തിരുവനന്തപുരം: കോവളത്തിലൂടെ കേരളത്തിന് ടൂറിസം ഭൂപടത്തിൽ ഇടം നേടികൊടുക്കുന്നതിന് പ്രധാന പങ്കു വഹിച്ച കോവളത്തെ അശോകാ ഹോട്ടലിന് പ്രായം 50. സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ അശോകയുടെ ഇന്നത്തെ പേര് ലീല റാവിസ് കോവളം ഹോട്ടൽ. . ഐ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടൽ 2002ൽ അന്നത്തെ കേന്ദ്ര സർക്കാരാണ് സ്വകാര്യ ഗ്രൂപ്പിന് വിറ്റത്.
1959ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാൻ സമുദ്രതീരത്തൊരു പഞ്ചനക്ഷത്ര ഹോട്ടൽ. തുടർന്ന് ക്ലബ് മെഡിറ്ററേനിയൻ എന്ന കൺസൾട്ടൻസി ഗ്രൂപ്പാണ് കോവളത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞതും സർക്കാർ ഉടമസ്ഥതയിൽ ഇവിടെ ഹോട്ടൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചതും.1969ൽ ഐ.ടി.ഡി.സിയുടെ നേതൃത്വത്തിൽ വിഖ്യാത ആർക്കിടെക്ട് ചാൾസ് കൊറിയയാണ് ഹോട്ടലിന്റെ നിർമ്മാണം ആരംഭിച്ചത്. അങ്ങനെ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ കെട്ടിടസമുച്ചയം കോവളത്ത് ഉയർന്നു.1972 ഡിസംബർ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ അശോക ഹോട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജാക്വലിൻ കെന്നഡി, വിന്നി മണ്ഡേല, സർ പോൾ മകാർട്ടിനി, ജോൺ കെന്നത്, ഗാൾബരേത്, പ്രൊഫസർ വാഡ്സൺ, ഡോ, അമർത്യ സെൻ, ജെ.ആർ.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് ( പറക്കും സ്വാമി) തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങൾ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദർശിച്ചു.
2002ൽ മറ്റ് ഐ.ടി.ഡി.സി ഹോട്ടലുകളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കോവളം അശോക ഹോട്ടൽ സ്വകാര്യവൽക്കരിച്ചു. ഇതിനെതിരെ മാസങ്ങൾ നീണ്ട സമരങ്ങൾക്കാണ് കോവളം സാക്ഷ്യംവഹിച്ചത്.ആദ്യം എം.ഫാർ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.2011 ൽ ഡോ. ബി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി ഗ്രൂപ്പ് ഹോട്ടൽ വാങ്ങി.എന്നാൽ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നൽകിയതോടെ ലീല റാവിസ് കോവളം ഹോട്ടൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |