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഭർത്താവ്, ഭർതൃവീട്ടുകാർ എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്. 2019ൽ വിവാഹം നടന്ന സമയത്ത് ഭർതൃവീട്ടുകാർ പണം, സ്വർണം, വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ സ്ത്രീധനം വാങ്ങിയെന്നാണ് യുവതിയുടെ ആദ്യപരാതി. യുവതിയെക്കൊണ്ട് നിരവധി ദുർമന്ത്രവാദ പ്രവർത്തികൾ ചെയ്യിപ്പിച്ചതായും പരാതിയിൽ പറയുന്നു. അമാവാസി ദിനങ്ങളിൽ യുവതിയെകൊണ്ട് വീട്ടിൽ ദുർമന്ത്രവാദ ക്രിയകൾ ചെയ്യിച്ചു. ശ്‌മശാനത്തിൽ കൊണ്ടുപോയി മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കൊങ്കണിലെ ഒരു അജ്ഞാത സ്ഥലത്തെത്തിച്ച് അവിടെയുള്ള വെള്ളച്ചാട്ടത്തിൽ അഘോരി ക്രിയകൾ ചെയ്യിച്ചു. വീഡിയോ കോൾ വഴി മന്ത്രവാദി നൽകുന്ന നിർദേശം അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഭർതൃവീട്ടുകാർ നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും എന്നിട്ടും ദുർമന്ത്രവാദ പ്രവർത്തികൾ പതിവാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ദുർമന്ത്രവാദം നടന്ന ശ്മശാനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |