ന്യൂഡൽഹി: ആം ആദ്മി പാർട്ടി, ബി.ജെ.പി കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് ഡൽഹി മേയർ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റിവച്ചു. ജനുവരി ആറിന് തടസപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കിയെങ്കിലും മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങും മുൻപ് ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു.
കനത്ത സുരക്ഷയിലാണ് എം.സി.ഡി ഭവനിൽ 249 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ലെഫ്റ്റനന്റ് ഗവർണർ നോമിനേറ്റ് ചെയ്ത പത്ത് കൗൺസിലർമാർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകില്ലെന്ന ആം ആദ്മിയുടെ വാദത്തെ ബി.ജെ.പി അംഗങ്ങൾ എതിർത്തതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ഇതേത്തുടർന്ന് അല്പസമയത്തേക്ക് സഭ പിരിഞ്ഞെങ്കിലും ഇടവേളയ്ക്ക് ശേഷം സമ്മേളിച്ചപ്പോൾ ഇരുപക്ഷവും മുദ്രാവാക്യം വിളി ഉയർത്തുകയായിരുന്നു.
മേയർ തിരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിക്കുന്നതുവരെ സഭ പിരിയുകയാണെന്ന് പ്രിസൈഡിംഗ് ഓഫീസർ സത്യാ ശർമ്മ അറിയിച്ചു. എ.എ.പി കൗൺസിലർമാർ ചേംബർ വിട്ടുപോകാതെ പ്രതിഷേധം തുടർന്നു. 6ന് നോമിനേറ്റഡ് അംഗങ്ങളുടെ വോട്ടവകാശത്തെ തുടർന്നുള്ള വഴക്ക് കയ്യേറ്റത്തിലാണ് കലാശിച്ചത്. ഇരു പാർട്ടികളിലെയും കൗൺസിലർമാർ ഏറ്റുമുട്ടുകയും മേശകൾക്ക് മുകളിൽ കയറി ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ആംആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയിയും ബി.ജെ.പിയുടെ രേഖ ഗുപ്തയുമാണ് മേയർ സ്ഥാനാർത്ഥികൾ. ആര് ജയിച്ചാലും ഡൽഹിയിൽ ആദ്യമായി ഒരു വനിത മേയർ സ്ഥാനത്തെത്തും എന്നതാണ് പ്രത്യേകത. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാലും ബി.ജെ.പിയുടെ കമൽ ബാഗ്രിയുമാണ് മത്സരിക്കുന്നത്.
250 കൗൺസിലർമാരും 14 ഡൽഹി എം.എൽ.എമാരും, പത്ത് എം.പിമാരും(ലോക്സഭയിലെയും രാജ്യസഭയിലെയും) ചേർന്നാണ് മേയറെ തിരഞ്ഞെടുക്കുന്നത്. ആകെ, 274 വോട്ടർമാരിൽ ആംആദ്മി പാർട്ടിക്ക് 150 അംഗങ്ങളുടെയും ബി.ജെ.പിക്ക് 113 പേരുടെയും പിന്തുണയുണ്ട്. ഒമ്പത് കൗൺസിലർമാരുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ല. സഭയിൽ രണ്ട് സ്വതന്ത്രന്മാരുമുണ്ട്.