SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.23 PM IST

ടൂറിസത്തിന് വേണം വ്യാവസായിക പദവി

munnar

സംസ്കാരങ്ങളാലും ഭൂമിശാസ്ത്രപരമായും വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവുമധികം വളർച്ചാ സാദ്ധ്യതയുള്ള വിനോദസഞ്ചാരമേഖലയും ഇന്ത്യയുടേതാണ്. എന്നാൽ, ഇക്കാര്യം തിരിച്ചറിഞ്ഞ് ടൂറിസം മേഖലയ്ക്ക് അനിവാര്യമായ പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാനസർക്കാരുകൾക്ക് സാധിക്കുന്നില്ല.

വീണ്ടുമൊരു കേന്ദ്ര ബഡ്‌ജറ്റ് പടിവാതിലിലെത്തിയിട്ടും പഴയ ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കേണ്ട സ്ഥിതിയിലാണ് ടൂറിസം മേഖലയിലുള്ളവർ. കൊവിഡ്, റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിലെ സമ്പദ്‌പ്രതിസന്ധി തുടങ്ങിയവ ഏറ്റവുമധികം വലച്ച മേഖലകളിൽ മുന്നിലാണ് ഇന്ത്യയുടെ വിനോദസഞ്ചാരമേഖല.

ഇന്ത്യയിൽ ഏറ്റവുമധികംപേർ തൊഴിലെടുക്കുന്ന മേഖലകളിൽ മുന്നിലാണ് ടൂറിസം. കോടിക്കണക്കിന് കുടുംബങ്ങൾ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. ഇന്ത്യയ്ക്ക് ഗണ്യമായ വിദേശനാണ്യ വരുമാനം ലഭ്യമാക്കുന്ന മേഖലയുമാണിത്. കൊവിഡ് ആഞ്ഞടിച്ചപ്പോൾ രണ്ടരക്കോടിയോളം പേർക്കാണ് മേഖലയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്. കൊവിഡിന്റെ ഒന്നാംവരവിൽ വിദേശ സഞ്ചാരികളുടെ വരവിലുണ്ടായ ഇടിവ് 93 ശതമാനത്തോളമായിരുന്നു. ലോക്ക്‌ഡൗണിൽ ഇത് 100 ശതമാനത്തിനടുത്തായി. 2019ൽ 1.6 ലക്ഷം കോടിയോളം രൂപയാണ് ടൂറിസം മേഖല നേടിയിരുന്ന വരുമാനം. കൊവിഡ് പ്രതിസന്ധിമൂലം 2020ൽ നേരിട്ടത് 90,000 കോടിയോളം രൂപയുടെ നഷ്‌ടം. കൊവിഡ് പ്രതിസന്ധി അയഞ്ഞതോടെ വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളാണ് എന്നും ഇന്ത്യയുടെ കരുത്ത്. എന്നാൽ, ആഭ്യന്തരമായി തന്നെയുള്ള നിരവധി പ്രശ്‌നങ്ങളിൽതട്ടി ഉലയുകയാണ് ടൂറിസം മേഖല. കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും അനുവദിച്ച് പുതിയസാദ്ധ്യതകൾ കണ്ടെത്തി വളർച്ചയുടെ ആക്കംകൂട്ടുകയാണ് വേണ്ടതെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.

നൂലാമാലകൾ ഒഴിവാക്കണം :

ജോസ് ഡൊമിനിക്

ടൂറിസം പോലെ വലിയ വളർച്ചാസാദ്ധ്യതയുള്ള മേഖലയെ വേണ്ടരീതിയിൽ പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ലെന്നത് ദുഃഖകരമാണെന്ന് സി.ജി.എച്ച് എർത്ത് സി.ഇ.ഒ ജോസ് ഡൊമിനിക് പറഞ്ഞു. ഇക്കുറി ബഡ്‌ജറ്റിൽ കാതലായ പരിഗണന ലഭിച്ചാൽ, ടൂറിസത്തെ കുറഞ്ഞ നിക്ഷേപത്തോടെ വലിയ 'വരുമാനം കൊയ്യുന്ന" മേഖലയാക്കി മാറ്റാം.

തൊഴിലവസരങ്ങൾ ഉയർത്താനും ജീവിതമാർഗങ്ങൾ കണ്ടെത്താനും ടൂറിസംമേഖലയ്ക്ക് വലിയ സാദ്ധ്യതകളുണ്ട്. അതിന് ആദ്യം വേണ്ടത് 'നൂലാമാലകളും പ്രതിബന്ധങ്ങളും" ഒഴിവാക്കുകയാണ്. വലിയ നികുതിഭാരമാണ് സഞ്ചാരികളെ കാത്ത് ഇന്ത്യൻ ടൂറിസം മേഖലയിലുള്ളത്. ഇസ്രായേലിലും മറ്റും റൂം ടാക്‌സേഷനേയില്ല. ഇന്ത്യയിൽ 18 ശതമാനം വരെയാണ് ജി.എസ്.ടി. ഇത് കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനുമേൽ വലിയ സമ്മർദ്ദം ചെലുത്താൻ കേന്ദ്രത്തിന് കഴിയും.

വിദേശസഞ്ചാരികൾ ഇന്ത്യയിലെത്താൻ വലിയ യാത്രാച്ചെലവ് വഹിക്കേണ്ടിവരുന്നുണ്ട്. ഇത് കുറയ്ക്കാൻ നടപടിവേണം. ആയുർവേദം,​ ഉത്തരവാദിത്വ ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കണം. ടൂറിസം മേഖലയെ കാർഷികം,​ ഗ്രാമീണ കരകൗശലം,​ വ്യാപാരം എന്നിവയുമായി ബന്ധിപ്പിക്കണം. ഇത് ഈ മേഖലകൾക്കാകെ വലിയ കുതിപ്പാകും. ടൂറിസം രംഗത്തേക്ക് പുതിയ സംരംഭകരെത്താൻ ബാങ്കുകൾ വഴി പലിശഭാരമില്ലാത്ത സാമ്പത്തിക പിന്തുണ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വേണം വ്യാവസായിക

പദവി: ബേബി മാത്യു

ടൂറിസം മേഖലയ്ക്ക് ബഡ്‌ജറ്റ് മുഖേന അഖിലേന്ത്യാതലത്തിൽ വ്യാവസായിക പദവി ലഭ്യമാക്കിയാൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം)​ പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. വ്യാവസായിക പദവി (ഇൻഡസ്‌ട്രി സ്‌റ്റാറ്റസ്)​ ലഭിച്ചാൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും. ഉദാഹരണത്തിന്,​ കൊവിഡാനന്തരം വലിയ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ മിക്ക ബാങ്കുകളും അനൗദ്യോഗികമായി 'കരിമ്പട്ടികയിൽ" പെടുത്തിയിരിക്കുകയാണ്. ടൂറിസം പദ്ധതികൾക്കോ ടൂറിസം സംരംഭകർക്കോ വായ്‌പ നൽകാൻ അവർ തയ്യാറാകുന്നില്ല. വ്യാവസായികപദവി ലഭിച്ചാൽ ഈ പ്രതിസന്ധി ഒഴിവാകുമെന്ന് മാത്രമല്ല,​ ആകർഷക പലിശനിരക്കിൽ വായ്‌പയും ലഭ്യമാകും. ടൂറിസം പദ്ധതികൾക്കുള്ള വൈദ്യുതിനിരക്കിലും ഇളവുകൾ ലഭിക്കും.

വേണം,​ താങ്ങാവുന്ന

പലിശയ്ക്ക് വായ്‌പ

ടൂറിസം പദ്ധതികൾക്ക് താങ്ങാവുന്ന പലിശനിരക്കിൽ വായ്‌പ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന് ഇടപെടാനാകും. ഇത് ഈ രംഗത്തേക്ക് വരുന്ന പുതിയ സംരംഭകർക്കും നിലവിലെ പദ്ധതികൾക്കും നേട്ടമാകും. പുതിയ ടൂറിസം പദ്ധതികൾക്ക്,​ ഉദാഹരണത്തിന് പുതിയ റിസോർട്ടുകൾക്ക് നിശ്ചിതകാലത്തേക്ക് നികുതി ഒഴിവാക്കുകയോ നികുതിയിളവ് സ്ഥായിയായി അനുവദിക്കുകയോ വേണം.

ടൂറിസം മാർക്കറ്റിംഗിനും പ്രോത്സാഹനം അനിവാര്യമാണ്. വിദേശത്തെ എക്‌സിബിഷനുകളിലും മറ്റും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർക്ക് മുൻപ് സബ്സിഡിയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഇത് പുനഃസ്ഥാപിച്ചാൽ ടൂറിസം മാർക്കറ്റിംഗിന് നേട്ടമാകുമെന്ന് ബേബി മാത്യു പറഞ്ഞു.

കുറയണം നികുതിഭാരം

7,​500 രൂപയ്ക്കുമേൽ പ്രതിദിന വാടകയുള്ള ഹോട്ടൽമുറികൾക്ക് 18 ശതമാനമാണ് നികുതി (ജി.എസ്.ടി)​. പ്രതിദിന വാടക ആയിരം രൂപയ്ക്ക് താഴെയാണെങ്കിലും കൊടുക്കണം 12 ശതമാനം നികുതി. ഇത് താങ്ങാവുന്നതിലും അധികമാണെന്നും എല്ലാ ഹോട്ടൽമുറികൾക്കും ജി.എസ്.ടി 10 ശതമാനത്തിന് താഴെയാക്കണമെന്നും ടൂറിസം മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു. ജി.എസ്.ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തി നികുതിഭാരം കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണം.

 കൊവിഡിന് മുമ്പ് ഹോട്ടൽമുറികളുടെ ബുക്കിംഗ് 65 ശതമാനത്തിന് മേലെയായിരുന്നു.

 കൊവിഡിൽ ഇത് 8-9 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

 കൊവിഡും തുടർപ്രതിസന്ധികളും ഇന്ത്യൻ ടൂറിസത്തെ 30 വർഷത്തോളം പിന്നോട്ട് വലിച്ചു. ഈ പ്രതിസന്ധികൾ മറികടക്കാൻ നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണ ആവശ്യമാണെന്നും ടൂറിസം രംഗത്തുള്ളവർ പറയുന്നു.

ടൂർ ഓപ്പറേറ്റർമാർക്കും

പറയാനുണ്ട്...

സംയോജിത ജി.എസ്.ടി (ഐ.ജി.എസ്.ടി)​,​ സ്രോതസിൽ നിന്നുള്ള നികുതി (ടി.സി.എസ്)​ എന്നിങ്ങനെ ഇരട്ടനികുതിയിൽ വലയുകയാണ് രാജ്യത്തെ ടൂർ ഓപ്പറേറ്റർമാർ. നികുതിഭാരം സ്വാഭാവികമായും വിനോദസഞ്ചാരികളും വഹിക്കേണ്ടിവരുമെന്നതിനാൽ ഇത് ടൂറിസം മേഖലയെ തളർത്തുന്നു. ഇരട്ടനികുതിഭാരം ഒഴിവാക്കാൻ സ‍ഞ്ചാരികൾ വിദേശത്തെ ടൂർ ഓപ്പറേറ്റർമാരെ ആശ്രയിക്കുന്നതും തിരിച്ചടിയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്സ് (ഐ.എ.ടി.ഒ)​ സീനിയർ വൈസ് പ്രസിഡന്റ് ഇ.എം.നജീബ് പറഞ്ഞു.

ഐ.ടി സേവന കയറ്റുമതി പോലെ,​ ഒരു രാജ്യം ഒരു നികുതി എന്നനിലയിൽ ടൂർ ഓപ്പറേറ്റർമാരെയും പരിഗണിക്കണം. നിലവിൽ മൊത്തം ബില്ലിംഗിൽ 18-23 ശതമാനം ജി.എസ്.ടിയാണ് ടൂർ ഓപ്പറേറ്റർമാർ അടയ്ക്കേണ്ടിവരുന്നത്. അയൽരാജ്യങ്ങളിൽ ഇത് പരമാവധി എട്ട് ശതമാനമാണെന്ന് ഓർക്കണം. രാജ്യത്തേക്ക് വിദേശനാണ്യ വരുമാനം വൻതോതിൽ ലഭ്യമാക്കുന്ന ടൂർ ഓപ്പറേറ്റർമാർക്കു മേലുള്ള നികുതിഭാരം കുറയ്ക്കാനുള്ള നടപടികൾ ബഡ്‌ജറ്റിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNION BUDGET, TOURSIM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.