അഭിനയത്തിൽ തുടങ്ങി ഗായകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച് മലയാളിയുടെ പ്രിയങ്കരനായി മാറിയ താരമാണ് പൃഥ്വിരാജ്. മറ്റ് ഭാഷകളിലെ സിനിമാ മേഖലയിലും ശക്തമായ ബന്ധം സ്ഥാപിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന വ്യക്തിയാണ് അദ്ദേഹം. അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിനെ പറ്റി പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
ലോകേഷിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള സിനിമകളുടെ വൺലൈൻ തനിക്കറിയാമെന്നും കൈതി 2വിന്റെ കഥ അറിയാമെന്നുമാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. റോളക്സിന്റെ സ്പിൻ ഒഫിനെക്കുറിച്ച് ലോകേഷ് പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. അടുത്ത പന്ത്രണ്ട് വർഷക്കാലം ലോകേഷിന് സ്ക്രിപ്റ്റ് എഴുതണ്ട എന്നും ഏത് ചെയ്യണമെന്ന് തീരുമാനിച്ചാൽ മതിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളും പൃഥ്വിരാജിനെതിരെ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജ് പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ഒരഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലോകേഷ് മറുപടി നൽകിയത്.
താനും പൃഥ്വിരാജും ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകേഷ് പറഞ്ഞു. പിന്നീട് അദ്ദേഹവുമായി സംസാരിച്ചപ്പോൾ വരാൻ പോകുന്ന ചിത്രങ്ങളുടെ ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അദ്ദേഹം എക്സൈറ്റഡ് ആയി. അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ലോകേഷ് വെളിപ്പെടുത്തി.
അതേസമയം, കാപ്പ ആണ് ഏറ്റവും ഒടുവിൽ പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത ചിത്രം. കടുവയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ കാപ്പ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |