SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.29 PM IST

ഗുണ്ടാ ആക്രമണങ്ങൾ; മൂന്നാഴ്ചയായിട്ടും തലവന്മാരെ തൊടാതെ പൊലീസ്

തിരുവനന്തപുരം: പാറ്റൂരിലും മെഡിക്കൽ കോളേജ് പരിസരത്തും ഭീതി പരത്തിയ ഗുണ്ടാ ആക്രമണങ്ങൾക്ക് ശേഷം മുങ്ങിയ ഗുണ്ടാത്തലവന്മാരെ മൂന്നാഴ്ച പിന്നിട്ടിട്ടും പിടികൂടാൻ കഴിയാതെ അന്വേഷണ സംഘം. പാറ്റൂരിൽ കൺസ്ട്രക്ഷൻ കമ്പനി ഉടമ നിഥിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞുനിറുത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശിനെയും മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവറെ കത്തികാട്ടി വിരട്ടിയശേഷം തമ്പാനൂരിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഗുണ്ട പുത്തൻപാലം രാജേഷിനെയുമാണ് സംഭവമുണ്ടായി മൂന്നാഴ്ചയ്ക്ക് ശേഷവും സിറ്റി പൊലീസിന് പിടികൂടാൻ കഴിയാത്തത്.

ഓംപ്രകാശ് നേതൃത്വം നൽകിയ പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസ് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പതിനൊന്ന് പ്രതികൾ ഉൾപ്പെട്ട ആക്രമണത്തിൽ ഒളിവിൽ കഴിയുന്ന ഗുണ്ട ഓംപ്രകാശ്, സഹായി നീറമൺകര സ്വദേശി വിവേക് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരുടെ സംഘാംഗങ്ങളായിരുന്ന തൈക്കാട് മേട്ടുക്കട ചരുവിളാകം വീട്ടിൽ ആരിഫ്, മുന്ന എന്ന ആസിഫ്, മണക്കാട് സുരേഷ് നിവാസിൽ ജോമോൻ രമേഷ്, കാഞ്ഞിരംപാറ കെ.പി.എൻ.ആർ.എ 130 വസന്തഭവനിൽ രഞ്ജിത് എന്നിവർ കോടതിയിൽ കീഴടങ്ങിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘം കസ്റ്റഡിയിൽ വാങ്ങിയ ഇവരെ ചോദ്യം ചെയ്‌തെങ്കിലും ആക്രമണ കാരണവും ഗുണ്ടാകുടിപ്പകയും ഗുണ്ടാത്തലവന്മാരുടെ റോളും ഉൾപ്പെടെ പലകാര്യങ്ങളിലും കൃത്യമായ മറുപടി നൽകാതെ ഇവർ അന്വേഷണത്തോട് നിസഹകരിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവ് ശേഖരണമുൾപ്പെടെയുള്ള നടപടികളെ ഇത് ബാധിച്ചിട്ടുണ്ട്. നാലുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കൂട്ടാളികൾ ഏറക്കുറെ പിടിയിലായെങ്കിലും ഓംപ്രകാശ് നേരിട്ട് നടത്തിയ ഓപ്പറേഷനായതിനാൽ ഇയാളെ പിടികൂടേണ്ടതുണ്ട്. ഇതിനായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ ഉൾപ്പെടെ ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഓംപ്രകാശ് ഉൾപ്പെടെയുള്ളവരുടെ ലുക്ക് ഔട്ട് ഉടൻ പ്രസിദ്ധപ്പെടുത്താനാണ് നീക്കം. സ്വന്തം വാഹനവും മൊബൈൽ ഫോണും ഉപയോഗിക്കാത്തതാണ് ഒളിത്താവളങ്ങൾ നിരീക്ഷിക്കാനും പിടികൂടാനും തടസം.

വാട്സാപ്പ് കാളുകളിലൂടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും ഗൂഗിൾ പേയിലൂടെ പണമിടപാടുകൾ നടത്തുകയും ചെയ്യുന്നതായി അന്വേഷണസംഘം മനസിലാക്കിയിട്ടുണ്ട്. സഹായിക്കുന്നവരെ പ്രതികളാക്കാനും നീക്കം തുടങ്ങി. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, സ്വത്ത് കണ്ടുകെട്ടൽ നടപടികളും പൊലീസ് ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ആംബുലൻസ് പാർക്കിംഗ് സ്ഥലത്ത് കാർ പാ‌ർക്ക് ചെയ്‌തത് ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ കത്തി കാട്ടി വിരട്ടിയതാണ് പുത്തൻപാലം രാജേഷിനെതിരായ കേസ്. തമ്പാനൂരിൽ വച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.തുമ്പയിലും സമാനമായ കേസുണ്ട്.

ഏത് വിധേയനയും സമ്മ‌ദ്ദർത്തിലാക്കി ഗുണ്ടാനേതാക്കളെ വലയിലാക്കാനാണ് നീക്കമെങ്കിലും പിടിയിലായാൽ കാപ്പ ഉൾപ്പെടെയുള്ള നടപടികളിൽ ഗുണ്ടാത്തലവന്മാർ ഉത്കണ്ഠയിലാണ്. പൊലീസ് പിടിയിലാകാതെ ഒളിച്ചും പാത്തും നാട്ടിലെത്തിയാൽ എതിർചേരിയിൽ നിന്നുള്ള ആക്രമണവും ഇവരെ ഭയപ്പെടുത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.