തിരുവനന്തപുരം:കൃഷി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടി നാളെ നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആരംഭിക്കും.
നെടുമങ്ങാട് കല്ലിങ്ങൽ ജംഗ്ഷനുസമീപം ജനുവരി 24 മുതൽ 28 വരെ നീളുന്ന കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ഇന്ന് നിർവ്വഹിക്കും. വൈകുന്നേരം രണ്ടു മണിക്ക് ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ, ജില്ലാകളക്ടർ, വകുപ്പ് മേലധികാരികൾ എന്നിവരുമായി വിവിധ കാർഷിക പദ്ധതികളുടെ ഏകോപനത്തെ കുറിച്ച് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ചർച്ച ചെയ്യും. തുടർ ദിവസങ്ങളിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
ജനുവരി 27ന് കൃഷി വകുപ്പ് മന്ത്രിയും, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയും ബ്ലോക്കിലെ വിവിധ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകരുമായും കർഷക സംഘങ്ങളുമായും സംവദിക്കുകയും, 28ന് പകൽ കർഷക അദാലത്തും നടത്തും. 28 ന് വൈകിട്ട് 3 മണിക്ക് കൃഷിക്കൂട്ട സംഗമവും പൊതു സമ്മേളനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം നിർവ്വഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന യോഗത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ അവാർഡ് ദാനവും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മാതൃക ഹരിത പോഷക ഗ്രാമ പ്രഖ്യാപനവും നിർവ്വഹിക്കും. മികച്ച കർഷകർക്കും, കർഷക സംഘങ്ങൾക്കും അവാർഡുകൾ നൽകും. വിവിധ യോഗങ്ങളിൽ എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |