SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.42 PM IST

തിരിച്ചറിവിന്റെ വഴികളിലൂടെ തിരിച്ചുവരവിലേക്ക് ഈ യാത്ര,​ പുതിയ ഇമേജിൽ രാഹുൽ

jodo

ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയിലാണ് ഇന്ത്യയെ കണ്ടറിഞ്ഞത്. പട്ടിണിപ്പാവങ്ങളുടെ ജീവിതവും ഭിന്നഭാഷകളും സംസ്‌കാരങ്ങളും ഇടകലർന്ന ഇന്ത്യയുടെ വൈവിദ്ധ്യം തിരിച്ചറിഞ്ഞ ശേഷമായിരുന്നു ഒരു ജനതയ്ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെ സമരം തുടങ്ങിയത്.

സഹനസമരത്തിന്റെ പാതയിലൂടെ മുന്നേറിയ കോൺഗ്രസ് സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചവുമായി ഭരണത്തിലെത്തി. ഗാന്ധിജി നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിറ്റാണ്ടുകളോളം രാജ്യഭരണം കൈയാളി. 75 വർഷത്തിനിപ്പുറം മൂന്നു സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഭരണത്തിലൊതുങ്ങി. തുടരെത്തുടരെയുള്ള തിരഞ്ഞെടുപ്പ് തോൽവികളിൽ നിലനില്പ് ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനും ഇന്ത്യയെ കണ്ടറിയാനും ഒരുമിപ്പിക്കാനുമായി കോൺഗ്രസ് നേതാവായ മറ്റൊരു 'ഗാന്ധി", രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് ജോഡോ യാത്ര" ശ്രീനഗറിൽ നാളെ സമാപിക്കുകയാണ്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകും മുമ്പ് 1936-1937 കാലത്ത് രാഹുലിന്റെ പ്രപിതാമഹൻ ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്താൻ യാത്ര നടത്തിയിരുന്നു. 1983-ൽ നടത്തിയ യാത്രയ്ക്ക് ശേഷം 7 വർഷങ്ങൾക്കിപ്പുറമാണ് യുവതുർക്കിയെന്നറിയപ്പെട്ട ചന്ദ്രശേഖർ 1990ൽ പ്രധാനമന്ത്രി പദത്തിലെത്തിയത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരതയാത്ര ആറു മാസം നീണ്ടു. 1990-ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്ര ബി.ജെ.പിയെ ശക്തിപ്പെടുത്തുകയും കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുകയും ചെയ്തതും ഇന്ത്യൻ രാഷ്ട്രീയ ചരിത്രമാണ്.

ഒരു വർഷത്തിനപ്പുറമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ വെല്ലുവിളി നേരിടാൻ നേതൃത്വത്തിലും സംഘടനാ ചട്ടക്കൂടിലും നടപ്പാക്കുന്ന അടിമുടിയുള്ള മാറ്റത്തിന്റെ ഭാഗമാണ് ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന 'ഭാരത് ജോഡോ" യാത്രയ്ക്ക് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും അതിനെ നയിക്കുന്ന നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന അതികായനും മുന്നിൽ തകർന്നടിഞ്ഞപ്പോൾ രാഹുൽ ഗാന്ധി പക്വതയില്ലാതെ അദ്ധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞുവെന്ന ആരോപണം നിലനിൽക്കെ രാഹുലിന് രാജ്യത്തെ കണ്ടറിഞ്ഞ് സ്വയം മാറാനുള്ള അണിയറയൊരുക്കുകയായിരുന്നു പാർട്ടി.

കുടുംബപാരമ്പര്യത്തിന്റെ മഹിമയല്ല, കണ്ടറിഞ്ഞും അനുഭവിച്ചും പഠിച്ചിരിക്കേണ്ടതും പുസ്‌തകത്തിൽ നിന്ന് ലഭിക്കാത്തതുമായ അറിവുകളായിരുന്നു 150 ദിവസം രാഷ്‌ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് അനുഭവിച്ചറിയാനുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടിയല്ല യാത്രയെന്നും ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയവും തൊഴിലില്ലായ്‌മയും സാമ്പത്തിക നയങ്ങളുടെ പിഴവുകളും ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും പറയുമ്പോഴും 2024ൽ അതിന്റെ നേട്ടം കോൺഗ്രസ് പ്രതീക്ഷിക്കുന്നു. മോദിക്ക് പറ്റിയ എതിരാളിയല്ല രാഹുലെന്ന ബി.ജെ.പിയുടെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കാനും പാർട്ടി ആഗ്രഹിക്കുന്നുണ്ട്.

കൃത്യമായ ആസൂത്രണം

150 ദിവസത്തെ യാത്ര കടന്നുപോകുന്നതിനിടെ രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമെന്നും പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അറിയാമായിരുന്നതിനാൽ കൃത്യമായ പ്രചാരണം കോൺഗ്രസ് ആദ്യമേ നടത്തി. തിരഞ്ഞെടുപ്പല്ല യാത്രയുടെ ലക്ഷ്യമെന്നും പുതിയ അദ്ധ്യക്ഷനാകാൻ രാഹുലിന് താത്‌പര്യമില്ലെന്നത് കൂടാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്നും പറഞ്ഞു. ഒരുപക്ഷേ, ആത്യന്തിക ലക്ഷ്യം ഇതൊക്കെയാവാമെങ്കിലും രാഹുലിനു നേരെയുള്ള എതിരാളികളുടെ ആക്രമണം വഴിതിരിച്ചുവിടാൻ അത് അനിവാര്യമാണെന്ന് സംഘാടകർ തിരിച്ചറിഞ്ഞിരുന്നു.

പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ ഹിമാചൽ പ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയില്ല. പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു ഹിമാചലിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലൂടെ യാത്ര കടന്നുപോകാത്തത് വിമർശനമുണ്ടാക്കി. മുഖ്യധാരാ മാദ്ധ്യമങ്ങളെക്കാൾ സമൂഹമാദ്ധ്യമങ്ങളെയും പ്രാദേശിക മാദ്ധ്യമങ്ങളെയും ഉപയോഗിച്ചായിരുന്നു പ്രചാരണമേറെയും.

പുതിയ ഇമേജിൽ രാഹുൽ

ചോക്ളേറ്റ് പയ്യൻ പ്രതിച്ഛായയിൽ നിന്ന് അനുഭവസമ്പന്നനായ രാഷ്‌ട്രീയക്കാരനിലേക്കുള്ള ഒരു പറിച്ചു നടൽ സെപ്‌തംബറിനും ജനുവരിക്കുമിടയിൽ രാഹുൽ ഗാന്ധിക്കുണ്ടായെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കൂടാതെ യാത്ര ആരംഭിക്കുമ്പോൾ ക്ളീൻ ഷേവോടെ പ്രത്യക്ഷപ്പെട്ട രാഹുലിന് പിന്നീട് രൂപമാറ്റവും സംഭവിച്ചു. ദിനങ്ങൾ പിന്നിട്ടതോടെ സന്യാസിയെപ്പോലെ താടി വളർത്തിയ രാഹുലിനെയാണ് യാത്രയിൽ ഏറിയ പങ്കും കണ്ടത്. ഭസ്‌മം വാരിപ്പൂശിയ കോലത്തിലും പ്രത്യക്ഷപ്പെട്ടു. ആയോധനമുറകളിൽ വിദഗ്‌ദ്ധനായ രാഹുലിന് നടത്തം ശാരീരികവൈഷമ്യമുണ്ടാക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ 'ടീ ഷർട്ട്" രാഷ്‌ട്രീയം ഭാരത് ജോഡോ യാത്രയ്‌ക്ക് നൽകിയ മൈലേജ് ഏറെയാണ്. ഉത്തരേന്ത്യയിലെ പൂജ്യം ഡിഗ്രി സെൽഷ്യസിനോടടുത്ത താപനിലയിൽ സ്വെറ്ററില്ലാതെ ടീഷർട്ട് മാത്രം ധരിച്ച് പുലർകാല മഞ്ഞിനെ വകവയ്‌ക്കാതെ നടന്ന രാഹുൽ ലക്ഷ്യത്തിനായുള്ള പോരാട്ടവീര്യം തെളിയിച്ചു. തണുപ്പിനെ വെല്ലാൻ വസ്‌ത്രമില്ലാത്ത പാവങ്ങളുടെ ഇന്ത്യയെ അറിയുകയാണ് ലക്ഷ്യമെന്ന ക്യാപ്‌ഷനോടെയാണ് ആ ചിത്രങ്ങൾ കോൺഗ്രസ് പ്രചരിപ്പിച്ചത്.

അവസാന ലാപ്പുകളിൽ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളുടെ എണ്ണം വർദ്ധിച്ചിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് യാത്രയുടെ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. പത്രസമ്മേളനങ്ങളിൽ രാഹുൽ ആവർത്തിച്ച ഒരു വാചകം-'വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറക്കും" എന്നത് ബി.ജെ.പി-ആർ.എസ്.എസ് രാഷ്‌ട്രീയത്തെ കോൺഗ്രസ് എങ്ങനെ നേരിടുമെന്ന കൃത്യമായ വിശദീകരണമാണ്. മഹാരാഷ്‌ട്രയിൽ സവർക്കർ വിരുദ്ധ പ്രസ‌്‌താവന മുതൽ കഴിഞ്ഞ ദിവസം ജമ്മു-കാശ്‌മീരിന്റെ പൂർവ്വസ്ഥിതി തിരിച്ചുകൊണ്ടുവരുമെന്നതടക്കം ബി.ജെ.പി വിരുദ്ധ സന്ദേശങ്ങൾ നൽകി യാത്രയുടെ ടെമ്പോ നിലനിറുത്താനും രാഹുൽ ശ്രദ്ധിച്ചു.

യാത്രയെ പ്രതിപക്ഷ കക്ഷികളുടെ സംഗമ കേന്ദ്രമാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചെങ്കിലും അത് ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. അതേസമയം, ബി.ജെ.പി വിരുദ്ധ ആശയങ്ങൾ വഹിക്കുന്ന, കേന്ദ്ര സർക്കാർ ഭരണം തിരിച്ചടികൾ നൽകിയ വ്യക്തികൾ രാഹുലിനൊപ്പം നടന്നു. കർണ്ണാടകയിൽ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം, മഹാരാഷ്‌ട്രയിൽ മേധാ പട്‌കർ, തെലങ്കാനയിൽ ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്‌ത രോഹിത് വെമുലയുടെ മാതാവ്, ജമ്മുവിൽ പ്രശസ്‌ത എഴുത്തുകാരൻ പെരുമാൾ മുരുകൻ, കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെയുടെ പിതാവ് തുടങ്ങിയവർ പിന്തുണയുമായെത്തിയത് യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഏറെ പ്രയോജനപ്പെട്ടു.

പ്രതിസന്ധികൾ

യാത്ര കേരളത്തിലൂടെ കടന്നുപോയ സമയത്താണ് ഗോവയിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയെ ചേർത്തു നിറുത്താൻ കഴിവില്ലാത്തവരാണോ ഇന്ത്യയെ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് ബി.ജെ.പി പരിഹസിച്ചു.

കർണ്ണാടകയിൽ യാത്രയുടെ ഒരുക്കങ്ങൾക്കിടെ പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എൻഫോഴ്സ‌്മെന്റ് ഡയറക്‌ടറേറ്റ് നിയമക്കുരുക്കുണ്ടാക്കി ചോദ്യം ചെയ്യാൻ ഡൽഹിക്ക് വിളിപ്പിച്ചു.

ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിട്ടപ്പോഴും ഭാരത് ജോഡോ യാത്രയുടെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടു. പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്‌ത് യാത്ര പ്രവേശിക്കാനൊരുങ്ങുമ്പോൾ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള ഭിന്നതകൾ ആശങ്കയുണ്ടാക്കി. എ.ഐ.സി.സി നേതൃത്വം കൃത്യമായ നീക്കങ്ങളിലൂടെ സച്ചിനെ വിശ്വാസത്തിലെടുത്ത് പരിഹാരം കണ്ടതോടെ രാജസ്ഥാൻ യാത്ര ഗംഭീരമായി.

പഞ്ചാബിൽ യാത്രയിൽ രാഹുലിനൊപ്പം സ്വന്തം മണ്ഡലത്തിലൂടെ നടക്കുന്നതിനിടെയാണ് ജലന്ധർ എം.പി സന്തോക് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചത്. ജമ്മുവിലൂടെ കടന്നുപോകവെ കനത്ത മണ്ണിടിച്ചിലിൽ ഒരു ദിവസം യാത്ര മുടങ്ങി. കാശ്മീരിൽ സുരക്ഷാഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള യാത്ര നിറുത്തിവച്ചു.

യാത്രയിൽ ലഭിച്ചത്

നാടിനെ നയിക്കാൻ ശേഷിയും പക്വതയുമള്ള രാഷ്‌ട്രീയ നേതാവിലേക്കുള്ള പരിവർത്തനവും പരിശീലനക്കളരിയുമായിരുന്നു ഭാരത് ജോഡോ യാത്ര രാഹുലിന്. പാർലമെന്റ് സമ്മേളനങ്ങളിൽ പോലും പതിവായി പങ്കെടുക്കാതെ രണ്ടുമാസം കൂടുമ്പോൾ വിദേശത്തേക്ക് രഹസ്യയാത്രയ്‌ക്കായി മുങ്ങുന്ന പക്വതയില്ലാത്ത നേതാവെന്ന പ്രതിച്ഛായയ്ക്ക് മാറ്റം വന്നു.

സെപ്‌തംബർ മുതൽ ജനുവരി വരെ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് അർപ്പണബോധത്തോടെ യാത്ര നയിച്ചതിന്റെ മികവ് രാഹുലിന് വ്യക്തിപരമായും പാർട്ടിക്ക് മൊത്തത്തിലും ലഭിച്ചിട്ടുണ്ടെന്ന് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളല്ലാതെ അടുത്ത കാലത്ത് കോൺഗ്രസ് രാജ്യവ്യാപകമായി ഇത്രയും വിപുലമായി കൃത്യമായി ആസൂത്രണം ചെയ്‌ത് സംഘടിപ്പിച്ച മറ്റൊരു പരിപാടിയില്ല.

തുടർയാത്ര

ഒരു യാത്രകൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്നും ബി.ജെ.പിയെ ചെറുക്കാൻ അതു പോരെന്നും അറിയാവുന്നതിനാൽ ഭാരത് ജോഡോ യാത്രയുടെ തുടർ പ്രവർത്തനങ്ങൾക്കായി 'ഹാത്ത് സേ ഹാത്ത് ജോഡോ യാത്ര" അടക്കം പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. പരാജയങ്ങളിൽ തളർന്ന്, നേതാക്കൾ കൂട്ടുവിട്ടകന്ന്, ഇന്ത്യ ഭരിച്ചവർ പ്രാദേശികമായി ഒതുങ്ങുമെന്ന സാഹചര്യത്തിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഉൗർജ്ജദായിനി ആകുമോ എന്നത് വരും ദിനങ്ങൾ തെളിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JODO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.