SignIn
Kerala Kaumudi Online
Thursday, 30 March 2023 7.33 AM IST

ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ; അന്നത്തെ അപകടത്തെക്കുറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി

venu

ഈ മാസം ഒൻപതിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി വേണു വാസുദേവനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തങ്ങളുടെ പരിക്കുകൾ അൽപം ഗുരുതരമാണെങ്കിലും അവ ജീവന് ഭീഷണിയുള്ളതല്ലെന്ന് വേണു വാസുദേവൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സീറ്റ് ബെൽറ്റ് ഇടേണ്ട പ്രാധാന്യത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയമുള്ളവരെ,

മൂന്ന് ആഴ്ച മുൻപ് കായംകുളത്തിനടുത്തു വച്ച് എനിക്കും കുടുംബത്തിനും അപകടമുണ്ടായ വിവരം അറിഞ്ഞു കാണുമല്ലോ. പലരും സന്ദേശങ്ങളിലൂടെയും നേരിട്ടും ഫോൺ ചെയ്തും വിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാം സ്നേഹത്തിനും ശ്രദ്ധയ്ക്കും ആശ്വാസ വാക്കുകൾക്കും ഞാൻ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.

ഞാനും ശാരദയും മകനും ഉൾപ്പെടെ ഞങ്ങൾ ഏഴ് പേരുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഗൺമാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേർക്കും ഏറിയും കുറഞ്ഞു അപകടം സംഭവിക്കുകയും ചെയ്തു.

ഞങ്ങളുടെ പരിക്കുകൾ അല്പം ഗുരുതരമാണെങ്കിൽ തന്നെയും അവ ജീവനു ഭീഷണി ഉള്ളതല്ല എന്ന് അറിയിച്ചുകൊള്ളട്ടെ.

എൻറെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഞാനിപ്പോൾ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയിട്ടുണ്ട്. സംസാരിക്കുവാൻ വിഷമമുണ്ട്, അതുകൊണ്ടാണ് ഫോൺ കോളുകൾക്ക് എനിക്ക് ഉത്തരം പറയാൻ കഴിയാത്തത്. വാരിയെല്ലുകൾക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂർണ വിശ്രമം ആവശ്യമാണ്. ഇൻഫെക്ഷന്റെ ഭീതി നിലവിലുള്ളതിനാൽ സന്ദർശകർക്ക് വിലക്കുമുണ്ട്.

എനിക്ക് സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവർക്ക് എയർബാഗിന്റെ പരിരക്ഷയും ലഭിച്ചു.

ഞാൻ മാത്രം മേൽഭാഗത്തെ ബെൽറ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെൽറ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്.

ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ.

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.

അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.

അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടി അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ, അസമയത്തും അടിസ്ഥാന ശുശ്രൂഷ നൽകിയ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, പരുമല മാർ ഗ്രേഗോരിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ Dr ശ്രീകുമാറും ടീം അംഗങ്ങളും, അവിടെയുള്ള എല്ലാ സ്പെഷ്യലിസ്റ് വിദഗ്ധരും , ഐസിയുവിൽ സേവനമനുഷ്ടിക്കുന്ന സിസ്റ്റർമാർ , എല്ലാറ്റിനും ചുക്കാൻ പിടിക്കുന്ന റവ. ഫാദർ പൗലോസ്... ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യത്നിച്ച ഓരോ വ്യക്തിയും ഞങ്ങളുടെ ഓർമകളിൽ ജ്വലിച്ചു നിൽക്കും.

മറ്റു തിരക്കുകൾക്കിടയിലും ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ച ആദരണീയനായ ഗവർണർ, ബഹുമാന്യനായ മുഖ്യമന്ത്രി, അഭിവനധ്യ സഭാ തിരുമേനിമാർ , ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്, ബഹുമാന്യരായ മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആശാതോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ,മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം, ജില്ലാ കളക്ടർമാരായ ദിവ്യയും ജയശ്രീയും കൃഷ്ണതേജയുമടക്കം ഉദ്യോഗസ്ഥ സഹപ്രവർത്തകർ, ഞങ്ങളുടെ കുടുംബാംഗങ്ങൾ...എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി.. ആശ്വാസവചനങ്ങളും പ്രോത്സാഹനവും ഞങ്ങൾക്ക് കൂടുതൽ കരുത്തു പകരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VENU VASUDEVAN, FB POST, ADDITIONAL CHIEF SECRETARY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.