SignIn
Kerala Kaumudi Online
Thursday, 18 April 2024 3.29 PM IST

ഒരേയൊരു പല്‌പു

dr-p-palpu

ഇന്ന് ഡോ.പി.പല്‌പുവിന്റെ 73ാമത് ചരമവാർഷികം

കേരളീയ നവോത്ഥാനത്തിലും സാമൂഹികസമത്വം യാഥാർത്ഥ്യമാക്കുന്നതിലും ഡോ.പല്‌പു വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. എസ്.എൻ.ഡി.പി യോഗചരിത്രം നന്ദിയോടെ സ്മരിക്കുന്ന നാമധേയങ്ങളിൽ ഒന്നാംസ്ഥാനത്താണ് ഡോ.പല്‌പുവിന്റെ സ്ഥാനം. ശ്രീനാരായണഗുരുദേവൻ യോഗത്തിന്റെ സ്ഥാപകനും ആദ്ധ്യാത്മിക മാർഗദർശിയുമാണെങ്കിൽ കുമാരനാശാൻ ദൈനംദിന കാര്യദർശിയും പ്രത്യക്ഷസംഘാടകനുമായിരുന്നു. യോഗത്തെ നയിച്ച് പുത്തൻ ദിശാബോധം നൽകി പ്രായോഗിക കർമ്മപരിപാടികളിലൂടെ യോഗത്തിന് അടിത്തറയിട്ട പല്‌പുവിന് സമാനമായി മ​റ്റൊരു വ്യക്തി ചരിത്രത്തിലില്ല. സന്ധിയില്ലാസമരത്തിലൂടെ പിന്നാക്കക്കാരുടെ അവകാശങ്ങൾ നേടിയെടുത്ത പല്‌പു ലക്ഷ്യസാദ്ധ്യത്തിനായി ഏത​റ്റംവരെയും പോയി.

ഡോ.പല്‌പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾക്കുപോലും പ്രാതിനിദ്ധ്യമുണ്ടായിരുന്നില്ല. നായന്മാർ 800 പേരുള്ളപ്പോൾ 13000 ത്തോളം പരദേശി ബ്രാഹ്മണർ സർവീസിലുണ്ടായിരുന്നു. ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ.പല്‌പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമർപ്പിച്ച മലയാളി മെമ്മോറിയലിന്റെ പ്രയോജനം സിദ്ധിച്ചത് നായർ വിഭാഗത്തിന് മാത്രമായിരുന്നു. ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഭരണകൂടത്തിന്റെ ശ്രദ്ധയാകർഷിക്കാൻ പല്‌പു ശ്രമിച്ചതോടെ കുറച്ചെങ്കിലും മാ​റ്റമുണ്ടായി.

അധ:സ്ഥിതരുടെ

വിമോചകൻ

ഉപരിപഠനത്തിന് മദ്റാസിൽ പോവുകയും ആഗ്രഹിച്ചപ്രകാരം ഭിഷഗ്വരനായിത്തീരുകയും ചെയ്തു അദ്ദേഹം. ഈഴവസമുദായത്തിലെ ആദ്യത്തെ ഡോക്ടർ എന്ന പദവിയിലെത്തിയ അദ്ദേഹം ചരിത്രവഴിത്തിരിവിന് നിമിത്തമായി. നിർദ്ദിഷ്ടയോഗ്യതകൾ നേടിയിട്ടും അദ്ദേഹത്തെ സർക്കാർ സർവീസിലെടുക്കാൻ തിരുവിതാംകൂറിലെ ഭരണാധികാരികൾ തയ്യാറായില്ല. മൈസൂർ സർക്കാരിൽ ജോലിചെയ്തുകൊണ്ട് പല്‌പു അവിടെയും വിലക്കുകളെ മറികടന്നു. ഏത് ദുർഘടഘട്ടത്തിലും തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്ന ആ ഇച്ഛാശക്തിയുള്ള പിന്നാക്കക്കാരന് വേറെയും മാർഗങ്ങളുണ്ടെന്ന് സമർത്ഥിച്ചു. അന്ന് ഉന്നതകുലജാതർക്ക് പോലും കഴിയാത്തവിധം വിദേശത്ത് ഉപരിപഠനം നടത്തിക്കൊണ്ട് സമാനതകളില്ലാത്ത മാതൃകകാട്ടി. തൊഴിൽമേഖലകളിൽ അധ:സ്ഥിതർ അനുഭവിക്കുന്ന വിവേചനങ്ങൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻപോലും മുൻകൈയെടുത്തു.

സംവരണവിഷയത്തിൽ കഴിഞ്ഞകാലങ്ങളിൽ നിലനിന്ന നിയമങ്ങൾ പിന്നാക്കക്കാരന് അനുകൂലമാണെന്ന് തോന്നുമെങ്കിലും ദീർഘകാലം ജാതിസംവരണം ലഭിച്ചിട്ടും ഇന്നും പിന്നാക്കക്കാർക്ക് സർക്കാർ സർവീസിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവർക്ക് ഇക്കാര്യത്തിൽ ബഹുദൂരം സഞ്ചരിക്കാനായിട്ടും പിന്നാക്കവിഭാഗങ്ങളുടെ സ്ഥിതി അതീവ ദയനീയമാണ്. പിന്നാക്കക്കാർ എല്ലാം നേടിക്കഴിഞ്ഞെന്നും ഇനി ജാതിസംവരണം ആവശ്യമില്ലെന്നുമുള്ള ചിലരുടെ തെ​റ്റായ പ്രചാരണം ബോധപൂർവമായ അജൻഡയുടെ കരുനീക്കങ്ങളാണ്. മുന്നാക്കക്കാർ അടക്കമുളള ഇതരവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം എതിരല്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ആവശ്യപ്പെടുന്നതിൽ അനീതിയോ അധാർമ്മികതയോ ഇല്ലെന്ന് നിഷ്പക്ഷമതികൾക്ക് കണ്ടെത്താനാവും. എല്ലാവിഭാഗം ജനങ്ങൾക്കും അർഹമായ പങ്കാളിത്തം ലഭിക്കുംവിധം സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഡോ.പല്‌പു മുന്നോട്ടുവച്ച വാദഗതിയും ഇതുതന്നെയായിരുന്നു.

സംവരണവും മനോരമയും
സവർണജാതി സംവരണത്തെ അനുകൂലിക്കുകയും സാമുദായിക സംവരണത്തിനെതിരെയുള്ള സംഘടിത നീക്കത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന നിലപാടാണ് കേരളകൗമുദി ഒഴികെയുള്ള മാദ്ധ്യമങ്ങൾ പൊതുവെ സ്വീകരിക്കുന്നത്.
അധ:സ്ഥിത വിഭാഗങ്ങൾ നേരിട്ടിരുന്ന വിവേചനവും നീതിനിഷേധവും തുറന്നുകാട്ടി അക്ഷരങ്ങളിലൂടെ അവർക്കായി പോരാടിയ ചരിത്രം മലയാള മനോരമ ഉൾപ്പെടെയുള്ള ചില മാദ്ധ്യമങ്ങൾക്കുണ്ട്. 1889 ലെ സർക്കാർ പഞ്ചാംഗപ്രകാരം പത്തുരൂപയും അതിന് മേലും ശമ്പളമുള്ളവരായി തിരുവിതാംകൂർ സംസ്ഥാനത്താെട്ടാകെ ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ പോലുമില്ലെന്ന്1891 ജൂൺ 20 ന് എഴുതിയ മുഖപ്രസംഗത്തിൽ മലയാളമനോരമ ചൂണ്ടിക്കാട്ടിയിരുന്നു. 'സങ്കടപരിഹാരം നടപ്പാക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിന് തന്നെ ദോഷകരമായ അതൃപ്തി ഉരുണ്ട് കൂടുമെന്ന് ' മുഖപ്രസംഗത്തിൽ കണ്ടത്തിൽ വർഗീസ് മാപ്പിള ഭരണാധികാരികൾക്ക് താക്കീത് നൽകി. ആ കാലഘട്ടത്തിലെ ജാതിവിവേചനം കണക്കുകൾ സഹിതമാണ് മനോരമ ചൂണ്ടിക്കാട്ടുന്നത്. മുഖപ്രസംഗത്തിൽ പറയുന്നു:
'പത്തുരൂപയും അതിന് മേലും ശമ്പളമുള്ളവരായി തിരുവിതാംകൂർ സംസ്ഥാനത്താെട്ടാകെ 3407 ഉദ്യോഗങ്ങളിൽ വാസ്തവ സ്വദേശികളായ മലയാളി ശൂദ്റർ 1575, നാഞ്ചിനാട്ട് ശൂദ്റർ 75, നസ്രാണികൾ 76, ഈഴവർ പൂജ്യം, മ​റ്റിനക്കാർ പൂജ്യം എന്നാണ് കാണുന്നത്.' 'പരദേശി ഹിന്ദുക്കൾ വഹിക്കുന്നതായ 1444 ഉദ്യോഗങ്ങളിൽ 1000ഉം പരദേശി ബ്രാഹ്മണരാണ്. പരദേശി ക്രിസ്ത്യാനികൾ 200ഓളം ഉണ്ട്.'
'ഇത് കൂടാതെ 50രൂപയും അതിനുമേലും ശമ്പളമുള്ള 246 ഉദ്യോഗങ്ങളിൽ 56 മലയാളി ശൂദ്റരും അഞ്ച് നാഞ്ചനാട്ട് ശൂദ്റരും 87പരദേശി ബ്രാഹ്മണരും 34 പരദേശി ശൂദ്റരും 16 നസ്രാണികളും 49 ക്രിസ്ത്യാനികളുമാണ് നിയമിക്കപ്പെട്ടിരുന്നത്. ഈഴവർ മുതലായവർ ഇതിലും അശേഷം ഉൾപ്പെട്ടിട്ടില്ല.'
'ഹൈക്കോടതി ജഡ്ജിമാരിലാേ ഡിവിഷൻ പേഷ്‌ക്കാരൻമാരിലോ ഒരു മലയാളി പോലുമില്ല. നാട്ടുകാരേക്കാളും അവകാശം കുറഞ്ഞിരിക്കേണ്ടുന്ന അന്യദേശക്കാർക്ക് മേൽ വിവരിച്ചതുപോലെ ഇത്രയധികം ഉദ്യോഗങ്ങൾ ഇന്നാട്ടുകാരെ അവഗണിച്ചുകൊണ്ട് നൽകുന്നത് ന്യായമല്ലെന്ന് പ്രത്യക്ഷമാണ്.' മുഖപ്രസംഗത്തിൽ കണ്ടത്തിൽ വർഗീസ് മാപ്പിള ശക്തമായ ഭാഷയിൽ ചൂണ്ടിക്കാട്ടുന്നു. അധ:സ്ഥിതർക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഇന്നും യാഥാർത്ഥ്യമായിട്ടില്ല. അക്കാലത്ത് ഇത്രശക്തമായ നിലപാടെടുത്ത മലയാള മനാേരമ ഇപ്പോൾ സാമുദായിക സംവരണത്തിനെതിരെ സ്വീകരിച്ചിരിക്കുന്ന നിലപാട് പരസ്പര വിരുദ്ധവും വേദനാജനകവുമാണ്.


ഏകമനസോടെ

നിലകൊള്ളണം

എല്ലാവർക്കും എല്ലാം ലഭിക്കുന്ന സമത്വസുന്ദരമായ ലോകം വിഭാവനം ചെയ്തവരാണ് ഡോ.പല്‌പു അടക്കമുളള മഹത്തുക്കൾ. അവരുടെ ജനനചരമദിന വാർഷികങ്ങൾ കടന്നുപോകുമ്പോൾ ചില ഭംഗിവാക്കുകൾ പറയുകയല്ല കരണീയം. അവർ മുന്നോട്ടുവച്ച സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും കേരളത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും നന്മയ്ക്ക് ഉപയുക്തമായ കർമ്മപരിപാടികൾ ആവിഷ്‌കരിക്കാനും കഴിയേണ്ടതുണ്ട്. വിഭാഗീയതകളും വേർതിരിവുകളും മാ​റ്റിവച്ച് ഈ മഹാദൗത്യത്തിൽ ഏകമനസോടെ നിലകൊള്ളുക.

ഡോ. പല്‌പു

കാണിച്ചുതന്ന വഴികൾ

പിന്നാക്കവിഭാഗങ്ങളുടെ അവശതകൾ ദൂരീകരിക്കാൻ ഭരണവർഗത്തോട് പോരാടിയ വ്യക്തിയെന്ന നിലയിൽ മാത്രമല്ല പല്‌പു നമുക്ക് വഴികാട്ടിയാവുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക സമ്മേളനങ്ങൾ പോലും അദ്ദേഹം സംഘടിപ്പിച്ചത് കേവലമൊരു സംഘടനയുടെ ആഘോഷവേളയെന്ന തലത്തിലായിരുന്നില്ല. കാർഷികമേളകൾ അടക്കം നിരവധി പദ്ധതികളിലൂടെ ഇത്തരം ആഘോഷങ്ങളെ അദ്ദേഹം മനുഷ്യർക്ക് പ്രയോജനപ്രദമാക്കി. ജനജീവിതം മെച്ചപ്പെടുത്താനാണ് അദ്ദേഹം മുൻകൈയെടുത്തത്.

കുമാരനാശാൻ അടക്കമുള്ളവർ പിൽക്കാലത്ത് പല്‌പു തുടക്കമിട്ട ആശയങ്ങൾക്ക് പ്രചാരണം നൽകുകയും സന്ദേശവാഹകരായിത്തീരുകയും ചെയ്തു.

ഗുരുദേവൻ എക്കാലത്തും പല്‌പുവിന്റെ അഭിപ്രായം ആരായുകയും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കല്‌പിക്കുകയും ചെയ്തിരുന്നു. ആദ്ധ്യാത്മിക ഉണർവിനൊപ്പം ഭൗതിക ഉന്നമനവും മനുഷ്യരാശിയുടെ വളർച്ചയ്ക്കും നിലനില്‌പിനും അനിവാര്യമാണെന്ന് ഗുരുദേവനും ഡോ.പല്‌പുവും കുമാരനാശാനും ഒരുപോലെ മനസിലാക്കിയിരുന്നു. ഈ ത്രിമൂർത്തികളുടെ കൂട്ടായ്മയാണ് ഇന്ന് കാണുന്ന തരത്തിൽ ഈഴവസമുദായത്തിന് കുറച്ചെങ്കിലും ഉന്നമനം കൈവരിക്കാൻ പ്രേരണയായത്.
അടിമച്ചമർത്തപ്പെട്ട മഹാജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ.പല്‌പു തലമുറകൾ എത്ര കഴിഞ്ഞാലും നമുക്ക് മാർഗദർശിയാണ്. വഴിവിളക്കാണ്. ആ ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരപൂർവം പ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR P PALPU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.