SignIn
Kerala Kaumudi Online
Saturday, 20 April 2024 6.45 AM IST

ജോഡോ ജമ്മുവിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി യാത്ര കാൽനടയായി പൂർത്തിയാക്കും

jodo

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാന പദവിയേക്കാൾ വലിയ പ്രശ്നമായി നിങ്ങൾക്ക് മറ്റൊന്നുമില്ല. അവർ നിങ്ങളുടെ അവകാശം തട്ടിയെടുക്കുകയായിരുന്നു. അത് നേടിയെടുക്കാൻ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജോഡോ യാത്ര ഇന്നലെ രാവിലെ ജമ്മു കാശ്മീരിലെ സാമ്പ ജില്ലയിലെ വിജയ്പൂരിൽ നിന്നും ആരംഭിച്ചു. സാമ്പയിൽ നിന്ന് ജമ്മുവിലേക്ക് പ്രവേശിച്ച യാത്രയെ സ്വീകരിക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. സത്വാരി ചൗക്കിൽ രാഹുൽ റാലിയെ അഭിസംബോധന ചെയ്തു. കുഞ്ജ്വാനിയിൽ വച്ച് പി.ഡി.പി സംഘവും യാത്രയിൽ ചേർന്നു. കെ.സി. വേണുഗോപാൽ, ദിഗ്‌വിജയ് സിംഗ്, ജയറാം രമേഷ്, വികാർ റസൂൽ വാനി, രാമൻ ഭല്ല, ജി.എ മിർ തുടങ്ങിയ നേതാക്കൾ രാഹുലിനെ അനുഗമിച്ചു.

യാത്രക്കിടെ കാശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണറെ സന്ദർശിച്ച് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ ശ്രമിച്ചപ്പോൾ ഭിക്ഷ യാചിക്കരുതെന്ന് പറഞ്ഞ് അവഹേളിച്ചതായി അവർ പറഞ്ഞെന്ന് രാഹുൽ ഗാന്ധി. അവർ യാചിക്കുകയല്ല, അവകാശങ്ങളാണ് ചോദിക്കുന്നതെന്ന് ലെഫ്റ്റനന്റ് ഗവർണറോട് പറയാനാഗ്രഹിക്കുന്നെന്നും രാഹുൽ പറഞ്ഞു.

ബസല്ല, കാൽനട തന്നെ

വൻ സുരക്ഷ ഭീഷണിയുള്ള മേഖലകളിൽ ജോഡോ യാത്രയിൽ പങ്കെടുക്കുന്നവരെ ബസിൽ കൊണ്ടുപോകുമെന്ന വാർത്ത കോൺഗ്രസ് നേതൃത്വം തള്ളി. യാത്ര കാൽ നടയായി തന്നെ പൂർത്തിയാക്കുമെന്ന് നേതൃത്വം അറിയിച്ചു. സുരക്ഷ ഉറപ്പാക്കുകയെന്നത് സുരക്ഷ സേനകളുടെ ചുമതലയാണ്. സുരക്ഷ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുമെന്നും നേതൃത്വം അറിയിച്ചു. കാശ്മീരിൽ യാത്രയ്ക്ക് വൻ സുരക്ഷയാണ് ഒരുക്കിയത്. ജമ്മു കാശ്മീർ പൊലീസിന് പുറമെ സി.ആർ.പി.എഫും മറ്റ് കേന്ദ്രസേന വിഭാഗങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടം രാഹുലിന് അരികിലെത്തുന്നത് തടയാനായി വലിയ വടങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കും.ജനുവരി 30ന് യാത്ര സമാപിക്കും.

സർജിക്കൽ ആക്രമണത്തിന് തെളിവില്ല: ദിഗ്‌വിജയ് സിംഗ്

പാക് അതിർത്തിക്കുള്ളിലെ ഭീകര കേന്ദ്രങ്ങളിൽ 2016ൽ നടത്തിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന സർജിക്കൽ ആക്രമണത്തിന് തെളിവില്ലെന്ന് കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്.
സർജിക്കൽ സ്‌ട്രൈക്ക് നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്ന് പറയുന്നതല്ലാതെ അതിനൊന്നും തെളിവില്ലെന്നും

നുണകളുടെ സഹായത്തോടെയാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കാശ്‌മീരിലെത്തിയ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

40ലധികം സി.ആർ.പിഎഫ് ജവാന്മാർ കൊല്ലപ്പെട്ട 2019പുൽവാമ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നു. കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കിൽ ആക്രമണം നടക്കില്ലായിരുന്നു. ജവാൻമാരെ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗം കൊണ്ടുവരാൻ അനുവദിക്കണമെന്ന

സി.ആർ.പി.എഫ് ഡയറക്‌ടറുടെ അഭ്യർത്ഥന മോദി സർക്കാർ നിരസിച്ചതാണ് പ്രശ്ന‌ങ്ങൾക്ക് കാരണം. പുൽവാമയിൽ ഭീകരാക്രമണങ്ങൾ പതിവായിരുന്നു.

സുരക്ഷാഭീഷണിയുള്ള പ്രദേശത്ത് എല്ലാ വാഹനങ്ങളും പരിശോധിക്കാറുണ്ട്. എന്തുകൊണ്ടാണ് അന്ന് തെറ്റായ ദിശയിൽ വന്ന സ്കോർപ്പിയോ കാർ തടയായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പാർലമെന്റിൽ വച്ചിട്ടില്ല. ജനങ്ങൾക്ക് അതേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളി

ബുദ്ധിശാലിയും സ്നേഹമുള്ളതുമായ ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്ന് രാഹുൽ ഗാന്ധി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്തിയാലുടൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞത്. ഉടനെ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ഉത്തരം. പങ്കാളിയെക്കുറിച്ച് സങ്കല്പമൊന്നുമില്ല. എന്റെ മാതാപിതാക്കളുടെ വിവാഹം വളരെ സ്നേഹ സമ്പന്നവും മനോഹരവുമായിരുന്നതിനാൽ എന്റെ പ്രതീക്ഷ വളരെ ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.