62 -ാം വയസിലും തുർച്ചയായി 100 കോടി തിളക്കത്തിൽ തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമുരി ബാലകൃഷ്ണ
വിജയ് യുടെ വാരിസും അജിത്തിന്റെ തുനിവും നൂറു കോടി ക്ളബിൽ ഇടം പിടിക്കുന്നതിന് മുൻപേ നന്ദമുരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഢി ആ സ്ഥാനം പിടിച്ചെടുത്തു. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ വീര സിംഹ റെഡ്ഢിയുടെ ആഗോള കളക്ഷൻ 54 കോടി . വിജയ് , അജിത്ത് ചിത്രങ്ങൾക്ക് ആദ്യ ദിനത്തിൽ 50 കോടിയിൽ എത്താൻ കഴിഞ്ഞില്ല. വാരിസ് ഇപ്പോൾ 200 കോടി ക്ളബിൽ കയറിയിട്ടുണ്ട്. എന്നാൽ അറുപത്തിരണ്ടാം വയസിലും നന്ദമുരി ബാലകൃഷ്ണ എന്ന പ്രേക്ഷകരുടെ ബാലയ്യ വെടിയേറ്റാലും മരിക്കാത്ത നായകനായുംനൃത്തം , സംഗീതം, മാസ്, ക്ളാസ്, ആക്ഷൻരംഗത്ത് സൂപ്പർമാനായും വിലസുന്നു.തെലുങ്കരുടെ എൻ.ബി.കെ അവരുടെ കൺകണ്ട ദൈവം കൂടിയാണ്.നാലുപതിറ്റാണ്ട് ,100 ലധികം ചിത്രങ്ങൾ.നടനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി. രാമറാവുവിന്റെ മകൻ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിൽ എത്തുന്നത്.പിന്നെ വിജയയാത്രയായിരുന്നു.കഴിഞ്ഞ ചിത്രമായ അഖണ്ഡ ആറുദിവസം കൊണ്ട് നൂറുകോടി നേടി.ഇക്കുറി ആദ്യ ദിനത്തിൽത്തന്നെ 50 കോടി കടക്കുകയും ചെയ്തു. പതിവ് ശൈലിയിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തനിവഴിയിലൂടെയുള്ള സഞ്ചാരവുമാണ് നന്ദമുരി ബാലകൃഷ്ണയുടെ സിനിമയാത്രയുടെ പ്രത്യേകത.
അഹങ്കാരിയായും വിവാദ നായകനായും ട്രോളൻമാരുടെ ഇഷ്ടതാരമായും ഇടയ്ക്ക് നിറയും.ഈ പ്രായത്തിലും സ്ക്രീനിൽ പ്രണയം അവതരിപ്പിക്കുന്ന ,ആക്ഷൻ കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന മനുഷ്യന് രാഷ്ട്രീയത്തിലും സിനിമയിലും ഒരേ പോലെ വിജയം നേടാൻ സാധിക്കുന്നു.വീര സിംഹ റെഡ്ഢിയിൽ മലയാള താരം ഹണി റോസിനൊപ്പം കിടിലൻ നൃത്തരംഗത്ത് എത്തുന്നത് കാണാൻ വേണ്ടി മാത്രം ഒന്നിലധികം തവണ തെലുങ്ക് പ്രേക്ഷകർ ടിക്കറ്റെടുത്തു.
എൺപതുകളുടെ ആദ്യ പകുതിയിൽ നായകനായി എത്തിയ ബാലകൃഷ്ണയുടെ ലോറി ഡ്രൈവർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കേരളത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. തെലുങ്കിൽനിന്ന് തമിഴിലേക്ക് ഡബ് ചെയ്ത് ലെജന്റ്, രക്താഭിഷേകം, റൗഡി ഇൻസ്പെക്ടർ, ഓട്ടോ റാണി, പൊലീസ് ലാത്തിച്ചാർജ്, ഇൻസ് പെക്ടർ പ്രതാപ്, ലയൺ തുടങ്ങി ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ലോറി ഡ്രൈവർ കേരളത്തിൽ നേടിയ വിജയം മലയാള താരങ്ങളെയും ഞെട്ടിച്ചു.ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഢിയിൽ ജയ് ബാലയ്യ എന്ന പാട്ട് റെക്കോർഡ് കാഴ്ചക്കാരെയാണ് നേടുന്നത്. പുതു രൂപഭാവത്തിൽ ഗാനരംഗത്ത് ബാലയ്യ എത്തുന്നു.
ശ്രുതി ഹാസനാണ് നായിക.യുവനായികമാരുടെ നായകനായി അഭിനയിക്കുന്നു എന്ന വിമർശനം ഉയരാറുണ്ടെങ്കിലുംം ബാലകൃഷ്ണ മറുപടി നൽകാറില്ല. ചോദ്യം ബാലകൃഷ്ണയെ ചൊടിപ്പിക്കും.
അച്ഛൻ എൻ.ടി.-- ആറിന്റെ ആത്മകഥ സിനിമയാക്കിയപ്പോൾ ആ വേഷം ചെയ്തത് ബാലകൃഷ്ണ ആയിരുന്നു. അഖണ്ഡയിലെ പാട്ടുകൾ ഇപ്പോഴും മെഗാഹിറ്റാണ്. 100 കോടി പിന്നിടുന്ന ബാലകൃഷ്ണയുടെ ആദ്യ ചിത്രം കൂടിയായിരുന്നു അഖണ്ഡ.100 കോടി ക്ളബ് ലക്ഷ്യമിട്ടാണ് അടുത്ത സിനിമയും. ഉറപ്പ് നൽകുന്നത് ബാലയ്യയല്ല, പ്രേക്ഷകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |