പട്ന : ജീവിച്ചിരിക്കുന്നതു വരെ താൻ ബിജെപിയുമായി വീണ്ടും കൂട്ടുകൂടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 'മരണം വരെ ബിജെപിക്കൊപ്പം പോകില്ല. ഞാൻ മരണം സ്വീകരിക്കും എന്നാൽ ബിജെപിക്കൊപ്പം പോകില്ല', മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയാവാൻ തനിക്ക് ആഗ്രഹമില്ലായിരുന്നെന്നും, എന്നാൽ ബിജെപി തന്നെ ബലമായി മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഇപ്പോഴത്തെ നേതൃത്വത്തെയും നിതീഷ് വിമർശിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെയും ലാൽ കൃഷ്ണ അദ്വാനിയുടെയും കാലഘട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു മുഖ്യന്റെ വിമർശനം. 'ഞങ്ങൾ അടൽ ബിഹാരി വാജ്‌പേയിയെയും, ലാൽ കൃഷ്ണ അദ്വാനിയെയും ബഹുമാനിച്ചിരുന്നു, അതിനാൽ അവർക്ക് എപ്പോഴും അനുകൂലമായിരുന്നു,' അദ്ദേഹം അഭിപ്രായപ്പെട്ടു.
നിതീഷ് കുമാറുമായി ഇനി സഖ്യത്തിൽ ഏർപ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ബിജെപി ബീഹാർ ഘടകം അദ്ധ്യക്ഷൻ ജയ്സ്വാൾ നേരത്തെ പറഞ്ഞിരുന്നു. 'നിതീഷ് കുമാർ ജനപ്രീതി നേടിയിട്ടില്ല. അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലായ്മയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് നിരവധി സീറ്റുകൾ നഷ്ടമാക്കിയത്,' ബി ജെ പി അദ്ധ്യക്ഷൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതായി ജയ്സ്വാൾ പറഞ്ഞു.
എന്നാൽ ബി ജെ പിയുമായി സഖ്യം കൂടില്ലെന്ന് ഇതിന് മുൻപും നിതീഷ് കുമാർ പറഞ്ഞിട്ടുണ്ട്.
മുൻപ് ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മഹാഗത്ബന്ധനുമായി കൈകോർത്തതിന് ശേഷം 'എന്റെ ജീവിതത്തിലുടനീളം ഞാൻ ഒരു തരത്തിലും ഈ ആളുകൾക്കൊപ്പം പോകില്ല, ഞങ്ങൾ എല്ലാവരും സോഷ്യലിസ്റ്റുകളാണ്, ഞങ്ങൾ ഒരുമിച്ച് നിൽക്കും, ഞങ്ങൾ ബീഹാറിൽ പുരോഗതി പ്രാപിക്കും. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും.' എന്നായിരുന്നു നിതീഷിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |