SignIn
Kerala Kaumudi Online
Friday, 19 April 2024 1.18 PM IST

ജില്ലയിൽ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാതെ 6,​176 പേർ

vv

മലപ്പുറം: ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടവർക്ക് അധികൃതരുടെ അനാസ്ഥ മൂലം ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവരുതെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ അപേക്ഷ നൽകിയവരിൽ 6,​176 പേർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റും 17,000 ത്തോളം പേർക്ക് യു.ഡി.ഐ.ഡി കാർഡും നൽകാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനുള്ള അപേക്ഷകൾ ദ്രുതഗതിയിൽ തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഏകോപനത്തോടെ ക്യാമ്പ് അടിസ്ഥാനത്തിൽ തീർപ്പാക്കി വരികയാണ്. ജില്ലയിൽ ഇതുവരെ ആറ് ക്യാമ്പുകൾ നടത്തിയതായും അടുത്ത രണ്ടു മാസത്തേക്കുള്ള ക്യാമ്പുകൾ ഷെഡ്യൂൾ ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പഠന വൈകല്യമുള്ള കുട്ടികൾക്ക് ഐ.ക്യു ടെസ്റ്റ് നടത്തി നാലായിരം പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഈ ക്യാമ്പിന് മുൻഗണന നൽകിയതിനാലാണ് ഇടക്കാലത്ത് മെഡിക്കൽ ബോർഡ് അപേക്ഷകൾ തീർപ്പാക്കാൻ കാലതാമസം നേരിട്ടതെന്നും അവർ അറിയിച്ചു. ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഐ.ടി മിഷൻ തുടങ്ങി വകുപ്പുകൾ ചേർന്ന് പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കി രണ്ടുമാസത്തിനുള്ളിൽ യു.ഡി.ഐ.ഡി സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർത്തീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വാഹനാപകടത്തിൽ പെട്ട് വൈകല്യങ്ങൾ സംഭവിക്കുന്നവർക്ക് വൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതായും ഇത് കോടതിയിൽ വാഹനാപകട കേസുകൾ നീണ്ടുപോകുന്നതിന് കാരണമാവുന്നതായും അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി.


ജില്ലയിൽ കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ കാമ്പയിൻ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ ഏർലി കാൻസർ ഡിറ്റക്‌ഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. 2019ലെ പ്രളയത്തിൽ തകർന്ന മങ്ങാട്ടുപുലം ഹാജിയാർ പള്ളി തൂക്കുപാലം പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പി.ഉബൈദുല്ല എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
പൊന്നാനി ഹാർബറിൽ അടിഞ്ഞു കൂടിയ മണൽ അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി പ്രവൃത്തി ടെൻ‌‌ഡർ ചെയ്തിട്ടുണ്ടെന്ന് പി.നന്ദകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പൊന്നാനി ഹാർബറിന്റെ സമഗ്രമായ വികസനം ഉറപ്പാക്കാനായി 14.21 കോടി രൂപയുടെ എസ്റ്റിമേറ്റ് പി.എം.എം.എസ്.വൈ പദ്ധതിയിൽ സമർപ്പിച്ചിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 5.77 കോടി രൂപയുടെ ഡ്രഡ്ജിംഗ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും തസ്തിക നിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ടെന്ന് ടി.വി ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിലെ എച്ച്.എസ്.എസ് ഒഴികെയുള്ള എയ്ഡഡ് വിദ്യാലയങ്ങളിലായി നിയമിതരായ 2,​505 അദ്ധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 2018 വർഷത്തിൽ ഒരാൾക്കും 2019 ൽ 32 പേർക്കും 2020ൽ 105 പേർക്കും 2021ൽ 458 പേർക്കും 2022ൽ 1,​909 പേർക്കുമാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്.
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ നടത്തുമ്പോൾ കിടങ്ങുകളിൽ വാഹനങ്ങൾ വീണ് അപകടങ്ങളുണ്ടാവുന്നതായും ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകണമെന്നും പി.അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
യോഗത്തിൽ എം.എൽ.എമാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, പി.അബ്ദുൾ ഹമീദ്, യു.എ.ലത്തീഫ്, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.ബി.ബാബു കുമാർ, പി.വി.അബ്ദുൾ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി.അബുസിദ്ധീഖ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CERTIFICATE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.