ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ ഭീകരവിരുദ്ധ ഒാപ്പറേഷനുകളിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച രാഷ്‌ട്രീയ റൈഫിൾസിലെ മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കും വീരമൃത്യുവരിച്ച ജമ്മുകാശ്‌മീർ പൊലീസിലെ കോൺസ്റ്റബിൾ രോഹിത് കുമാർ, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഒാപ്പറേഷനിൽ വീരമൃത്യു വരിച്ച സബ് ഇൻസ്‌പെക്‌ടർ ദീപക് ഭരദ്വാജ്, ഹെഡ്കോൺസ്റ്റബിൾമാരായ സോധി നാരായണൻ, ശരൺ കശ്യപ്, എന്നിവർക്കും കീർത്തിചക്രയിലൂടെ രാഷ്‌ട്രത്തിന്റെ ആദരം.
രാഷ്‌ട്രീയ റൈഫിൾസിലെ മേജർ ആദിത്യ ബദൗരിയ, ക്യാപ്‌ടൻ അരുൺകുമാർ, ക്യാപ്ടൻ യുദ്ധ്‌വീർ സിംഗ്, പാരച്യൂട്ട് റെജിമെന്റിലെ ക്യാപ്ടൻ രാകേഷ്.ടി.ആർ, ജമ്മുകാശ്‌മീർ റൈഫിൾസിലെ നായിക് ജസ്ബീർ സിംഗ് (മരണാനന്തരം), ലാൻസ് നായിക് വികാസ് ചൗധരി, ജമ്മു കാശ്‌മീർ പൊലീസിലെ കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷെയ്ഖ് (മരണാനന്തരം) എന്നിവർക്കും
വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്ടൻ, യോഗേശ്വർ കൃഷ്ണറാവു കണ്ടൽക്കർ,
ഫ്ലൈറ്റ് ലെഫ്റ്റനന്റ് തേജ്പാൽ, സ്‌ക്വാഡ്രൺ ലീഡർ സന്ദീപ് കുമാർ ഝജ്‌രിയ, സി.പി.എൽ ആനന്ദ് സിംഗ്, എൽ.എ.സി സുനിൽ കുമാർ, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നുള്ള അസി. കമാൻഡന്റ് സതേന്ദ്ര സിംഗ്, ഡെപ്യൂട്ടി കമാൻഡന്റ് വിക്കി കുമാർ പാണ്ഡെ,കോൺസ്റ്റബിൾ വിജയ് ഒറോൺ എന്നിവർക്ക് ശൗര്യ ചക്രയും പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ജമ്മുകാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ പട്രോളിംഗിനിടെ മുന്നിൽപെട്ട ഭീകരരുമായി നേരിട്ട് നടത്തിയ ധീര പോരാട്ടമാണ് മേജർ ശുഭാംഗിനെ കീർത്തിചക്രയ്‌ക്ക് അർഹനാക്കിയത്. ഗുരുതരമായി പരിക്കേറ്റിട്ടും ഭീകരരെ പിടികൂടാനും ഒപ്പമുള്ളവരെ രക്ഷിക്കാനും അദ്ദേഹം അസാമാന്യ ധൈര്യമാണ് കാണിച്ചത്. 2021 മുതൽ ജമ്മുകാശ്‌മീരിൽ നടന്ന വിവിധ ഒാപ്പറേഷനുകളിലെ ധീരതയ്‌ക്കാണ് നായിക് ജിതേന്ദ്ര സിംഗിന് കീർത്തിചക്ര നൽകുന്നത്.
മൂന്നുപേർക്ക് ഉത്തംയുദ്ധ സേവാമെഡലും 29പേർക്ക് പരംവിശിഷ്‌ട സേവാ മെഡലും 53 പേർക്ക് അതിവിശിഷ്‌ട സേവാമെഡലും 10 യുദ്ധസേവാ മെഡലും 101 പേർക്ക് ധീരതയ്‌ക്കുള്ള സേനാ മെഡലും 40പേർക്ക് വിശിഷ്‌ട സേനാമെഡലും 81 പേർക്ക് വിശിഷ്‌ട സേവാ മെഡലും വിവിധ ഒാപ്പറേഷനുകളിൽ പങ്കെടുത്ത 55പേർക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. ആകെ 412 സേനാമെഡലുകളാണ് പ്രഖ്യാപിച്ചത്.
മെഡൽ നേടിയ മലയാളികൾ
അസാം റൈഫിൾസ് ഡയറക്‌ടർ ജനറലും മലയാളിയുമായ ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരമവിശിഷ്ട സേവാമെഡലുണ്ട്.
മറാഠാ ഇൻഫൻട്രിയിലെ മലപ്പുറം സ്വദേശിയായ മേജർ ജനറൽ കെ.നാരായണൻ രണ്ടാമതും അതിവിശിഷ്‌ട സേവാ മെഡലിന് അർഹനായി. 2021ലും മെഡൽ ലഭിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയാണ്. 16-ാം റൈസിംഗ് സ്റ്റാർ കോർ കമാൻഡർ ലെഫ്‌റ്റനന്റ് ജനറൽ പി.എൻ. അനന്തനാരായണൻ, ഇൻഫൻട്രിയിലെ ലെഫ്‌റ്റനന്റ് ജനറൽ വേലായുധൻ ശ്രീഹരി എന്നിവരും അതിവിശിഷ്‌ട സേവാ മെഡൽ നേടി. ആർട്ടിലറിയിലെ മേജർ കൃഷ്‌ണൻ നായർ ധീരതയ്‌ക്കുള്ള സേനാ മെഡലിനും ആർമി മെഡിക്കൽ കോറിലെ ബ്രിഗേഡിയർ ബാലചന്ദ്രൻ നമ്പ്യാർ വിശിഷ്ട സേനാമെഡലിനും ഗ്രനേഡിയേഴ്സിലെ ബ്രിഗേഡിയർ രാകേഷ് നായർ, ആർമി മെഡിക്കൽ കോറിലെ മാത്യൂസ് ജേക്കബ് എന്നിവർ വിശിഷ്‌ട സേവാ മെഡലിനും അർഹരായ മലയാളികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |