5 ചിത്രങ്ങളുമായി തിയേറ്ററിലേക്ക് അനു സിതാര
വയനാട്ടിൽ ജനിച്ച് കലാമണ്ഡലത്തിൽ നൃത്തം പഠിച്ച് കലോത്സവ വേദികളിലൂടെ വെള്ളിത്തിരയിൽ എത്തിയ അനു സിതാര സിനിമയിലെ പത്തുവർഷ യാത്രയിൽ. ആദ്യ ചിത്രം പൊട്ടാസ് ബോംബ് വലിയ വിജയമായില്ലെങ്കിലും ശാലീന സുന്ദരി എന്ന കിരീടം ചൂടിയ അനു സിതാരയെ പ്രേക്ഷകർ സ്വീകരിച്ചു.മാലിനിയും അനിതയും ഹാഷ്ലിനും ശ്രീജ കൃഷ്ണനും മാണിക്യവും പ്രേക്ഷകരുടെ പ്രിയ അനു സിതാര കഥാപാത്രങ്ങളായി. നായികയായി അഭിനയിച്ച 4 ചിത്രങ്ങൾ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന വേളയിൽ അനു സിതാര സംസാരിക്കുന്നു.
എല്ലാം സംഭവിച്ചത്
സിനിമയിൽ പത്തുവർഷ യാത്രയാണിത്. അതിൽ ഒരുപാട് സന്തോഷമുണ്ട്.ഈ യാത്രയിൽ സിനിമയെക്കുറിച്ച് മാത്രമല്ല, പഠിച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെടാനും മനസിലാക്കാനും സാധിച്ചു.ഇവരിൽ നിന്നെല്ലാം പല കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. സിനിമയെക്കുറിച്ചും കുറച്ചൊക്കെ പഠിക്കാൻ സാധിച്ചിട്ടുണ്ട്.വയനാട്ടിൽ മാത്രം നിൽക്കുകയും ജീവിക്കുകയും ചെയ്ത ആളാണ് ഞാൻ. സിനിമയിൽ വന്ന ശേഷം നടത്തിയ എത്രയോ യാത്രകൾ.ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങൾ കണ്ടു. 'പൊട്ടാസ് ബോംബി"ൽ നിന്ന് 'മോമോ ഇൻ ദുബായ് "വരെ എത്തി നിൽക്കുമ്പോൾ മനസ് നിറയെ സന്തോഷം മാത്രം.
ഇത്രയധികം സിനിമകളിൽ അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചില്ല. തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന പ്ളാനിംഗ് ഒന്നുമില്ലാതെയാണ് വന്നത്. എല്ലാം സംഭവിച്ചതാണ്.
പുതിയ പ്രതീക്ഷ
നാലുവർഷത്തിനുശേഷമാണ് ഞാൻ അഭിനയിച്ച സിനിമ തിയേറ്ററിൽ എത്തുന്നത്.മോമോ ഇൻ ദുബായ് ഫെബ്രുവരി 3ന് റിലീസ് ചെയ്യും. സന്തോഷം എന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും. മാമാങ്കം ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. പിന്നീട് കൊവിഡ് കാലം. ട്വൽത്ത് മാൻ ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്തത്. അനുരാധ ക്രൈം നമ്പർ 59019, വാതിൽ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. മോമോ ഇൻ ദുബായിൽ ഖദീജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പലേടത്തും നമ്മൾ ഖദീജയെ പോലുള്ളവരെ കണ്ടിട്ടുണ്ടാകും. മൂന്നു മക്കളുടെ കാര്യങ്ങളും ഭർത്താവിന് എല്ലാം പിന്തുണയും നൽകി കൂടെ നിൽക്കുന്ന ഖദീജയെ എനിക്ക് ഏറെ ഇഷ്ടമാണ്. സന്തോഷത്തിൽ അഭി എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അഭിയുടെയും അനുജത്തി അച്ചുവിന്റെയും കഥയിൽ അച്ഛനും അമ്മയും നായകനും എല്ലാമുണ്ട്. ഖദീജയെ പോലെ അഭിയും പ്രിയ കഥാപാത്രമാണ്. ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് അനുരാധ. മോമോ ഇൻ ദുബായ് യും സന്തോഷവും റിലീസ് ചെയ്യാൻ ഒരുങ്ങുന്നതാണ് പുതിയ പ്രതീക്ഷ.
ചിമ്പു ചിത്രം
തമിഴിൽ അഭിനയിച്ച പത്തുതല മാർച്ച് 30ന് റിലീസ് ചെയ്യും. ചിമ്പു ആണ് നായകൻ. സംഗീതം എ.ആർ. റഹ്മാൻ . ഞാൻ എ.ആർ. റഹ്മാന്റെ കടുത്ത ആരാധികയാണ്. എ.ആർ. റഹ്മാൻ സിനിമയുടെ ഭാഗമാകുന്നത് ആദ്യം. ഒബേലി എൻ. കൃഷ്ണ ആണ് സംവിധാനം. വാനം എന്ന ചിത്രം ആണ് തമിഴിൽ അവസാനം റിലീസ് ചെയ്തത്. തമിഴിൽ മൂന്നു സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |