കോട്ടയം: ജൈവ സാക്ഷരത വളർത്താനെന്ന പേരിൽ എം.ജി സർവകലാശാല കൊട്ടിഘോഷിച്ച് നടത്തിയ 3.58 കോടി രൂപയുടെ ജൈവം പദ്ധതിയിൽ ധൂർത്തും അഴിമതിയും. പദ്ധതിക്ക് അഡ്വാൻസായി നൽകിയ 25 ലക്ഷം രൂപ എങ്ങോട്ട് പോയെന്ന് പോലും വർഷം അഞ്ചായിട്ടും അറിയില്ല. പണം ക്രമീകരിക്കാത്തതിനെതിരെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര പരമാർശമാണുള്ളത്.
പദ്ധതിയുടെ മറവിൽ വൻ ധൂർത്തും അഴിമതിയും നടക്കുകയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഓഡിറ്റിലെ കണ്ടെത്തൽ. അന്നത്തെ രജിസ്റ്റാർ എം.ആർ. ഉണ്ണിയായിരുന്നു പദ്ധതിയുടെ ചുക്കാൻ പിടിച്ചത്. വൈക്കത്തിനടുത്ത് നിലം പാട്ടത്തിനെടുത്ത് ഞവര കൃഷിയും വിവിധ കോളേജുകളിൽ പച്ചക്കറി കൃഷി നടത്തിയതുമടക്കം തുടർ പ്രവർത്തനമുണ്ടായില്ല. ഒരു കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ച സമക്ഷം, ട്രിപ്പ് എന്നീ ചിത്രങ്ങളും ഫലപ്രതമായില്ല.
അതേസമയം നിർമ്മാണങ്ങളുടെ അടിസ്ഥാനമായ അളവ് പുസ്തകം സൂക്ഷിക്കുന്നതിലും ഗുരതര വീഴ്ചയുണ്ട്. വലിയ പദ്ധതികളുടെ അളവ് വിവരം തുടർച്ചയായല്ലാതെ പല അളവുകളിലായാണ് രേഖപ്പെടുത്തുന്നത്. വിവിധ പദ്ധതികളുടെ അളുവ് ഇടകലർത്തി രേഖപ്പെടുത്തുന്നതിനാൽ തുടർ പരിശോധനയ്ക്കും പ്രയാസമാണ്. കെട്ടിടങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിലും ഗുരതര വീഴ്ചയുണ്ട്. അടിയന്തര സാഹചര്യത്തിൽ നിർമ്മാണത്തിന് ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കി ബിൽ നൽകുന്നത്.
25 ലക്ഷത്തെക്കുറിച്ച് വിവരമില്ല
പ്രത്യേക പദ്ധതിക്കായി നാനോ ടെക്നോളജി ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിന് 25 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു. എന്നാൽ ഈ തുകയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. പദ്ധതി 2018 സെപ്തംബറിൽ പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ മുൻകൂർ തുക ക്രമീകരിക്കാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ടിലുണ്ട്.
ചട്ടം പാലിക്കാതെ എൻജിനിയറിംഗ് വിഭാഗം
സർവകലാശാലയിലെ എൻജിനിയറിംഗ് വിഭാഗം നോക്കുകുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും അംഗീകരിക്കുന്നതിലും പ്രവൃത്തി നിർവഹണത്തിലും പൊതുമരാമത്ത് ചട്ടം പാലിക്കുന്നില്ല. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഗുരുതര വീഴ്ചയുണ്ട്. കൃത്യമായി സൈറ്റ് പരിശോധിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. മേൽക്കൂര നിർമ്മാണത്തിന് എസ്റ്റിമേറ്റിലുള്ളതിനേക്കാൾ അധികം അളവ് സാധനം ഉപയോഗിച്ചതടക്കമുള്ള ഉദാഹരങ്ങളും റിപ്പോർട്ടിലുണ്ട്.