തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണീച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ പഠന നിലവാരം ഉയരണമെങ്കിൽ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങൾ തകർച്ച നേരിട്ട് കൊണ്ടിരിക്കുന്ന കാലത്താണ് അവ ഏറ്റെടുത്ത് മികവിന്റെ പാതയിൽ ഉയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.5 കോടി രൂപയുടെ ഫർണീച്ചറുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. 58 ഹൈസ്കൂൾ, 53 ഹയർ സെക്കൻഡറി, 14 വി.എച്ച്.എസ്.ഇ സ്കൂളുകൾക്കാണ് ബെഞ്ച്, ഡെസ്ക്, വൈറ്റ് ബോർഡ് ഉൾപ്പെടെ നൽകുന്നത്.
കുറ്റൂർ ചന്ദ്ര മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായി. കെ.എസ്. ജയ, ലതാ ചന്ദ്രൻ, എ.വി. വല്ലഭൻ, വി.എസ്. പ്രിൻസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |