SignIn
Kerala Kaumudi Online
Saturday, 20 April 2024 3.10 AM IST

ഓൺലൈനായി കൃഷി വകുപ്പ് ഉൽപ്പന്നങ്ങൾ; ആദ്യഘട്ടത്തിൽ വിൽപ്പനയ്‌ക്ക് 100 ഉൽപ്പന്നങ്ങൾ

agri

തിരുവനന്തപുരം: മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇനി മുതൽ ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 'കേരൾ ആഗ്രോ' ബ്രാൻഡിൽ എത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉത്പന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുക.

കാർഷികോൽപ്പന്നങ്ങളുടെ മൂല്യ വർദ്ധന ശൃംഖലയിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഇടപെടലുകളും സഹായവും ആവശ്യപ്പെട്ടുകൊണ്ട് നെടുമങ്ങാട് കൃഷിദർശൻ വേദിയിൽ നടത്തിയ സഹകരണസംഘം പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന്റെ അധ്യക്ഷതയിലായിരുന്നു പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളുമായുള്ള കൂടികാഴ്ച നടന്നത്.

കാർഷിക ഉത്പന്നങ്ങളുടെ വിപണനം കർഷകർ എപ്പോഴും അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുക എന്നതാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് കർഷകന് വേണ്ട എല്ലാ സഹായങ്ങളും നൽകുക എന്ന ഉദ്ദേശത്തോടുകൂടി കേരള അഗ്രി ബിസിനസ് കമ്പനി ഉടനെ പ്രവർത്തനം ആരംഭിക്കും.

കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനു അവയുടെ മൂല്യ വർദ്ധനവും പ്രാധാന്യമർഹിക്കുന്നു. ഇതിനായി മൂല്യ വർദ്ധന കൃഷി മിഷന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. 11 വകുപ്പുകളുടെ ഏകോപനത്തിൽ ആയിരിക്കും മിഷന്റെ പ്രവർത്തനങ്ങൾ നടക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.

കാർഷികോല്പന്നങ്ങൾ സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക മുഴുവനും ഉടനെ നൽകുമെന്ന് കൃഷിദർശൻ വേദിയിൽ മന്ത്രി പ്രഖ്യാപിച്ചു. കാർഷിക ഉത്പാദനത്തിന്റെ കാര്യത്തിൽ കൃത്യമായ ആസൂത്രണം വാർഡ് തലങ്ങളിൽ നിന്നും ഉണ്ടാകണം. അങ്ങനെ ആയാൽ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകില്ല. പലപ്പോഴും കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടിക്കോർപ്പ് സംഭരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് സംഭരിക്കേണ്ടി വരുമ്പോൾ തുക നൽകുന്നതിനും സർക്കാരിന് കാലതാമസം ഉണ്ടായിട്ടുണ്ട്.

കാർഷികോൽപ്പന്നങ്ങളുടെ വിപണത്തിനും മൂല്യവർദ്ധനവിനും അനുയോജ്യമായ പദ്ധതികൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുക്കുവാൻ കഴിയും. കാർഷിക അടിസ്ഥാനസൗകര്യ നിധി (അകഎ) വഴി 1% പലിശ നിരക്കിൽ വായ്പയും ലഭ്യമാണ്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കീഴിൽ കർഷക ഗ്രൂപ്പുകൾക്ക് വേണ്ട പരിശീലനം, ഉൽപന്ന സംസ്‌കരണത്തിന് വേണ്ട സഹായം എന്നിവ കൂടുതൽ സുഗമമായി നടത്തുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


കർഷകന്റെ വരുമാനത്തിൽ വർധനവ് ഉണ്ടാകുവാൻ കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധനവ് നടത്തി വിപണനം നടത്തുവാൻ ആവശ്യമായ നടപടികൾ കൃഷി വകുപ്പും സഹകരണ വകുപ്പും ആരംഭിച്ചുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ശീതീകരണ സംവിധാനങ്ങൾ പോലുള്ള ഹൈടെക് സംഭരണ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനു സഹകരണ സംഘങ്ങൾക്ക് സാധ്യമാകുമെന്നും, ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ഇത് സഹായകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


കാർഷിക അടിസ്ഥാനസൗകര്യ നിധിയെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന കോഓർഡിനേറ്റർ സൗമിത്രി അവതരിപ്പിച്ചു. മൂല്യ വർധിത കൃഷിയും ഉൽപ്പന്നങ്ങളും പ്രാഥമിക കാർഷിക ക്രെഡിറ്റ് സോസൈറ്റികളുടെ പങ്ക് എന്ന വിഷയം കൃഷി വകുപ്പ് അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ അവതരിപ്പിച്ചു.

യോഗത്തിൽ കൃഷി വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർപേർസൻ ശ്രീജ, കൃഷി അഡിഷണൽ ഡയറക്ടർ രാജേശ്വരി എസ് ആർ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഹഅഡിഷണൽ ഡയറക്ടർ മാർക്കറ്റിങ് സുനിൽകുമാർ ആർ കൃതജ്ഞത രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERAL AGRO, ONLINE SALE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.