SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.39 AM IST

സി.പി.എമ്മും കോൺഗ്രസും ചില്ലറ ആശയക്കുഴപ്പങ്ങളും

opinion

രാജ്യം അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം അതിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്നു. 2014ൽ അധികാരമേറിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സഖ്യം 2019ൽ വർദ്ധിത ഭൂരിപക്ഷത്തോടെ തുടർഭരണം പിടിച്ചു. അധികാരത്തിന്റെ തണലിൽ സംഘപരിവാർ അണികൾ അക്രമോത്സുക ഹിന്ദുത്വവർഗീയത രാജ്യത്ത് നടത്തുന്നുണ്ട്. ഒരുവശത്ത് കേന്ദ്രസർക്കാർ തീവ്രവലതുപക്ഷ നയങ്ങൾ ശക്തിപ്പെടുത്തുന്നു. ചങ്ങാത്ത മുതലാളിത്തം ( chrony capitalism) വലിയതോതിൽ നടമാടുന്നു. അവരുടെ പരിലാളനയാൽ രാജാപാർട്ട് രാഷ്ട്രീയവേഷങ്ങൾക്ക് വീരപരിവേഷം കിട്ടുന്നു. മാദ്ധ്യമങ്ങൾ ബഹുഭൂരിപക്ഷവും മോദീസ്തുതിയാൽ സായൂജ്യമടയുന്നു. ചില ചാനൽ അവതാരകർ പച്ചയ്ക്ക് വർഗീയത ആളിക്കത്തിക്കുന്നു. ഭരണകൂടചെയ്തികളെ ചോദ്യം ചെയ്യുന്ന മാദ്ധ്യമങ്ങളെ വേട്ടയാടി വിരട്ടാൻ ശ്രമിക്കുന്നു. അതിനിടയിലും ധൈര്യസമേതം പോരാടുന്ന മാദ്ധ്യമങ്ങളുണ്ട്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുമുണ്ട്. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നെന്ന് ചുരുക്കം.

പ്രതിപക്ഷശബ്ദത്തിന് വീര്യമില്ല. 2019ന് ശേഷം ഏറെക്കുറെ മരവിച്ചു കിടന്നിരുന്ന കോൺഗ്രസ് പാർട്ടി ഉയിർത്തെഴുന്നേറ്റത് ഈയടുത്ത് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയുമായി ഇറങ്ങിയശേഷമാണ്. ഉത്തരേന്ത്യയിൽ അതിന് ലഭിക്കുന്ന സ്വീകരണം പ്രതീക്ഷാനിർഭരമാണ്. കാശ്മീരിലേക്ക് കടന്ന ജോഡോയാത്ര അതിന്റെ സമാപനച്ചടങ്ങിലേക്ക് കടക്കാനിരിക്കുന്നു. ജോഡോയാത്രയുടെ ആവേശം നിലനിറുത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താഴെത്തട്ടിൽ സജീവമാക്കുകയെന്ന ചിന്തയോടെ ഹാഥ് സേ ഹാഥ് അഭിയാൻ എന്ന ജനസമ്പർക്ക പരിപാടിയിലേക്ക് കടക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. എന്നാൽ, പ്രതിപക്ഷത്ത് ഒറ്റകക്ഷിയായി വിലസാനുള്ള ആരോഗ്യം ഇപ്പോഴും കോൺഗ്രസിന് ലഭിച്ചെന്ന് കരുതുകവയ്യ. പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് നിന്നാൽ സംഘടിതശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളിയുയർത്താൻ കഴിഞ്ഞേക്കാം. പ്രാദേശികതലങ്ങളിൽ ശക്തിയാർജിച്ച് നിൽക്കുന്ന കക്ഷികൾ ഇക്കാര്യത്തിൽ നിർണായകമാണ്. എന്നാൽ അവർ തമ്മിലെല്ലാം പരസ്പരം വൈരുദ്ധ്യവും എതിർപ്പും പ്രകടിപ്പിച്ചാണ് നില്പ്. ഭാരത് രാഷ്ട്ര സമിതിയായി രൂപാന്തരപ്പെട്ട തെലങ്കാന രാഷ്ട്രസമിതി, ആം ആദ്മി എന്നിവയൊഴിച്ച് മിക്ക പ്രതിപക്ഷ പാർട്ടികളെയും കോൺഗ്രസ് ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിന് ക്ഷണിച്ചു. ഭാരത് രാഷ്ട്രസമിതി തെലങ്കാനയിലെ ഖമ്മത്ത് ഈയിടെ നടത്തിയ പ്രതിപക്ഷ ഐക്യറാലിയിലേക്ക് കോൺഗ്രസിന് ക്ഷണമുണ്ടായില്ല. കോൺഗ്രസിനോട് അടുപ്പം പുലർത്തുന്ന ഡി.എം.കെയുടെ നായകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ഈ റാലിയിൽനിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായ അസാന്നിദ്ധ്യമായി. എന്നാൽ സ്റ്റാലിന് പ്രിയപ്പെട്ട, അദ്ദേഹത്തിന്റെ അയൽ മുഖ്യമന്ത്രിയും ഇന്ത്യൻ ഇടതുപക്ഷത്തെ മുൻനിര പാർട്ടിയായ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ആ റാലിയെ അഭിവാദ്യം ചെയ്യാനെത്തി.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോട് സി.പി.എമ്മിന് പൊരുത്തപ്പെട്ട് പോകാനേ കഴിയാത്ത സ്ഥിതിയുണ്ട്. ബിഹാറിൽ നിതീഷ് കുമാറും ലാലു പ്രസാദ് യാദവിന്റെ പുത്രൻ തേജസ്വി യാദവും നയിക്കുന്ന ജനതാദൾ-യു, രാഷ്ട്രീയ ജനതാദൾ കക്ഷികൾ ഒരുമിച്ച് ഭരിക്കാനാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെയാകെ ഒരുമിപ്പിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കാനും അതുവഴി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവാനുമാണ് നിതീഷിന്റെയും കൂട്ടരുടെയും ശ്രമം. ഒഡിഷയിലെ ബിജു ജനതാദളിനെയും കർണാടകയിലെയും കേരളത്തിലെയും ജനതാദൾ-എസിനെയും അടക്കം ഇതിന്റെ ഭാഗമാക്കാൻ നോക്കുന്നു. അങ്ങനെ പല ദിക്കിൽ നിന്ന് പരസ്പരം ഒത്തുപോകാത്ത ബദൽശക്തി സമാഹരണത്തിലാണിപ്പോൾ പ്രതിപക്ഷ പാർട്ടികൾ. അതിനിടയിലാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തിയതും അവിടെ കോൺഗ്രസുമായി സി.പി.എം കൈകോർക്കാൻ തീരുമാനിച്ചതും. ഏറെ കൗതുകകരവും ശ്രദ്ധേയവുമായ രാഷ്ട്രീയസഖ്യം അങ്ങനെ ത്രിപുരയിൽ ഉരുത്തിരിയുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ മടിച്ച് നിൽക്കുന്ന സി.പി.എം ത്രിപുരയിൽ മടിയില്ലാതെ കോൺഗ്രസിനോട് കൈകോർത്തു. അത് അതിജീവനത്തിനുള്ള അനിവാര്യതയായി സി.പി.എം വിലയിരുത്തുന്നത് കൊണ്ടുകൂടിയാണ്. എന്നാലെന്ത് കൊണ്ട് ഭാരത് ജോഡോ യാത്രാസമാപനത്തിൽ പങ്കെടുക്കുന്നില്ല. അതിൽ പങ്കെടുത്ത് അഭിവാദ്യമർപ്പിച്ച് മടങ്ങുന്നതിനെന്താണ് കുഴപ്പം? സി.പി.എമ്മിന്റെ ഈ രണ്ട് കാര്യങ്ങളിലുമുള്ള വൈരുദ്ധ്യം പാർട്ടിക്ക് എന്തോ ആശയക്കുഴപ്പമുണ്ടെന്ന് തോന്നിക്കുന്നു. കോൺഗ്രസിനെ അകറ്റിനിറുത്തിയ ഖമ്മത്തെ റാലിയിൽ പങ്കെടുത്ത പിണറായി വിജയനെയും ഇതിനോട് ചേർത്തുവായിച്ചാൽ രാഷ്ട്രീയ കൗതുകമേറും.

ത്രിപുരയിലെ പുതുസഖ്യം

കാൽനൂറ്റാണ്ട് നീണ്ട സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണത്തിന് തടയിട്ട് ബി.ജെ.പി ത്രിപുര പിടിച്ചെടുത്തത് 2018ലാണ്. അതിനുശേഷം വ്യാപകമായ ആക്രമണമേൽക്കുകയാണ് ത്രിപുരയിൽ സി.പി.എം. പിടിച്ചുനിൽക്കാനാവാത്ത ഗതികേടിലാണ് പാർട്ടി. അതിജീവനത്തിന് അനിവാര്യമായ ഒന്നെന്ന നിലയിലാണ് അവിടത്തെ ബദ്ധവൈരികളായിരുന്ന കോൺഗ്രസുമായി സഖ്യത്തിൽ സി.പി.എം ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഇരുപാർട്ടികളുടെയും സംയുക്ത റാലിയും നടന്നു.

ബി.ജെ.പി ചിത്രത്തിൽ വരുംമുമ്പ് ത്രിപുരയിലെ സി.പി.എമ്മിന്റെ വലിയശത്രു കോൺഗ്രസായിരുന്നു. ഇടക്കാലത്തുണ്ടായ (1988 കാലം) കോൺഗ്രസ് ഭരണം കറുത്ത ദിനങ്ങളെന്നാണ് 2018ന് മുമ്പ് വരെ സി.പി.എം ആക്ഷേപിച്ചിരുന്നത്. താഴെത്തട്ടിൽ ഇരുപാർട്ടികളുടെയും അണികൾ തമ്മിൽ അതുകൊണ്ടുതന്നെ ഈ പുതിയ സഖ്യത്തോട് എത്രമാത്രം പൊരുത്തപ്പെടുമെന്ന വലിയ ചോദ്യത്തെ പാർട്ടി നേരിടുന്നുണ്ട്. പശ്ചിമബംഗാളിൽ കോൺഗ്രസ്- സി.പി.എം സഖ്യത്തോട് അണികൾ മുഖം തിരിച്ചപ്പോൾ ഫലത്തിൽ നഷ്ടക്കച്ചവടമാണ് സി.പി.എമ്മിനുണ്ടായതെന്ന മുൻ അനുഭവവുമുണ്ട്.

എന്നിട്ടും ത്രിപുരയിൽ ഇങ്ങനെയൊരു സഖ്യത്തിന് തീരുമാനിച്ചെങ്കിൽ അത് പിടിച്ചുനിൽക്കാനുള്ള അനിവാര്യ ഘടകമായിട്ടേ കാണാനാവൂ. അത്രയ്ക്ക് സങ്കീർണമാണ് അവിടത്തെ രാഷ്ട്രീയസാഹചര്യം. ബംഗാളിൽ 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം ഫലം കാണാതെ പോയത് ഒരു പൊതുമിനിമം പരിപാടി ആവിഷ്കരിച്ച് മുന്നോട്ട് വയ്ക്കാതിരുന്നതിനാലാണെന്നാണ് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ ഈയിടെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ത്രിപുരയിൽ അത്തരമൊരു സാഹചര്യമൊഴിവാക്കുമെന്ന് ചുരുക്കം.

സി.പി.എം പ്രതാപികളായിരുന്ന കാലത്ത് ബംഗാളിലായാലും ത്രിപുരയിലായാലും കോൺഗ്രസായിരുന്നു ബദ്ധവൈരികൾ. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഇന്ന് സി.പി.എമ്മിന് പ്രതാപമുള്ള കേരളത്തിൽ മാത്രമാണ് കോൺഗ്രസ് ഒന്നാം നമ്പർ ശത്രുവായി നിൽക്കുന്നത്. മറ്റ് രണ്ടിടത്തും സ്ഥിതിമാറി. അതുകൊണ്ടുതന്നെ കോൺഗ്രസ് സഖ്യത്തിൽ ഏറ്റവും വലിയ ജാള്യതയുണ്ടാവുക കേരളത്തിലെ പാർട്ടി നേതൃത്വത്തിനുമായിരിക്കും. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അവർ അധികാരത്തിലിരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ പാർട്ടി ഘടകമാണ് ഇന്ന് നിർണായകശക്തി. അതുകൊണ്ടുതന്നെ കോൺഗ്രസിനോടുള്ള സമീപനമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്ന് ഉറപ്പ്.

ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ മടിച്ചുനിൽക്കാൻ സി.പി.എം കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചതും കേരളത്തിലെ പാർട്ടിയെ ഓർത്തിട്ടാണ്. അല്ലെങ്കിൽ ത്രിപുരയിൽ പരസ്യസഖ്യത്തിലേർപ്പെട്ട പാർട്ടിക്ക് എന്തുകൊണ്ട് കാശ്മീരിൽപോയി രാഹുൽഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചുകൂടാ? ഇടതുമുന്നണിയിലെ രണ്ടാമത്തെ ശക്തിയായ സി.പി.ഐ പോകാൻ തീരുമാനിച്ചല്ലോ.

പാർട്ടി കോൺഗ്രസും

രാഷ്ട്രീയനിലപാടും

ദേശീയതലത്തിൽ രാഷ്ട്രീയ അടവുനയം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിനോടുള്ള സമീപനമെന്താകണമെന്നത് സംബന്ധിച്ച് 2018ൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിനകത്ത് ചൂടുപിടിച്ച തർക്കം നടന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരുവശത്തും മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ട് മറുവശത്തും നിലകൊണ്ടു. ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തിൽ കോൺഗ്രസിനെ പേരെടുത്ത് പറയാതെയുള്ള രാഷ്ട്രീയപ്രമേയം ഒടുവിൽ പാർട്ടി അംഗീകരിച്ചു. എന്നാൽ 2022 ഏപ്രിലിൽ കണ്ണൂർ പാർട്ടി കോൺഗ്രസിലേക്കെത്തിയപ്പോൾ ഹൈദരാബാദിലെ തർക്കത്തിനുതന്നെ പ്രസക്തിയില്ലാതായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ രാഷ്ട്രീയസ്ഥിതി തന്നെ മാറി. ബി.ജെ.പി വൻഭൂരിപക്ഷത്തോടെ തുടർഭരണം പിടിച്ചതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷപദം രാഹുൽഗാന്ധി ഒഴിഞ്ഞു. നാഥനില്ലാ കളരിയായി കോൺഗ്രസ് .

ഈ അവസ്ഥയിൽ കോൺഗ്രസിനെക്കുറിച്ച് തർക്കിക്കുന്നതിൽ കാര്യമില്ലെന്ന് മനസിലാക്കിയ സി.പി.എം, കണ്ണൂർ പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയപ്രമേയം ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നതാണ് മുഖ്യദൗത്യമെന്ന് പ്രഖ്യാപിച്ചു. ഇതിനായി പാർട്ടിയെയും ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യത്തിനും ആഹ്വാനം ചെയ്തു. ബി.ജെ.പി ഇതര വോട്ടുകൾ ഒരുമിപ്പിക്കാൻ ആവശ്യമായവിധത്തിൽ അനുയോജ്യമായ രാഷ്ട്രീയസഖ്യങ്ങൾ രൂപപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. ഓരോ സംസ്ഥാനത്തും അതിനനുസരിച്ചുള്ള അടവുനയമാകാം. കോൺഗ്രസിനെ തള്ളിപ്പറയുന്നതിലൊന്നും പ്രസക്തിയില്ലെന്ന് ചുരുക്കം.

ഇപ്പോൾ ത്രിപുരയിൽ നടന്നത് ഈ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചുള്ള തീരുമാനമാണ്. അങ്ങനെയുള്ള സി.പി.എം ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ പോയി അഭിവാദ്യമർപ്പിച്ച് വരുന്നതിൽ എന്തിന് നാണക്കേട് വിചാരിക്കണമെന്ന ചോദ്യം സ്വാഭാവികമാണ്.

അവിടെയാണ് കേരളത്തിലെ പാർട്ടി നേതൃത്വവും ഇവിടത്തെ രാഷ്ട്രീയകാലാവസ്ഥയും പാർട്ടിക്ക് പ്രധാനമാകുന്നത്. ഖമ്മത്ത് പോയി കടുത്ത കോൺഗ്രസ് വിരുദ്ധനായി നിൽക്കുന്ന ചന്ദ്രശേഖർറാവുവിന്റെ പ്രതിപക്ഷ ഐക്യറാലിയിൽ സ്റ്റാലിൻ വിട്ടുനിന്നപ്പോൾ പിണറായി പങ്കെടുത്തതിന്റെ രാഷ്ട്രീയപ്രാധാന്യവും ഇതിനോട് ചേർത്തുവായിക്കണം. പക്ഷേ അരാഷ്ട്രീയത വിളമ്പുന്ന ആം ആദ്മിയുമായി പിണറായി വേദി പങ്കിടണമായിരുന്നോ എന്ന ചോദ്യവുമുണ്ട്.

ഏതായാലും കോൺഗ്രസിനോടുള്ള സമീപനക്കാര്യത്തിൽ സി.പി.എമ്മിന് ഇപ്പോഴും ഒരാശയക്കുഴപ്പവും ആശയപ്രതിസന്ധിയും നേരിടേണ്ടി വരുന്നത് വ്യക്തമാക്കുന്നതാണ് സമീപകാല സംഭവവികാസങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.