SignIn
Kerala Kaumudi Online
Friday, 19 April 2024 5.11 AM IST

പോപ്പുലർ ബഡ്ജറ്റ് അല്ല, ഫ്യൂച്ചറിസ്റ്റിക് ; നിരക്ക് കൂട്ടാതെ നിവൃത്തിയില്ല

k-n-balagopal
കെ.എൻ. ബാലഗോപാൽ ഫോട്ടോ: കെ.പി.വിഷ്ണുപ്രസാദ്

നിരക്ക് കൂട്ടാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ലെന്നും ഇക്കുറി ഫ്യൂച്ചറിസ്റ്റിക് ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാനുള്ള വഴികളെല്ലാം കേന്ദ്രസർക്കാർ അടച്ചിരിക്കുകയാണ്. ഇതോടെ ബഡ്ജറ്റിൽ ചെലവ് കുറയ്ക്കലും നിരക്ക് വർദ്ധനയും ഉണ്ടാകുമെന്ന് പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനത്തിന് വരുമാനത്തിനായി ആശ്രയിക്കാൻ മദ്യത്തിനും ലോട്ടറിക്കും മോട്ടോർ വാഹനത്തിനുമൊക്കെയുള്ള നികുതിയാണുള്ളത്. ഇത് പരമാവധി വർദ്ധിപ്പിച്ച സ്ഥിതിയിലാണ്. ജി.എസ്.ടി.വന്നതോടെ നിരക്ക് കൂട്ടി സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാൻ കാര്യമായൊന്നും അവശേഷിക്കുന്നില്ല. അതേസമയം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രഗ്രാൻഡിൽ 24000കോടിയുടെ കുറവുമുണ്ടാകും. ഇത് മറികടക്കാനുള്ള വിവിധ നടപടികളാണ് ബഡ്ജറ്റിൽ സ്വീകരിക്കുക. നിലവിലെ നിരക്കുകൾ പലതും പത്തും ഇരുപതും വർഷങ്ങളായുള്ളതാണ്. കാലാനുസൃതമായി അവ പരിഷ്‌കരിക്കേണ്ടത് അനിവാര്യമായ നടപടിയാണ്. ഇൗ സാഹചര്യത്തിൽ നികുതിയേതര വരുമാനത്തെ ആശ്രയിക്കാനേ നിർവാഹമുള്ളൂ.

ജനങ്ങൾക്ക് എപ്പോഴും പോപ്പുലറായ ജനപ്രിയ ബഡ്ജറ്റാണിഷ്ടം. എന്നാൽ നിലവിലെ സാഹചര്യം അതല്ല. യാഥാർത്ഥ്യങ്ങൾ മനസിലാക്കി ജനങ്ങളുടെ കൂടി പിന്തുണയോടെ ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്ന, അടുത്ത 25 വർഷത്തെ കേരളത്തെ മുന്നിൽക്കണ്ടുള്ള ബഡ്ജറ്റാണ് തയ്യാറായികൊണ്ടിരിക്കുന്നത്. നവകേരള ആശയം എല്ലാ ഇടതുപക്ഷക്കാരുടേയും മനസിലുണ്ട്. പാർട്ടിവേദികളിലെല്ലാം അത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൂടി ഉൾക്കൊണ്ടാണ് നടപടികളിലേക്ക് കടക്കുന്നത്. അല്ലാതെ സാമ്പത്തികപ്രശ്നം ഒഴിവാക്കാൻ മാജിക്കൊന്നും കാണിക്കാനാവില്ലല്ലോ എന്നും ധനമന്ത്രി പറയുന്നു.

ചെലവ് ചുരുക്കൽ ഏതറ്റം വരെ പോകും ?

ചെലവ് ചുരുക്കൽ നടപ്പാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നതാണ് സാഹചര്യം. എന്നാൽ അത് സാമൂഹ്യക്ഷേമപദ്ധതികൾ, നിലവിൽ നടത്തിപോരുന്ന ആനുകൂല്യങ്ങൾ എന്നിവയെ ബാധിക്കില്ല. അതേസമയം യുക്തിസഹമായ പുന:ക്രമീകരണമാണ് നോക്കുന്നത്. അത് നടപ്പാക്കും. ബന്ധപ്പെെട്ടവരെ പറഞ്ഞ് മനസിലാക്കി അവരുടെകൂടി പിന്തുണയോടെ ചെയ്യാനാണ് നോക്കുന്നത്. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സാഹചര്യമുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതുൾക്കൊണ്ടുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

കമ്മിയും കടവും പെരുകുന്നത് വളർച്ചയെ ബാധിക്കുമോ ?

സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ച മുരടിച്ചു നിൽക്കുന്നുവെന്ന വാദം പൂർണമായും ശരിയല്ല.സ്ഥിരവിലയിൽ 12 ശതമാനവും ,കറന്റ് വിലയിൽ 17 ശതമാനവും ഉണ്ടെന്നാണ് കണക്ക്. അത് ശരിയാണെന്ന് കരുതേണ്ടിവരും. 2000-2001 കാലത്ത് കേരളത്തിന്റെ മൊത്ത ആഭ്യന്തരഉത്പാദനം 75000കോടി രൂപയായിരുന്നു. ഇന്നത് 10 ലക്ഷം കോടി കവിഞ്ഞു. ആളോഹരി വരുമാനത്തിലും വൻകുതിപ്പുണ്ടായി. എന്നാൽ വ്യവസായ ഉത്‌പാദനത്തിൽ വേണ്ടത്ര ലക്ഷ്യം കൈവരിക്കാനായില്ല. സേവന മേഖലയിൽ വൻ കുതിപ്പുണ്ടാവുകയും ചെയ്തു. ഇൗ പരിമിതികൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സാമ്പത്തികമായി പിന്തുണ നൽകാൻ പരിമിതികളുണ്ടെങ്കിലും സർക്കാർതലത്തിൽ ചെയ്യാൻ അതല്ലാതെയും നിരവധി മാർഗങ്ങളുണ്ട്. അതെല്ലാം ഉപയുക്തമാക്കും.

ധനകമ്മി 3.91ശതമാനത്തിൽ എത്തിയെന്ന് റിസർവ് ബാങ്ക് കുറ്റപ്പെടുത്തിയിട്ടുണ്ട്.

വികസനപദ്ധതികൾ അതായത് മൂലധനചെലവ് കുറച്ചുകൊണ്ടുള്ള കമ്മി കുറയ്ക്കലും സർക്കാർ ഒാഹരികളിൽ നിന്ന് പിന്മാറിയും ആസ്തികൾ വിറ്റഴിച്ചും ക്ഷേമപദ്ധതികൾ ഒഴിവാക്കിയും കമ്മി കുറയ്ക്കണമെന്ന ആശയത്തോട് യോജിപ്പില്ല. രാജ്യത്ത് സർക്കാർതലത്തിൽ നിയമനങ്ങൾ നടക്കുന്നത് കേരളത്തിൽ മാത്രമാണ്. അത് ഇവിടെ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. ബംഗാളിലും ത്രിപുരയിലും പോലും സർക്കാർ നിയമനങ്ങൾ നാമമാത്രമായി. ബംഗാളിൽ കഴിഞ്ഞ വർഷം പി.എസ്.സി.വഴി പതിനായിരം പേരെയാണ് എടുത്തത്. ഇത്തരത്തിൽ വലതുപക്ഷ ശക്തികൾ പറയുന്ന തരത്തിൽ എല്ലാ ജനക്ഷേമപദ്ധതികളോടും കഴിയില്ലെന്ന് മുഖമടച്ച് പറയാൻ ഇടതുപക്ഷത്തിനാകില്ല. കമ്മി കുറയ്ക്കണമെന്ന സാങ്കേതികവാദങ്ങളല്ല വികസനത്തിലൂടെ അത് മറികടക്കലാണ് സർക്കാർ നയം.

സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ മുൻകരുതലുകളെടുക്കുമോ?

തീർച്ചയായും. റവന്യൂ ബോർഡ് പുന:സംഘടന,നികുതി സംവിധാനത്തിന്റെയും നടപടിക്രമങ്ങളിലേയും പരിഷ്‌കാരങ്ങൾ എന്നിവയ്ക്ക് തുടക്കംകുറിച്ചു കഴിഞ്ഞു. വിജ്ഞാന സാമ്പത്തിക വളർച്ചാനയം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വ്യവസായ, നിക്ഷേപ പദ്ധതികൾ, ജനങ്ങളുടെ പൂർണപിന്തുണ ഉറപ്പാക്കി ധൂർത്തിനും കെടുകാര്യസ്ഥതയ്‌ക്കും കടിഞ്ഞാണിടൽ, വ്യവസായ മേഖലയിൽ പുതിയ സമീപനം ഇതിനെല്ലാം വിവിധ രീതികളിൽ ബഡ്ജറ്റിൽ തുടക്കമിടും. അടിസ്ഥാനപരമായി ജനങ്ങളുടെ സഹകരണമാണ് വേണ്ടത്. ജനങ്ങൾ നികുതി നൽകണം,വ്യാപാരികൾ അത് സർക്കാരിന് കൈമാറണം. സർക്കാർ അത് ജനക്ഷേമത്തിന് വിനിയോഗിക്കണം. ഇത്തരമൊരു സംവിധാനം സുതാര്യമായി നടക്കണം. പക്ഷേ സംസ്ഥാനത്തിന് നിയന്ത്രിക്കാനാകാതെ കേന്ദ്രസർക്കാർ നയങ്ങളും കൂടി ഇതിനനുസരിച്ച് മാറണം. അതിന് മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് കളക്ടീവായുള്ള ശ്രമങ്ങൾക്കും സംസ്ഥാനം തുടക്കം കുറിക്കുന്നുണ്ട്. ധനകാര്യരംഗത്ത് സംസ്ഥാനങ്ങളുടെ അവസാന കച്ചിതുരുമ്പുകൂടി ജി.എസ്.ടി.ഏകീകരണത്തിലൂടെ കേന്ദ്രം എടുത്തുകളഞ്ഞു.

ക്ഷേമപദ്ധതികൾ തുടരുമോ ?

തീർച്ചയായും. നിലവിൽ നൽകികൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം തുടരും. അതേസമയം അനർഹരെ ഒഴിവാക്കിയും അനാവശ്യചെലവുകൾ കുറച്ചുമുള്ള നടപടികൾ സ്വീകരിക്കും. അത് പ്രതിവർഷം 12000 കോടിയോളം രൂപ ചെലവ് വരുന്ന കാര്യങ്ങളാണ്. അത് തുടരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. മരിച്ചയാളുടെ പേരിൽ ക്ഷേമപെൻഷൻ വാങ്ങുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ പരിശോധിക്കും. നിലവിൽ അത് ജനസംഖ്യാ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിപ്പ് കാണാനാകും. അത് നിയന്ത്രിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERVIEW, BUDGET2023, KERALA BUDGET, KN BALAGOPAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.