തൃശ്ശൂർ: അപകടത്തിൽ പരിക്കേറ്റ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കായി എത്തിച്ചവർക്ക് പുത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗിരീഷ് ഒ.പി സമയം കഴിഞ്ഞു എന്നതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു എന്ന സംഭവത്തിലാണ് റിപ്പോർട്ട് തേടിയത്.
വല്ലൂർ സ്വദേശികളായ രമേശനും മകൻ വൈഷ്ണവുമാണ് വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുത്തൂരിലെ പ്രഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകാനായി ആവശ്യപ്പെട്ടെങ്കിലും ഒ പി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി ലഭിച്ചത്. ഈ സമയം ഡോ. ഗിരീഷ് ആയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അര മണിക്കൂർ ചികിത്സയ്ക്കായി കാത്തുനിന്നെങ്കിലും തർക്കിച്ച ശേഷം ഡോക്ടർ കാറുമായി മടങ്ങിയെന്നായിരുന്നു ആരോപണം. ഡോക്ടർ മടങ്ങിയതിനെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം രമേശനും മകനും ആശുപത്രിയിലെത്തിയ സമയം മൂത്രമൊഴിക്കാൻ പോയിരുന്നതായും തിരികെ എത്തിയപ്പോൾ വൈകിയെന്ന് ആരോപിച്ച് ബഹളം വെച്ചതായുമാണ് ആരോപണവിധേയനായ ഡോക്ടറുടെ വിശദീകരണം. തുടർന്ന് നഴ്സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും ഇവർ സ്വന്തം ഇഷ്ടപ്രകാരം മടങ്ങിപ്പോവുകയായിരുന്നു എന്നാണ് ഡോക്ടറുടെ ഭാഷ്യം.
വല്ലൂർ ആദിവാസി ഊരിലെ മൂപ്പനായ രമേശനും മകനും അപകടത്തിൽ പരിക്കുണ്ട്. മകന്റെ വലത് കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്ത് വരുന്ന രമേശൻ സംഭവത്തിൽ പൊലീസിനെ കൂടാതെ ജില്ലാ കളക്ടറിനും ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |