SignIn
Kerala Kaumudi Online
Friday, 29 March 2024 5.01 PM IST

രാസപരിശോധനാ ഫലം വൈകിപ്പിക്കരുത്

photo

ഫയലുകളിൽ വേഗം തീർപ്പുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുപോലെയോ അതിനപ്പുറമോ ആണ് കെമിക്കൽ എക്സാമിനേഷൻ ലാബുകളിലേക്ക് അയയ്ക്കുന്ന സാമ്പിളുകളുടെ ഫലമറിയാൻ കാത്തിരിക്കുന്നവരുടെ ആകാംക്ഷ. എന്നാൽ സംസ്ഥാനത്തെ മൂന്നു രാസപരിശോധനാ ലാബുകളിൽ ഫലമറിയാൻ ഒരുലക്ഷത്തോളം സാമ്പിളുകളുണ്ടെന്നറിയുമ്പോഴാണ് പ്രശ്നത്തിന്റെ രൂക്ഷത ശരിക്കും ബോദ്ധ്യപ്പെടുക. ആത്മഹത്യകൾ, സ്ഫോടനങ്ങൾ, ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങൾ, വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകൾ, അബ്‌കാരി കേസുകളുമായി ബന്ധപ്പെട്ട സാമ്പിളുകൾ ഇവയൊക്കെ ഫലം കാത്തിരിക്കുന്നവയിൽ ഉൾപ്പെടും. പരിശോധനാഫലം ലഭിക്കാത്തതിനാൽ വിചാരണയും ശിക്ഷയും നീണ്ടുപോകുന്ന അനവധി കേസുകളുണ്ട്. പ്രവൃത്തിസമയം പൂർണമായി വിനിയോഗിച്ചാൽ പോലും തീരാത്തത്ര സാമ്പിളുകളാണ് ലാബുകളിൽ കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ ഓഫീസുകളിൽ തീവ്രയജ്ഞങ്ങൾ കൂടക്കൂടെ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ലാബുകളിൽ കിടക്കുന്ന പതിനായിരക്കണക്കിനു സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കി ബന്ധപ്പെട്ടവർക്ക് ഫലം നൽകണമെന്ന് ആരും നിഷ്‌കർഷിച്ചു കാണാറില്ല. സർക്കാരിനും ഇക്കാര്യത്തിൽ വലിയ ഉത്‌കണ്ഠയുള്ളതായി തോന്നുന്നില്ല.

സാധാരണ സർക്കാർ വകുപ്പുകളിൽ വേണ്ടതിലധികം ജീവനക്കാർ പ്രവൃത്തിയെടുക്കുമ്പോൾ കെമിക്കൽ ലാബുകളിൽ ജോലിഭാരത്തിനനുസരിച്ച് വേണ്ടത്ര ജീവനക്കാരില്ലെന്നതാണ് പരിശോധനകൾ വൈകാൻ പ്രധാന കാരണം. ഒരുവർഷം ശരാശരി അയ്യായിരത്തിലേറെ സാമ്പിളുകളാണ് മൂന്നുലാബുകളിലായി എത്തുന്നത്. അങ്ങേയറ്റം സൂക്ഷ്മതയോടെ പൂർത്തിയാക്കേണ്ട പ്രവൃത്തിയായതിനാൽ തികഞ്ഞ ജാഗ്രതയും ആവശ്യമാണ്. ജീവനക്കാരുടെ കുറവ് പരിശോധനാ ലാബുകൾ നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. രാസപരിശോധനാ ഫലത്തിനായി പൊലീസും എക്സൈസും കോടതിയുമൊക്കെ അക്ഷമരായി കാത്തിരുന്നിട്ടും ലാബുകളിലെ കാര്യങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. സർക്കാർ കാര്യം മുറപോലെ എന്നു പറഞ്ഞതുപോലെയാണ് രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതി.

ഭക്ഷ്യസുരക്ഷാ നിയമം കർക്കശമായി നടപ്പാക്കാൻ തുടങ്ങിയതോടെ ലാബുകളിലേക്കുള്ള സാമ്പിളുകളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. സമീപദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഭക്ഷണശാലകളിലും ഹോട്ടലുകളിലും നടന്ന പരിശോധകളിൽ ധാരാളം സാമ്പിളുകൾ ശേഖരിച്ചിരുന്നു. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകിയാലേ തുടർ നടപടികളെടുക്കാനാവൂ. കാലതാമസമെടുക്കുന്തോറും ആഹാരപദാർത്ഥങ്ങളിൽ മായം ചേർത്ത് കീശ വീർപ്പിക്കുന്നവർ സുരക്ഷിതരായിക്കൊണ്ടിരിക്കും. പരിശോധന അനന്തമായി നീണ്ടാൽ പരിശോധനാഫലം അട്ടിമറിക്കപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.

ആന്തരികാവയവങ്ങളാണ് പരിശോധനയ്ക്കായി ഏറ്റവും കൂടുതൽ എത്താറുള്ളത്. അരലക്ഷത്തോളം വരും ഈ സാമ്പിളുകൾ. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടും വൻതോതിൽ സാമ്പിളുകൾ പരിശോധനയ്ക്ക് എത്താറുണ്ട്. പിന്നെ ഏറ്റവും കൂടുതൽ സാമ്പിളുകൾ അബ്‌കാരി കേസുമായി ബന്ധപ്പെട്ടുള്ളതാണ്. കാൽലക്ഷത്തോളം വരുമത്. പരിശോധന നീണ്ടുപോകുമ്പോൾ മദ്യം വെറും വെള്ളമാകുന്നതും പ്രതികൾ തടിയൂരുന്നതും സർവസാധാരണമാണ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക തെളിവു ലഭിക്കുന്നത് ലാബ് പരിശോധനകൾ വഴിയാണ്. കാസർകോട്ട് മുൻപ് ഷവർമ്മ വാങ്ങിക്കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ മരണകാരണം കൃത്യമായി അറിയാൻ കുട്ടിയുടെ അമ്മയും മറ്റും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു. ഇതുവരെ ലാബ് പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതുപോലെ നീറ്റലടക്കി എത്രയെത്ര കുടുംബങ്ങൾ ഇവിടെയുണ്ട്. പൊതുജനങ്ങളെ നേരിട്ടു ബാധിക്കാത്തതുകൊണ്ടാവാം രാസപരിശോധനാ ലാബുകളിലെ സാമ്പിൾ ബാഹുല്യം സർക്കാരിന്റെ കണ്ണിൽ പെടാത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELAY OF CHEMICAL EXAMINATION RESULTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.