തൃശൂർ: കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണം നൽകുന്ന ആപ്പ് വഴിയും , വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ഷെയറിനായി പണം ശേഖരിച്ചും സിനിമാ താരങ്ങളിൽ നിന്നുൾപ്പെടെ കോടികൾ തട്ടിച്ച യുവാവ് അറസ്റ്റിൽ. വിയ്യൂർ തടിയപ്പറമ്പിൽ വീട്ടിൽ സ്വാതിഖ് റഹീമാണ് (33) അറസ്റ്റിലായത്. മൂന്ന് പരാതികളിൽ 43 ലക്ഷത്തോളം രൂപ തട്ടിയ പരാതിയാണ് ലഭിച്ചതെങ്കിലും, വൻതുക തട്ടിച്ചതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളാണ് സേവ് ബോക്‌സെന്ന ആപ്പ് വഴി ലേലത്തിന് വച്ചിരുന്നത്. ആപ്പിന്റെ ഷെയറിനായി ഒരാളിൽ നിന്നും 20 ലക്ഷം വരെ വാങ്ങി. സേവ് ബോക്‌സ് എക്‌സ്‌പ്രസ്, സേവ് ബോക്‌സ് എന്റർടെയ്ൻമെന്റ് തുടങ്ങിയ കമ്പനികളുടെ പേരിൽ സ്റ്റാർട്ടപ്പുകൾ വരുന്നുവെന്ന് പറഞ്ഞും തട്ടിപ്പ് നടത്തി. കാൽ ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് ലക്ഷം നൽകാമെന്നായിരുന്നു വാഗ്ദാനം .വാഗ്ദാനം ചെയ്ത ലാഭമോ മുടക്കുമുതലോ തിരിച്ചു നൽകാതായതോടെ പലരും പരാതിയുമായെത്തി. തുടർന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി പരാതികളുയർന്നിരുന്നെങ്കിലും പലതും ഒതുക്കി.
താരങ്ങൾക്ക് സമ്മാനം പഴയ ഐ ഫോൺ
സിനിമാതാരങ്ങളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. നടന്മാരുടെയും സെലിബ്രിറ്റികളുടെയും കൂടെയുള്ള ചിത്രങ്ങൾ ഇയാൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. സ്വാതിഖ് സമാഹരിച്ച പണം ഒരു ചലച്ചിത്രതാരത്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന ആരോപണവുമുണ്ട്. ഒരു കോടി സമാഹരിച്ചതിൽ 75 ലക്ഷത്തോളം നടന് നൽകിയെന്നാണ് പൊലീസിന് നൽകിയ മൊഴി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനായിരുന്നു ഇത്.
അറുപത് ലക്ഷത്തോളം അക്കൗണ്ട് വഴിയാണ് കൈമാറിയത്. എന്നാൽ പരസ്യം പുറത്തുവന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചതോടെ പണം തിരിച്ചുകിട്ടാതായി. സേവ് ബോക്‌സിന്റെ ലോഞ്ചിംഗിന് തൃശൂരിൽ ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐ ഫോണുകളെന്ന പേരിൽ നൽകിയ സമ്മാനങ്ങളും പഴയ ഐ ഫോണുകളായിരുന്നു.
പ്രവീൺ റാണയും പണം വാങ്ങി
സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺ റാണ, സ്വാതിഖിന്റെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. സ്വാതിഖിന്റെ വാക്‌സാമർത്ഥ്യത്തിൽ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ പ്രൊമോട്ടറാണെന്ന് പറഞ്ഞും തട്ടിപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |